സഞ്ചാരികളെ ഇതിലേ ഇതിലേ...ടൂറിസം ചാകരയാകുമോ കൊച്ചി ബിനാലെ?
- 2022 ഡിസംബർ 23-ന് തുടക്കം മുതൽ പത്തു ദിവസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 34,561 പേരാണ് ഇതിനകം ഇപ്പോൾ നടക്കുന്ന ബിനാലെയ്ക്ക് എത്തിയത്.
- ഒരു എജ്യുക്കേഷന്‍ ഗ്രൗണ്ടായി വേണം ബിനാലെയെ വിലയിരുത്താന്‍. കൊച്ചി ബിനാലെയ്ക്ക് സമാന്തരമായി സ്റ്റുഡന്റ്‌സ് ബിനാലെയും ഇതിന്റെ ഉദാഹരണമാണ്,' ബിനാലെ ഫൗണ്ടേഷന്‍ സ്ഥാപകന്‍ ബോസ് കൃഷ്ണമാചാരി പറയുന്നു.
കൊച്ചി: വീണ്ടുമൊരു ബിനാലേ കാലത്തിനൊപ്പമാണ് നഗരം. രണ്ട് വര്‍ഷത്തിലൊരിക്കലുള്ള ഈ കലാമേളയ്ക്ക് കൊവിഡ് മഹാമാരി ഇടവേള നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ ബിനാലെയക്കായി കൊച്ചി വീണ്ടും ലോക വേദിയായി ഉണര്‍ന്നു കഴിഞ്ഞു. ബിനാലെ അതിന്റെ അഞ്ചാമത്തെ പതിപ്പാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. പത്ത് ലക്ഷത്തോളം സഞ്ചാരികളാണ് രണ്ട് വര്‍ഷം കൂടുമ്പോഴുള്ള ഈ കലയുടെ മമാങ്കത്തട്ടിലേയ്ക്ക് എത്തുന്നത്. ലോകത്ത് നിരവധി ബിനാലെകള്‍ വ്യത്യസ്തമായ സമയക്രമങ്ങളിൽ നടക്കുന്നുണ്ട്. എന്നാല്‍ ജനകീയ പങ്കാളിത്തം കൊണ്ട് ലോക ശ്രദ്ധ നേടിയെടുക്കാന്‍ നമ്മുടെ കൊച്ചി ബിനാലെയ്ക്ക് സാധിച്ചു. ഇന്ത്യയിലെ ഏക ബിനാലെയും ഇത് തന്നെ.
2022 ഡിസംബർ 23-ന് തുടക്കം മുതൽ പത്തു ദിവസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 34,561 പേരാണ് ഇതിനകം ഇപ്പോൾ നടക്കുന്ന ബിനാലെയ്ക്ക് എത്തിയത്. ക്രിസ്മസ് ന്യൂഇയർ അവധികൾ ബിനാലെ വേദികളെ സജീവമാക്കി. ആസ്പിന്‍വാള്‍, പെപ്പര്‍ ഹൗസ്, കാശി ആര്‍ട്ട് കഫേ, കബ്രാള്‍ യാഡ്, ഡേവിഡ് ഹാള്‍ എന്നിവിടങ്ങളിലായി 14 വേദികളുണ്ട്.
'പത്ത് വര്‍ഷക്കാലം കൊണ്ട് കേരളത്തെ ബിനാലെ എന്ന വാക്ക് പരിചയപ്പെടുത്താന്‍ കൊച്ചി മുസിരിസ് ബിനാലെയ്ക്ക് സാധിച്ചു. എല്ലാ തരത്തിലുള്ള കലകളുടേയും സംഗമമാണ് ബിനാലെയിലൂടെ കാണാന്‍ പറ്റുന്നത്. ഒരു എജ്യുക്കേഷന്‍ ഗ്രൗണ്ടായി വേണം ബിനാലെയെ വിലയിരുത്താന്‍. കൊച്ചി ബിനാലെയ്ക്ക് സമാന്തരമായി സ്റ്റുഡന്റ്‌സ് ബിനാലെയും ഇതിന്റെ ഉദാഹരണമാണ്,' ബിനാലെ ഫൗണ്ടേഷന്‍ സ്ഥാപകന്‍ ബോസ് കൃഷ്ണമാചാരി പറയുന്നു.
