വിപണി ചാഞ്ചാടുമ്പോൾ 'വാല്യൂ ഇൻവെസ്റ്റിംഗ്' നടത്തുക: ജയ്ദീപ് ഭട്ടാചാര്യ
വളരെ ചാഞ്ചാട്ടമുള്ള വിപണിയിൽ ഇടപെടുക എന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. പ്രക്ഷുബ്‌ധമായ വിപണി വലിയ ആശങ്കയാണ് നിക്ഷേപകരിൽ സൃഷ്ടിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ, മുന്നോട്ടു പോകുന്നതിനു സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് പയനീയർ വെൽത്ത് ആൻഡ് അസറ്റ് മാനേജ്‌മെന്റ് സർവീസസിന്റെ സിഇഒ ജയ്ദീപ് ഭട്ടാചാര്യ മൈഫിൻഗ്ലോബൽ ഫിനാൻസ് മീഡിയയോട് സംസാരിക്കുന്നു വിപണിയിൽ ഇപ്പോൾ നിലനിൽക്കുന്ന ചാഞ്ചാട്ടങ്ങളും വിലയിടിവും നിക്ഷേപകരുടെ മനസ്സിൽ ഏറെ ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട്. ഏതു തരം നിക്ഷേപ തന്ത്രമാണ് ഈയവസരത്തിൽ സ്വീകരിക്കേണ്ടത്? വിപണിയുടെ കയറ്റിറക്കങ്ങൾ മനസിലാക്കുക എന്നത് നിക്ഷേപകരെ സംബന്ധിച്ച് […]
വളരെ ചാഞ്ചാട്ടമുള്ള വിപണിയിൽ ഇടപെടുക എന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. പ്രക്ഷുബ്‌ധമായ വിപണി വലിയ ആശങ്കയാണ് നിക്ഷേപകരിൽ സൃഷ്ടിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ, മുന്നോട്ടു പോകുന്നതിനു സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് പയനീയർ വെൽത്ത് ആൻഡ് അസറ്റ് മാനേജ്‌മെന്റ് സർവീസസിന്റെ സിഇഒ ജയ്ദീപ് ഭട്ടാചാര്യ മൈഫിൻഗ്ലോബൽ ഫിനാൻസ് മീഡിയയോട് സംസാരിക്കുന്നു
വിപണിയിൽ ഇപ്പോൾ നിലനിൽക്കുന്ന ചാഞ്ചാട്ടങ്ങളും വിലയിടിവും നിക്ഷേപകരുടെ മനസ്സിൽ ഏറെ ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട്. ഏതു തരം നിക്ഷേപ തന്ത്രമാണ് ഈയവസരത്തിൽ സ്വീകരിക്കേണ്ടത്?
വിപണിയുടെ കയറ്റിറക്കങ്ങൾ മനസിലാക്കുക എന്നത് നിക്ഷേപകരെ സംബന്ധിച്ച് പ്രധാനമാണ്. എന്നാൽ അതുകൊണ്ടു മാത്രം എല്ലാമാകുന്നില്ല. ഒരു പ്രഗത്ഭനായ നിക്ഷേപകനെ സംബന്ധിച്ച്, സാഹചര്യങ്ങൾ മനസിലാക്കുകയും, എവിടെ നിലയുറപ്പിക്കണമെന്നു തീരുമാനിക്കുകയും ചെയ്യുക എന്നത് ഏറെ നിർണായകമാണ്. വിപണിയുടെ ഉയർച്ച താഴ്ച്ചകൾ കൃത്യമായി മനസ്സിലാക്കുകയും അതിനനുസരിച്ചു നിക്ഷേപിക്കുകയും ചെയ്താൽ നമുക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാനാകും. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ചു നമ്മൾ എങ്ങനെയാണോ മാറുന്നത് അതേ രീതിയിൽ വിപണിയുടെ ഉയർച്ച താഴ്ച്ചകളോടും പ്രതികരിക്കണം. ഏതു കൊടുങ്കാറ്റിലും ഉലയാത്ത പോർട്ട്ഫോളിയോ വേണം നിർമ്മിച്ചെടുക്കാൻ.
