അഗ്രോ സ്റ്റാര്‍ട്ടപ്പുകള്‍ക്കും, ഉല്‍പാദക സംഘങ്ങള്‍ക്കും മികച്ച പിന്തുണയുമായി കേന്ദ്രം

ഡെല്‍ഹി : ഇന്ത്യയുടെ നിക്ഷേപ സൗഹൃദ നയങ്ങളും കാര്‍ഷിക-അനുബന്ധ മേഖലകളിലെ വളര്‍ച്ചാ സാധ്യതകളും ദുബായ് എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ മേഖലയ്ക്ക് പുതിയ അവസരങ്ങളും ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്തെ അഗ്രോ സ്റ്റാര്‍ട്ടപ്പുകള്‍ക്കും കര്‍ഷക ഉല്‍പാദക സംഘടനകള്‍ക്കും (എഫ്പിഒ) തങ്ങളുടെ നിർദ്ദേശങ്ങൾ (proposals) സമര്‍പ്പിക്കാം. ദുബായ് എക്‌സ്‌പോയിലെ പവിലിയണില്‍ സംഘടിപ്പിച്ച 'ഭക്ഷണം, കൃഷി, ഉപജീവന' വാരാചരണം ഉദ്ഘാടനം ചെയ്യവേ കേന്ദ്ര കൃഷി മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി അഭിലാഷ് ലിഖിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും കൃഷി ഉല്‍പാദക സംഘടനകളില്‍ […]

Update: 2022-02-19 01:10 GMT

ഡെല്‍ഹി : ഇന്ത്യയുടെ നിക്ഷേപ സൗഹൃദ നയങ്ങളും കാര്‍ഷിക-അനുബന്ധ മേഖലകളിലെ വളര്‍ച്ചാ സാധ്യതകളും ദുബായ് എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ മേഖലയ്ക്ക് പുതിയ അവസരങ്ങളും ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്തെ അഗ്രോ സ്റ്റാര്‍ട്ടപ്പുകള്‍ക്കും കര്‍ഷക ഉല്‍പാദക സംഘടനകള്‍ക്കും (എഫ്പിഒ) തങ്ങളുടെ നിർദ്ദേശങ്ങൾ (proposals) സമര്‍പ്പിക്കാം. ദുബായ് എക്‌സ്‌പോയിലെ പവിലിയണില്‍ സംഘടിപ്പിച്ച 'ഭക്ഷണം, കൃഷി, ഉപജീവന' വാരാചരണം ഉദ്ഘാടനം ചെയ്യവേ കേന്ദ്ര കൃഷി മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി അഭിലാഷ് ലിഖിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും കൃഷി ഉല്‍പാദക സംഘടനകളില്‍ നിന്നുമുള്ള നിർദ്ദേശങ്ങൾ വഴി ഇക്വിറ്റി ഗ്രാ​ന്റുകൾ, മാനേജ്‌മെന്റ് ചെലവുകള്‍, മറ്റു സഹായങ്ങൾ എന്നിവ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് രണ്ട് വരെ നടക്കുന്ന പരിപാടിയില്‍ ചെറു ധാന്യങ്ങളുടെ കൃഷി, ഭക്ഷ്യ സംസ്‌കരണം, ഹോര്‍ട്ടികള്‍ച്ചര്‍, ഡയറി, ഫിഷറീസ്, ജൈവ കൃഷി എന്നീ മേഖലകളുടെ വളര്‍ച്ച ഉറപ്പാക്കുന്നതിനും, വിപുലമായ നിക്ഷേപങ്ങള്‍ എത്തിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ചെറു ധാന്യങ്ങളുടെ ഉല്‍പാദനം ഏറെ പ്രധാനപ്പെട്ടതാണെന്നും, ഇവയുമായി ബന്ധപ്പെട്ട പോഷകവശങ്ങൾ ആഴത്തില്‍ അറിയാന്‍ ദുബായ് എക്‌സ്‌പോ പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ സഹായിക്കുമെന്നും ഉദ്ഘാടന ചടങ്ങിനിടെയുള്ള പ്രസംഗത്തില്‍ കേന്ദ്ര കൃഷി മന്ത്രാലയ ജോയിന്റ് സെക്രട്ടറി ശുഭ താക്കൂര്‍ പറഞ്ഞു. ആഗോള മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന 9 തരം ചെറുധാന്യങ്ങള്‍ ഏറ്റവുമധികം ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മാത്രമല്ല ആഗോളതലത്തില്‍ ചെറു ധാന്യങ്ങള്‍ കയറ്റുമതി ചെയ്യുന്നതില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.

2023 ചെറുധാന്യങ്ങളുടെ അന്താരാഷ്ട്ര വര്‍ഷമായി ആചരിക്കുമെന്ന് യുഎന്‍ പൊതു സമ്മേളനത്തില്‍ തീരുമാനമായിരുന്നു. ഇന്ത്യ ഉള്‍പ്പടെ 70 രാജ്യങ്ങളുടെ പിന്തുണയോടെയായിരുന്നു തീരുമാനം. ചെറുധാന്യങ്ങള്‍ ഉപയോഗിച്ച് തയാറാക്കാവുന്ന പ്രോഷകപ്രദമായ പാചകക്കുറിപ്പുകള്‍ അടങ്ങിയ പുസ്തകത്തിന്റെ പ്രകാശനവും ദുബായ് എക്‌സ്‌പോയില്‍ നടന്നു. ഇന്ത്യന്‍ പവിലിയനില്‍ നടക്കുന്ന ചെറുധാന്യ ഭക്ഷ്യ മേളയില്‍ വൈവിധ്യങ്ങളായ പലഹാരങ്ങള്‍ ആസ്വദിക്കാനും സന്ദര്‍ശകര്‍ക്ക് സാധിക്കും. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി നില്‍ക്കുന്ന കൃഷിയും, അനുബന്ധ മേഖലയുമാണ് മൊത്തം കയറ്റുമതിയുടെ 19 ശതമാനവും വഹിക്കുന്നത്. 2021-22 കാർഷിക വര്‍ഷത്തില്‍ (crop year) ഏകദേശം 316.06 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കും എന്നാണ് കണക്ക് കൂട്ടല്‍.

Tags:    

Similar News