മികച്ച വരുമാനം, സൗകര്യപ്രദമായ തൊഴില്‍; രണ്ടാംനിര നഗരങ്ങളിലെ സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തം വര്‍ധിക്കുന്നു
- ഡെലിവറി, ലാബ് ടെക്‌നീഷ്യന്‍മാര്‍, ഫാക്ടറി തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയ തൊഴില്‍ പ്രാധാന്യമുള്ള മേഖലകളിലെ ജോലി അപേക്ഷകളില്‍ സ്ത്രീ പങ്കാളിത്തത്തില്‍ 34 ശതമാനം വര്‍ധനയുണ്ടായി.
ഡെല്‍ഹി: രാജ്യത്തെ രണ്ടാം നിര നഗരങ്ങളില്‍ സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. സ്ത്രീകള്‍ അവരുടെ സൗകര്യത്തിനും, മികച്ച വരുമാനത്തിനും പ്രാധാന്യം നല്‍കി പരമ്പരാഗത ജോലികള്‍ക്കു പുറമേയുള്ള തൊഴിലിലേക്കും തിരിയുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തൊഴില്‍, പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ്ഫോമായ അപ്നയുടേതാണ് റിപ്പോര്‍ട്ട്.
പ്ലാറ്റ്ഫോമിലെ പുതിയ സ്ത്രീ ഉപഭോക്താക്കളുടെ എണ്ണം 80 ശതമാനത്തോളവും വര്‍ധിച്ചു. പേടിഎം, സൊമാറ്റോ, റാപിഡോ, സ്വിഗ്ഗി തുടങ്ങിയ കമ്പനികള്‍ അവരുടെ തൊഴിലിടം വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി പരമാവധി സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്.
2022ല്‍ സ്ത്രീകള്‍ ജോലി അന്വേഷിക്കുന്നത് ആവശ്യത്തിന് വേണ്ടി മാത്രമല്ല, സാമ്പത്തികമായി സ്വതന്ത്രരാകാനും, വര്‍ധിച്ചുവരുന്ന തൊഴില്‍ വിപണിയിലെ മത്സരത്തിനിടയില്‍ സ്വന്തം വ്യക്തിത്വം സൃഷ്ടിക്കാനും വേണ്ടിയാണെന്നാണ് അപ്നയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷം 60 ശതമാനം കൂടുതല്‍ സ്ത്രീകള്‍ രാത്രികാല (നൈറ്റ് ഷിഫ്റ്റ്) ജോലികള്‍ക്കായാണ് അപേക്ഷിച്ചത്, അപ്നയുടെ ചീഫ് ബിസിനസ് ഓഫീസര്‍ മാനസ് സിംഗ് വ്യക്തമാക്കുന്നു. ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ ഒന്നാം നിര നഗരങ്ങള്‍ക്ക് പുറമെ, ഇന്‍ഡോര്‍ പോലുള്ള രണ്ടാം നിര നഗരങ്ങളിലെ തൊഴില്‍ നിയമനങ്ങളില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 28 ശതമാനം മുന്നേറ്റമുണ്ടായപ്പോള്‍ ചണ്ഡീഗഡിലും ലഖ്‌നൗവിലും 15 ശതമാനം വര്‍ധനയുണ്ടായി.
ഡെലിവറി, ലാബ് ടെക്‌നീഷ്യന്‍മാര്‍, ഫാക്ടറി തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയ തൊഴില്‍ പ്രാധാന്യമുള്ള മേഖലകളിലെ ജോലി അപേക്ഷകളില്‍ സ്ത്രീ പങ്കാളിത്തത്തില്‍ 34 ശതമാനം വര്‍ധനയുണ്ടായി. പാര്‍ട്ട് ടൈം ജോലികള്‍ക്കായുള്ള സ്ത്രീകളില്‍ നിന്നുള്ള അപേക്ഷകളില്‍ 67 ശതമാനം വളര്‍ച്ചയാണുണ്ടായത്. രാത്രി ഷിഫ്റ്റിലെ ജോലിക്ക് അപേക്ഷിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്, ഇത് 60 ശതമാനത്തോളം വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.