എങ്കിലും, നിങ്ങൾ ഇക്കാര്യങ്ങളിൽ വിദഗ്ധരല്ലെങ്കിൽ, വിപണിയുടെ ചാഞ്ചാട്ട സമയത്ത് 'വാല്യൂ ഇൻവെസ്റ്റിംഗ്' നടത്താവുന്നതാണ്. അതായത്, കാലങ്ങളായി അടിത്തറയുള്ള ഓഹരികളിൽ നിക്ഷേപിക്കുക. ഓഹരിയുടെ വിലയേക്കാൾ, നിങ്ങൾ അതിനു നൽകുന്ന മൂല്യമാണ് പ്രധാനം. നമ്മുടെ മുൻപിലെത്തുന്ന അവസരങ്ങൾ കൃത്യ സമയത്ത് ഉപയോഗിക്കാനും അല്ലെങ്കിൽ ഒഴിവാക്കാനുമുള്ള വൈകാരികമായ അച്ചടക്കവും ഇതിൽ ഉൾപ്പെടുന്നു.
ഒരു വ്യക്തി മ്യൂച്ചൽ ഫണ്ട് നിക്ഷേപകനാണെങ്കിൽ, അദ്ദേഹം ദീർഘകാലത്തേക്കായി നിക്ഷേപിച്ചിരിക്കുകയാണെങ്കിൽ, വിപണിയുടെ ദൈനംദിന ചാഞ്ചാട്ടങ്ങളോ പ്രതിസന്ധികളോ പരിഗണിക്കേണ്ടതില്ല. പൊതുവെ പറഞ്ഞാൽ, നിക്ഷേപ തന്ത്രം ഫണ്ട് മാനേജർമാർ അല്ലെങ്കിൽ ഇൻവെസ്റ്റ്മെന്റ് വിദഗ്ധർ എന്നിവർക്ക് വിട്ടു കൊടുക്കുന്നതാണ് നല്ലത്. നിക്ഷേപകർ അവരുടെ ആശങ്കകളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പക്ഷം ഗുണത്തേക്കാളേറെ ദോഷം ചെയ്യും. നിക്ഷേപകർക്ക് അവരുടെ പോർട്ട്ഫോളിയോയുമായി ബന്ധപ്പെട്ട സംശയങ്ങൾ വിദഗ്ധരോട് ചോദിക്കാവുന്നതാണ്. സാഹചര്യങ്ങളുടെ മാറ്റം കൊണ്ട് നിക്ഷേപകരുടെ റിസ്ക് എടുക്കാനുള്ള ശേഷിയിൽ കുറവു വന്നിട്ടുണ്ടെങ്കിൽ മാത്രം ആസ്തികളിലുള്ള നിക്ഷേപ രീതി മാറ്റാവുന്നതാണ്.
മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കാൻ രണ്ടു മാർഗങ്ങളുണ്ട്. ഇക്വിറ്റി മ്യൂച്ചൽ ഫണ്ടിൽ ഒറ്റത്തവണയായി വലിയൊരു തുക നിക്ഷേപിക്കാം, അല്ലെങ്കിൽ തവണകളായി എല്ലാ മാസവും നിക്ഷേപിക്കാം. ഇപ്പോൾ ഒറ്റത്തവണ നിക്ഷേപിച്ചവർക്ക് ലാഭമെടുക്കാൻ പറ്റിയ സമയമാണോ?
