2023 ജൂലൈ 3 ലോകത്തിലെ എക്കാലത്തെയും ചൂടേറിയ ദിനം
- ഈ റെക്കോഡ് ഉടന്‍ തിരുത്തപ്പെടാമെന്ന് കാലാവസ്ഥാ വിദഗ്ധര്‍
- മനുഷ്യ സമൂഹത്തിനും ആവാസ വ്യവസ്ഥകള്‍ക്കുമുള്ള മുന്നറിയിപ്പ്
- ആഗോള താപനില സമീപഭാവിയില്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം
;
യുഎസ് നാഷണൽ സെന്റർ ഫോർ എൻവയോൺമെന്റൽ പ്രെഡിക്ഷനിൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, ആഗോളതലത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചൂടേറിയ ദിവസമെന്ന റെക്കോഡ് ഇക്കഴിഞ്ഞ ജൂലൈ 3ന്. ജൂലൈ 3ലെ ശരാശരി ആഗോള താപനില 17C അഥവാ 63F ആണ്, 2016 ഓഗസ്റ്റിൽ രേഖപ്പെടുത്തിയ 16.9C എന്ന താപനിലയായിരുന്നു ഇതുവരെയുള്ള റെക്കോഡ്. 2023 ജൂലൈ 3 -ന്‍റെ റെക്കോഡ് പക്ഷേ അധിക കാലം നിലനില്‍ക്കാനിടയില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. എല്‍ നിനോ പ്രതിഭാസത്തിന്‍റെ ആവിര്‍ഭാവം മൂലം ചൂട് വര്‍ധിക്കുന്നത് തുടരുമെന്നാണ് വിലയിരുത്തല്‍.
"ഇത് നമ്മൾ ആഘോഷിക്കേണ്ട ഒരു നാഴികക്കല്ലല്ല, ഇത് മനുഷ്യ സമൂഹത്തിനും ആവാസ വ്യവസ്ഥകള്‍ക്കും എതിരായ മരണമണിയാണ്" ഗ്രാന്തം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് ആന്റ് എൻവയോൺമെന്റിലെ സീനിയർ ലക്ചറർ ഫ്രെഡറിക് ഓട്ടോ പുതിയ റെക്കോർഡിനെ കുറിച്ച് അഭിപ്രായപ്പെട്ടു. താപനിലയുമായി ബന്ധപ്പെട്ട റെക്കോഡുകള്‍ അടുത്ത അഞ്ചു വര്‍ഷക്കാലയളവില്‍ പലകുറി തിരുത്തപ്പെടാനുള്ള സാധ്യതയാണ് ഇന്നലെ പുറത്തിറങ്ങിയ, വേള്‍ഡ് മെറ്റെറോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ( ഡബ്ല്യുഎംഒ) റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഡബ്ല്യുഎംഒ പറയുന്നതനുസരിച്ച്, ഏഴ് വർഷത്തിനിടെ ആദ്യമായി ഉഷ്ണമേഖലാ പസഫിക്കിൽ എൽ നിനോ പ്രതിഭാസം ഉടലെടുത്തിരിക്കുകയാണ്. ഇത് ആഗോള തലത്തില്‍ വിവിധ മേഖലകളിലെ അതി തീവ്ര കാലാവസ്ഥകള്‍ക്ക് കാരണമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എല്‍ നിനോ പ്രതിഭാസം തിരിച്ചെത്തിയതായി യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ കാലാവസ്ഥാ പ്രവചന കേന്ദ്രം നിരീക്ഷിച്ചിരുന്നു. ഇതിന് സ്ഥിരീകരണം നല്‍കിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് ലോക കാലാവസ്ഥാ സംഘടന പുറത്തിവിട്ടിട്ടുള്ളത്. ഏറ്റവും ചൂടേറിയ വര്‍ഷമെന്ന 2016-ന്‍റെ റെക്കോഡ് അധികം വൈകാതെ തിരുത്തപ്പെടുമെന്നാണ് ഡബ്ല്യുഎംഒ പ്രവചിക്കുന്നത്. എൽ നിനോയും ആഗോളതാപനവും കാരണം അടുത്ത അഞ്ച് വർഷങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടും എന്നാണ് വിലയിരുത്തല്‍.
ഈ അഞ്ചു വര്‍ഷങ്ങള്‍ മൊത്തമായോ അല്ലെങ്കില്‍ അവയില്‍ ഏതെങ്കിലും ഒരു വര്‍ഷമോ ഏറ്റവും ചൂടുള്ളതായി രേഖപ്പെടുത്തുമെന്ന് സംഘടന ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഈ വര്‍ഷമാണോ അടുത്ത വര്‍ഷമാണോ റെക്കോഡിടുക എന്നത് ഇപ്പോള്‍ പ്രവചിക്കുക പ്രയാസകരമാണെന്ന് ഡബ്ല്യുഎംഒയിലെ റീജിയണൽ ക്ലൈമറ്റ് പ്രെഡിക്ഷൻ സർവീസ് മേധാവി വിൽഫ്രാൻ മൗഫൗമ ഒകിയ ചൊവ്വാഴ്ച ജനീവയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇന്ത്യയിൽ മൺസൂൺ ആരംഭിക്കുന്നതിന് മുമ്പ്, താപനിലയിൽ ഗണ്യമായ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉഷ്ണതരംഗങ്ങൾ നിരവധി മരണങ്ങൾക്ക് കാരണമായി. അതുപോലെ, ചൈനയും കടുത്ത ചൂടുമായി പോരാട്ടം നടത്തുകയാണ്. അടുത്തിടെ അവിടത്തെ താപനിലയും പുതിയ റെക്കോർഡുകൾ തീര്‍ത്തിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പരിശോധിക്കുന്ന ഒരു അന്തര്‍ദേശീയ സമിതി മാർച്ചിൽ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം സമീപഭാവിയിൽ ആഗോള താപനിലയില്‍ 1.5 ഡിഗ്രി സെൽഷ്യസിന്‍റെ ഉയര്‍ച്ച വരെയാണ് പ്രതീക്ഷിക്കുന്നത്. ഇതു മുന്‍നിര്‍ത്തി ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ കാര്യമായി വെട്ടിക്കുറയ്ക്കണമെന്നാണ് സമിതി ആവശ്യപ്പെടുന്നത്. 2035ഓടെ എമിഷന്‍ 2019ലെ നിലവാരത്തെ അപേക്ഷിച്ച് 60% ആയി കുറയ്ക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഘട്ടംഘട്ടമായി നിർത്തണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് നേരത്തെ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ഭൂഗോളത്തിന്‍റെ എല്ലാ മേഖലകളിലും സമഗ്രമായി ഒരേ സമയത്ത് കാലാവസ്ഥാ വ്യതിയാനത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം എന്ന കാഴ്ചപ്പാടാണ് അദ്ദേഹം മുന്നോട്ടുവെച്ചിട്ടുള്ളത്. എന്നാല്‍ എമിഷന്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിലേക്ക് കൂടുതല്‍ സമയം വേണമെന്ന കാഴ്ചപ്പാടാണ് ഇന്ത്യ ഉള്‍പ്പടെയുള്ള വികസ്വര രാഷ്ട്രങ്ങള്‍ മുന്നോട്ടുവെക്കുന്നത്.