'24 രാജ്യങ്ങളില്‍ നിന്നായി 90 ലധികം കലാകാരന്മാരാണ് ബിനാലെയുടെ ഭാഗമാകുന്നത്. ഗവേഷണ- പഠനങ്ങള്‍ക്കായി 35 ഓളം രാജ്യങ്ങളിലേയ്ക്ക് ബിനാലെ ഫൗണ്ടേഷന്‍ ആളുകളെ അയച്ചിരുന്നു. കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കലകളോടും സാംസ്‌കാരിക മുന്നേറ്റങ്ങളോടുമുള്ള മികച്ച സമീപനം ബിനാലെയുടെ നടത്തിപ്പിന് സഹായകമായിട്ടുണ്ട്. അതിനാല്‍ തന്നെ ടൂറിസം വകുപ്പിന്റെ സാമ്പത്തിക സഹായവും ബിനാലെയ്ക്ക് ലഭിക്കുന്നുണ്ട്. എന്നിരുന്നാലും നിരവധി സാമ്പത്തിക വെല്ലുവിളികള്‍ ബിനാലെ ഇപ്പോഴും അഭിമുഖീകരിക്കുന്നുണ്ട്, ' ബോസ് കൃഷ്ണമാചാരി വ്യക്തമാക്കുന്നു. 22.5 കോടി രൂപ ചെലവ് വരുന്ന ബിനാലെ ഇത്തവണ എട്ട് കോടി രൂപയിലേയ്ക്ക് ഒതുക്കിയിരിക്കുകയാണെന്നത് സാമ്പത്തിക ബുദ്ധിമുട്ടുകളുടെ മറ്റൊരു വശമാണ്. 90 ദിവസമായി തുടങ്ങിയ ആദ്യ ബിനാലെ പൊതു ജനതാല്‍പര്യാർത്ഥം വീണ്ടും നീട്ടുകയായിരുന്നു. അതിനാല്‍ അഞ്ചാം പതിപ്പ് 120 ദിവസമാണ് നടക്കുക.
ആയുര്‍വേദത്തിനായി കേരളത്തിലേയ്ക്ക് റഷ്യ, ജര്‍മ്മനി, യൂറോപ്പ്, അറബ് രാജ്യങ്ങളില്‍ നിന്ന് വലിയതോതില്‍ സഞ്ചാരികള്‍ എത്തുന്നുണ്ട്. ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളായും, അഡ്വഞ്ചര്‍ ടൂറിസം സ്‌പോട്ടായും കേരളം മാറിക്കഴിഞ്ഞു. ഇതില്‍ നിന്നെല്ലാം വിഭിന്നമായി ബിനാലെയിലൂടെ പുതിയൊരു വിഭാഗം ആളുകളാണ് കേരളത്തിലേയ്ക്ക് എത്തുന്നത്. കലയെ സ്‌നേഹിക്കുന്ന, സാംസ്‌കാരിക മേന്മ ഉൾക്കൊള്ളാനുമുള്ള അവസരമാണ് ബിനാലെ തുറന്നിടുന്നത്.
വിനോദ സഞ്ചാര ഭൂപടത്തിലെ കൊച്ചി
മട്ടാഞ്ചേരിയും ഫോര്‍ട്ട് കൊച്ചിയും അടക്കമുള്ള ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലേയക്ക് കൂടുതലായി ആളുകളെത്തുന്നുണ്ട്. സെന്റ് ഫ്രാന്‍സിസ് പള്ളിയും ചീനവലകളും മുതല്‍ മട്ടാഞ്ചേരിയിലെ സിനഗോഗും കൊട്ടാരവുമൊക്കെ എക്കാലവും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടങ്ങളാണ്. ബിനാലെ വന്നതോടെ ഫോര്‍ട്ട് കൊച്ചിക്കു പുറത്തുള്ളവരും ഈ ചരിത്രസ്മാരകങ്ങളെപ്പറ്റി അടുത്തറിയാന്‍ വന്നുതുടങ്ങി.