'മാർക്കറ്റ് ടൈമിംഗ്' നിക്ഷേപകർക്ക് വിപണിയിലെ ചാഞ്ചാട്ടങ്ങളിൽ നിന്ന് സുരക്ഷിതത്വം നൽകുന്നുണ്ടെങ്കിലും ലാഭമുണ്ടക്കാനുള്ള ഒരവസരം ഇതിലൂടെ നഷ്ടപ്പെടുകയാണ്. വിപണിയിൽ ചാഞ്ചാട്ടം നിലനിൽക്കുമ്പോഴും മികച്ച ലാഭം നേടാൻ കഴിയും. ഈയവസരം നഷ്ടപ്പെടുത്തുന്നതിലൂടെ ലാഭം നേടാനുള്ള അവസരം കൂടിയാണ് നഷ്ടപ്പെടുത്തുന്നത്. ചാഞ്ചാട്ടം ഉപയോഗപ്പെടുത്താതിരുന്നാൽ അതിനൊരു വില നൽകേണ്ടി വരും. ഇതിനെ 'ഓപ്പർച്യുണിറ്റി കോസ്റ്റ്' എന്ന് വിളിക്കാം. ചില വസ്തുതകളിൽ നിന്ന് 'മാർക്കറ്റ് ടൈമിംങ്' സ്ട്രാറ്റജി നമുക്ക് രൂപീകരിക്കാം,
ഒന്ന്, ആസ്തി വിഭാഗങ്ങളെയും, സെക്യൂരിറ്റികളെയും, പണമൊഴുക്കിനെയും സ്ഥിരമായി നിരീക്ഷിക്കാൻ നിക്ഷേപകന് സമയവും, ഊർജവും, വൈദഗ്ധ്യവും ഉണ്ടായിരിക്കുക. രണ്ട്, ഉയർന്ന ക്രയവിക്രയ ചെലവുകൾ. മൂന്ന്, നികുതിയുടെ തോത്. നിങ്ങൾക്ക് വിപണിയുടെ സമയക്രമത്തെപ്പറ്റി ബോധ്യമില്ലെങ്കിൽ നിക്ഷേപം പിൻവലിക്കാതിരിക്കുക.
വിപണിയുടെ സ്ഥിതി മാത്രം കണ്ട് ഞാൻ ഒരു പ്രതികരണമോ നിർദ്ദേശമോ നൽകുകയില്ല. നിക്ഷേപകൻ സ്ഥിരമായ വരുമാനമാണ് പ്രതീക്ഷിക്കുന്നതെങ്കിൽ ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നതാണ് ഉചിതം. എസ്ഐപികളിലാണ് നിക്ഷേപിക്കുന്നതെങ്കിൽ അതിന്റെ കാലാവധി പൂർത്തിയാവുന്നതു വരെയോ, അല്ലെങ്കിൽ ലക്ഷ്യങ്ങൾ നേടുന്നതു വരെയോ നിക്ഷേപം തുടരുന്നതാണ് നല്ലത്.
മൾട്ടി ക്യാപ് ഫണ്ടുകൾ, സ്മാൾ ക്യാപ് ഫണ്ടുകൾ, മിഡ് ക്യാപ് ഫണ്ടുകൾ, ലാർജ് ക്യാപ് ഫണ്ടുകൾ എന്നിവയൊക്കെ ഓരോ കാലഘട്ടത്തിൽ മികച്ച വരുമാനം നൽകുന്നവയാണ്. എന്നാൽ, ഉയർന്ന വരുമാനം ലഭിക്കുന്നതിനും, 3 മുതൽ 5 വർഷം വരെയുള്ള ദീർഘകാല നിക്ഷേപത്തിനും എത്രത്തോളം ഫണ്ട് ഓരോ വിഭാഗത്തിലുമായി നിക്ഷേപിക്കണം?
രണ്ടോ മൂന്നോ ഫണ്ടുകളൊഴികെ, ഒരു ഫണ്ടിന്റെ പോർട്ടഫോളിയോയിൽ നിന്നും തികച്ചും വ്യത്യസ്തമായ മറ്റൊരു ഫണ്ട് കണ്ടെത്തുന്നത് അപൂർവമാണ്. അത് നിങ്ങളുടെ പോർട്ട്ഫോളിയോയിൽ ഉണ്ടാകണമെന്ന് നിങ്ങൾക്ക് ആഗ്രഹം തോന്നുന്ന തരത്തിലുള്ളതായിരിക്കണം. ഒരുപാട് ഫണ്ടുകൾ കൂട്ടിച്ചേർക്കുന്നതിലൂടെ ഉദ്ദേശിച്ച ലക്‌ഷ്യം സാധിക്കണമെന്നില്ല.
