ജോലി പോയോ? ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാല്‍ ടെന്‍ഷന്‍ വേണ്ട

ജോലി പോയാല്‍ അടുത്തത് കിട്ടുംവരെ മുമ്പോട്ട് പോകാന്‍ വേണ്ട പണം ഉറപ്പുവരുത്തണം. അതിന് സാധാരണ ചെലവഴിക്കുന്ന രീതിയില്‍ തന്നെ പണം കൈകാര്യം ചെയ്യരുത്. ആവശ്യങ്ങളും അത്യാവശ്യങ്ങളും വേര്‍തിരിച്ചു മനസിലാക്കാനുള്ള വകതിരിവ് വേണം. അതിന് അനുസരിച്ച് മാത്രമേ ഒരു രൂപാ പോലും ചെലവിടാന്‍ പാടുള്ളൂ.

Update: 2023-03-12 10:04 GMT

ജീവിതം നല്ല രീതിയില്‍ മുമ്പോട്ട് പോകാന്‍ സ്ഥിരവരുമാനം നിര്‍ബന്ധമാണ്. മാസം കിട്ടുന്ന ശമ്പളമാണ് പലരുടെയും ജീവിതത്തിന്റെ അടിസ്ഥാനം. കുട്ടികളുടെ ഫീസുകള്‍ ദൈനംദിന ചെലവുകള്‍ തുടങ്ങി എല്ലാവിധ കാര്യങ്ങളും ശമ്പളത്തിനെ ആശ്രയിച്ചാണ് നടന്നുപോകുന്നത്. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ ജോലി പോയാല്‍ എന്തായിരിക്കും സ്ഥിതി.? മറ്റൊരു ജോലി ശരിയാകുംവരെ കാര്യങ്ങളൊക്കെ കൈവിട്ടുപോകാതെ കൊണ്ടുപോകാന്‍ സാധിക്കണം.അതിന് ആത്മവിശ്വാസവും ഒപ്പം തന്നെ സാമ്പത്തികാവസ്ഥ നിയന്ത്രണവിധേയമായി കൈകാര്യം ചെയ്യാനും കഴിയണം. ഇത്തരം സന്ദര്‍ഭങ്ങളിലാണ് കൃത്യമായി സാമ്പത്തിക അച്ചടക്കവും ആസൂത്രണം വേണ്ടത്. ജോലി നഷ്ടമാകുന്ന സാഹചര്യം വന്നാല്‍ മാനസികമായി തളരാതെ മുമ്പോട്ട് പോകുക. അതിനായി ഇവിടെ പറയുന്ന ചില പോയിന്റുകളൊന്ന് ശ്രദ്ധിച്ചോളൂ.

ചെലവഴിക്കലിന് മൂക്കുകയറിടുക

ജോലി പോയാല്‍ അടുത്തത് കിട്ടുംവരെ മുമ്പോട്ട് പോകാന്‍ വേണ്ട പണം ഉറപ്പുവരുത്തണം. അതിന് സാധാരണ ചെലവഴിക്കുന്ന രീതിയില്‍ തന്നെ പണം കൈകാര്യം ചെയ്യരുത്. ആവശ്യങ്ങളും അത്യാവശ്യങ്ങളും വേര്‍തിരിച്ചു മനസിലാക്കാനുള്ള വകതിരിവ് വേണം. അതിന് അനുസരിച്ച് മാത്രമേ ഒരു രൂപാ പോലും ചെലവിടാന്‍ പാടുള്ളൂ. ആവശ്യമുള്ള കാര്യങ്ങളുടെ മുന്‍ഗണന നേരത്തെ കൂട്ടി തന്നെ തീരുമാനിക്കുക. അത്തരം കാര്യങ്ങള്‍ക്കല്ലാതെ പണം ചെലവിടരുത്. സൂക്ഷിച്ച് മാത്രം പൈസ കൈകാര്യം ചെയ്യുക. അത് ജോലി കിട്ടുംവരെ മാനസിക സമ്മര്‍ദ്ദമില്ലാതെ നിത്യജീവിതം മുമ്പോട്ട് കൊണ്ടുപോകാനുള്ള ധൈര്യം തരും. ഇത്തരം സാഹചര്യങ്ങളില്‍ വിനോദത്തിനും ആഘോഷത്തിനും പണം ചെലവിടുന്നത് വെട്ടിക്കുറയ്ക്കുക. വൈദ്യുതി ബില്‍,വാടക,മെഡിക്കല്‍ എമര്‍ജന്‍സികള്‍ തുടങ്ങിയവക്ക് മാത്രം പ്രാധാന്യം നല്‍കുക. ഓടിടി സബ്‌സ്‌ക്രിപ്ഷനുകള്‍,ക്ലബുകളിലെ അംഗത്വം,റസ്റ്റോറന്റ് ചെലവുകള്‍,വിനോദ യാത്രകള്‍ തുടങ്ങിയവയൊക്കെ ഒഴിവാക്കിയാല്‍ തന്നെ വരും ദിവസങ്ങളില്‍ ദൈനംദിന ചെലവുകള്‍ക്കുള്ള പണം മിച്ചം പിടിക്കാം.