'ആയുര്‍വേദം, കായല്‍, സാംസ്‌കാരിക തനിമ, ഉത്തരവാദിത്ത ടൂറിസം, 100 കിലോമീറ്റര്‍ ചുറ്റളവില്‍ ഹില്‍സ്‌റ്റേഷനും ബീച്ചും തുടങ്ങി കേരളത്തിന്റെ യുണിക് ടൂറിസം പ്രൊഡക്റ്റുകളാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. ഇതിലേയ്ക്ക് ആണ് പുതിയ ടൂറിസം സാധ്യതകളുമായി ബിനാലെ എത്തുന്നത്. ഇന്ത്യയില്‍ മറ്റ് ബിനാലെ ഇല്ല എന്നതും കേരളത്തെ ആകര്‍ഷണീയമാക്കുന്നുണ്ട്. കൂടുതല്‍ ആളുകളിലേയ്ക്ക് വ്യാപിപ്പിക്കാനും ടൂറിസം സാധ്യതകള്‍ ഉയര്‍ത്താനും കൊച്ചി മുസിരിസ് ബിനാലെയ്ക്ക് സാധിച്ചിട്ടുണ്ട്,' കെഎസ്‌ഐഡിസി എംഡിയും ടൂറിസം വകുപ്പ് മുന്‍ ഡയറക്ടറുമായ എസ് ഹരികിഷോര്‍ ഐഎഎസ് പറയുന്നു.
കായലും കടലുമായി രാജ്യാന്തര ടൂറിസം മാപ്പില്‍ ഇടം നേടിയ സ്ഥലമാണ് കൊച്ചി. ഏതാണ്ട് സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയാണ് കേരളത്തിന്റെ ടൂറിസം സീസണ്‍.
മണ്‍സൂണ്‍ ടൂറിസം പോലെ ഡിസംബര്‍ മുതലുള്ള നാലുമാസം മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ബിനാലെയ്ക്കാകും. കേരളത്തിലേയക്ക് വിദേശികളായി ഏതാണ്ട് 10 ലക്ഷത്തിലധികം പേര്‍ എത്തുന്നുണ്ട്. ആഭ്യന്തര ടൂറിസുറ്റുകളുടെ എണ്ണം ഒരു കോടിയോളവുമാണ്. പത്തിലൊന്ന് വരുന്ന വിദേശ സഞ്ചാരികളാണ് 25 ശതമാനം വരുമാനം ടൂറിസത്തിന് നല്‍കുന്നതെന്ന് ടൂറിസം ഡയറക്‌റായിരുന്ന സമയത്തെ കണക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി.
ബിനാലെയുടെ ഉപോത്പന്നം
ആര്‍ട് എക്‌സിബിഷനുകളും കലാരൂപങ്ങളും കാണാന്‍ ഏറെ തല്‍പരരാണ് വിദേശ സഞ്ചാരികള്‍. ബിനാലെ കേരളത്തില്‍ ഏറെ ജനകീയമായതിനാല്‍ അതേ തുടര്‍ന്ന് നിരവധി ആര്‍ട് എക്‌സിബിഷനുകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി തുടങ്ങിയിട്ടുണ്ട്. പുതിയ ഉത്പന്നങ്ങള്‍ സൃഷ്ടിക്കപ്പെടുകയും അതിലേയ്ക്ക് ആളുകള്‍ ആകൃഷ്ടരാവുകയും ചെയ്യുന്നുണ്ട്. ബിനാലെ വന്നതു കൊണ്ടുള്ള നേട്ടങ്ങളായി വേണം ഇവ വിലയിരുത്താന്‍. കേരളത്തിന്റെ ഇക്കോണമിയിലേക്ക് വളരെ വലിയ സംഭാവനകള്‍ ഇതിലൂടെ ലഭിക്കുന്നുണ്ട്.