വരുമാനത്തിന്റെ കാര്യത്തിൽ, കഴിഞ്ഞ കുറച്ചു വർഷങ്ങളായി മറ്റുള്ള ആസ്തികളെക്കാൾ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. പലിശ നിരക്ക് ഉയരുന്ന സാഹചര്യത്തിൽ നിക്ഷേപകർ ഡെറ്റ് ഫണ്ടുകളിൽ കൂടുതൽ നിക്ഷേപിക്കേണ്ടതുണ്ടോ?
ആസ്തി വിഭാഗങ്ങളിൽ വൈവിധ്യവത്കരണം നടത്തുന്നത് തികച്ചും യുക്തി സഹമാണ്. ഒപ്പം, കടപ്പത്രങ്ങളിലെ നിക്ഷേപങ്ങൾ നിങ്ങളുടെ പോർട്ട്ഫോളിയോയ്ക്ക് സ്ഥിരത നൽകുന്നു. അത് നിങ്ങളുടെ ലക്ഷ്യങ്ങളിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നു. ഡെറ്റ് ഫണ്ടുകൾ വിവിധ കാലാവധികളിൽ നിക്ഷേപിക്കാൻ പറ്റുന്നവയായതിനാൽ, പലിശ നിരക്ക് കൂടുന്ന സാഹചര്യത്തിൽ നിക്ഷേപകർക്ക് ഹ്രസ്വ കാലത്തേക്കുള്ള ഫണ്ടുകളിലോ, ഫ്‌ളോട്ടിങ് റേറ്റ് ഫണ്ടുകളിലോ നിക്ഷേപിക്കാവുന്നതാണ്.
ഇപ്പോൾ നിക്ഷേപകർക്ക് നല്ല വരുമാനം പ്രതീക്ഷിക്കാവുന്ന മറ്റേതെങ്കിലും ആസ്തി വിഭാഗങ്ങളുണ്ടോ? ആഭ്യന്തരമായും, ആഗോള തലത്തിലും പ്രതികൂല സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ ഗോൾഡ് ഫണ്ടുകൾ മികച്ചവയാണോ?
ഗോൾഡിൽ നിക്ഷേപിക്കുന്നത് നല്ല കാര്യം തന്നെയാണ്. എങ്കിലും മൊത്തം നിക്ഷേപത്തിന്റെ 5 ശതമാനത്തോളം നിക്ഷേപിക്കുന്നതാണ് ഉചിതം. അത് കടപ്പത്രങ്ങൾക്കു പകരമാവുന്നുണ്ട്. ഒപ്പം, പണപ്പെരുപ്പത്തെ മറികടക്കുന്ന വളർച്ചയും ഇതിനു നല്കാൻ കഴിയും. ഗവൺമെൻറ് സെക്യൂരിറ്റികളുടെ സോവറിൻ ഗോൾഡ് ബോണ്ട് ഇത്തരത്തിൽ നല്ല ഓപ്ഷനാണ്. അല്ലെങ്കിൽ, ഗോൾഡ് ഇടിഎഫുകളിലും നിക്ഷേപിക്കവുന്നതാണ്.
25,000-30,000 രൂപ ശരാശരി ശമ്പളം വാങ്ങുന്ന ധാരാളം യുവജനങ്ങൾ സമൂഹത്തിലുണ്ട്. അത്തരത്തിലുള്ളവർക്ക് പറ്റിയ നിക്ഷേപ സാദ്ധ്യതകൾ എന്തെല്ലാമാണ്?
ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്‌കീം പോലെയുള്ള ഫണ്ടുകളിൽ നിക്ഷേപിക്കാൻ തുടങ്ങുന്നത് വളരെ നല്ലതാണ്. ഒരു നിശ്ചിത തുക എത്തിക്കഴിഞ്ഞാൽ പിന്നീട് ആസ്തികളിൽ വൈവിധ്യവത്കരണമാവാം.