ബജറ്റ് പുന:ക്രമീകരിക്കുക

ജോലിയുള്ളപ്പോള്‍ മാസശമ്പളത്തെ അടിസ്ഥാനമാക്കിയാണ് ബജറ്റ് ഉണ്ടാക്കിയിട്ടുണ്ടാകുക. എന്നാല്‍ ജോലി നഷ്ടമായാല്‍ ഒരു പത്ത് മാസം വരെയെങ്കിലും പിടിച്ചുനില്‍ക്കാന്‍ കഴിയണം. അതുകൊണ്ട് തന്നെ ഇത്രയും കാലയളവിലേക്ക് വേണ്ട അത്യാവശ്യ ചെലവുകള്‍ നിറവേറ്റാന്‍ കഴിയുംവിധം നേരത്തെ ഉണ്ടാക്കിയിരുന്ന ബജറ്റ് വീണ്ടും ക്രമീകരിക്കണം. എമര്‍ജന്‍സി ഫണ്ട് ഉപയോഗിച്ച് കടം തിരിച്ചടവ്,ഇന്‍ഷൂറന്‍സ് പേയ്‌മെന്റു കള്‍ തുടങ്ങിയവ മുടങ്ങാതിരിക്കാന്‍ നോക്കാം. അതുപോലെ കാലതാമസം പ്രശ്‌നമല്ലാത്ത പേയ്്‌മെന്റുകള്‍ ഇപ്പോള്‍ അടക്കുന്നത് ഒഴിവാക്കുക. ഉദാഹരണത്തിന് ജോലി ലഭിക്കുംവരെ എസ്‌ഐപി നിക്ഷേപങ്ങളുണ്ടെങ്കില്‍ അത് താത്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കാം. അതുപോലെ ബാങ്ക് ആര്‍ഡികള്‍ നിര്‍ത്തിവെക്കാം.ഈ തുക നിത്യചെലവിലേക്ക് വകമാറ്റാം.

നിലവിലുള്ള സാമ്പത്തികാവസ്ഥ മുമ്പില്‍ കണ്ടുകൊണ്ട് നേരത്തെ തയ്യാറാക്കിയ ബജറ്റ് പുന:ക്രമീകരിക്കുകയാണ് വേണ്ടത്. അതിലെ മുന്‍ഗണനാ ക്രമങ്ങള്‍ മാറ്റുകയും അധിക ചെലവായി തോന്നുന്നതൊക്കെ വെട്ടിക്കളയുകയും ചെയ്യുക. പുതിയ ജോലി കിട്ടുംവരെ കടക്കെണിയിലേക്ക് വീഴാതിരിക്കാന്‍ ഇത്തരം ആസൂത്രണങ്ങള്‍ സഹായിക്കും.

താത്കാലിക വരുമാനം

ജോലി പോയാല്‍ അത് അതോര്‍ത്ത് വിഷമിച്ചിരിക്കുകയല്ല വേണ്ടത്. പകരമൊന്ന് തേടിപ്പിടിക്കാനും അതുവരെ നിലനിന്ന് പോകാനുമുള്ള മാനസിക ധൈര്യം ഉണ്ടാക്കണം. ഇക്കാലയളവില്‍ കിട്ടുന്ന എത്ര ചെറിയ തുക പോലും വലിയ പിന്തുണയായിരിക്കും നിങ്ങള്‍ക്ക് നല്‍കുക. അതുകൊണ്ട് തന്നെ ജോലിയ്ക്കായി അന്വേഷണം നടത്തുമ്പോള്‍ പോലും താത്കാലികമായി പാര്‍ട്ട്‌ടൈം ജോലിയോ ഫ്രീലാന്‍സിങ്ങോ ആദ്യം ഉറപ്പാക്കുക. കരിയര്‍ ഗ്യാപ് ഇല്ലാതിരിക്കാനും ചെറിയ വരുമാനം നേടാനും ഇത് പ്രാപ്തമാക്കും.

ജോലിയില്‍ നിന്ന് പിരിച്ചുവിട്ടാല്‍ എല്ലാ ശമ്പളകുടിശികകളും പിരിച്ചുവിടുമ്പോള്‍ തരേണ്ട  പാക്കേജും കമ്പനി തന്നിട്ടുണ്ടെന്ന് ഉറപ്പാക്കുക. നിങ്ങളെ പിരിച്ചുവിടുന്നതിന് ഒരു മാസം മുമ്പ് തന്നെ നോട്ടീസ് കിട്ടിയിട്ടുണ്ടാകും. ആ കാലയളവില്‍ ലഭിക്കുന്ന ശമ്പളതുക വിവേകത്തോടെ ഉപയോഗിക്കുക. എന്നാല്‍ പിഎഫിലുള്ള പണം പിന്‍വലിക്കാത്തതാണ് ഉചിതം. അത് ദീര്‍ഘകാലത്തേക്കുള്ള ഒരു നിക്ഷേപമാണ്.

Tags:    

Similar News