ഉത്തരവാദിത്ത ടൂറിസം
ഒരു പ്രദേശം ടൂറിസം മേഖലയായി വളരുമ്പോള്‍ ആ നാടും നാട്ടുകാരും അതിന്റെ ഗുണഭോക്താക്കളാകും. അവിടെയാണ് ഉത്തരവാദിത്ത ടൂറിസം അതിന്റെ പൂര്‍ണ്ണത കൈവരിക്കുന്നത്. കൊച്ചി ബിനാലെ പറഞ്ഞു വയ്ക്കുന്നതും ഇതാണ്. വിദേശ കലാകാരന്മാർ അവരുടെകലാസൃഷ്ടികൾ കൊച്ചിയില്‍ പ്രദര്‍ശിപ്പിക്കുന്നു, അത് കാണാന്‍ വിദേശികളും സ്വദേശികളുമായി നിരവധി പേര്‍ കൊച്ചിയിലേയ്ക്ക് എത്തുന്നു, കൊച്ചിക്കായലും കാഴ്ച്ചകളും ഒപ്പം ശ്രദ്ധ നേടുന്നു, ഓട്ടോക്കാർ തൊട്ട് ചെറുകിട കച്ചവടക്കാര്‍ വരെ ഇതിന്റെ നേട്ടം സ്വന്തമാക്കുന്നു. ഈ കാഴ്ച്ചയാണ് ബിനാലെ വേദികളിലെല്ലാം സമ്മാനിക്കുന്നത്. വരുമാനത്തില്‍ കാര്യമായ ചലനങ്ങൾ ബിനാലെ സാധ്യമാക്കിയെന്നാണ് വഴിയോരക്കച്ചവടക്കാര്‍ ഒരേ സ്വരത്തില്‍ പറയുന്നത്.
പറന്നെത്തിച്ച് എയര്‍ ഇന്ത്യ
ഇക്കഴിഞ്ഞ ഡിസംബര്‍ 23 ന് ആരംഭിച്ച നാല് മാസം നീണ്ടുനില്‍ക്കുന്ന ബിനാലെയില്‍ ഇന്ത്യന്‍, അന്തര്‍ദേശീയ കലാകാരന്മാര്‍ ഫിലിം, ഇന്‍സ്റ്റാളേഷന്‍, പെയിന്റിംഗ്, ശില്‍പം, നവമാധ്യമങ്ങള്‍, പ്രകടന കല എന്നിവയുൾപ്പെടെയുള്ള വിവിധ കലാസൃഷ്ടികളാണ് ഇടം പിടിച്ചിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ കലാപ്രദര്‍ശനവും, ഏഷ്യയിലെ ഏറ്റവും വലിയ സമകാലിക കലാമേളയുമായ കൊച്ചി മുസിരിസ് ബിനാലെയുടെ ഔദ്യോഗിക ട്രാവല്‍ പാർട്ണറാണ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും. എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര സര്‍വീസുകളില്‍ ബിനാലെ കലാകാരന്മാരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി സര്‍വ്വീസാരംഭിക്കാനുള്ള പദ്ധതിയുണ്ട്. പുതുതായി ഉള്‍പ്പെടുത്തിയ ബോയിംഗ് 737-800 വിമാനം ബിനാലെയുടെ ഖ്യാതി ആഗോള തലത്തിലെത്തിക്കും. ഒപ്പം ബിനാലെയില്‍ എയര്‍ ഇന്ത്യയുടെ മ്യൂറല്‍ പെയ്റ്റിഗുകളുമുണ്ടാകുമെന്ന് അടുത്തിടെ കമ്പനി വ്യക്തമാക്കിയിരുന്നു. മാത്രമല്ല നിരവധി സ്വകാര്യ ജെറ്റുകളാണ് ബിനാലെ കാലത്ത് കൊച്ചിയില്‍ ലാന്‍ഡ് ചെയ്യാറുള്ളത്..
കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളില്‍ 65-70 ശതമാനവും ആഭ്യന്തര സഞ്ചാരികളാണ്. കൊവിഡ് മൂലം കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്കുണ്ടായ ക്ഷീണം പല മാര്‍ഗ്ഗങ്ങളിലൂടെയും നികത്തിവരുന്ന സര്‍ക്കാരിന് ബിനാലെ തീര്‍ത്തും വലിയൊരു കോളുതന്നെയാണ്. നാലു മാസക്കാലം, ഏപ്രിൽ 10 വരെ, കേരളത്തിന്റെ ടൂറിസം മാപ്പ് ഭരിക്കുന്നത് കൊച്ചി ബിനാലെ തന്നെ ആയേക്കാം.