ബാങ്ക് പ്രതിസന്ധി കാര്യമാക്കുന്നില്ല, വീണ്ടും നിരക്ക് കൂട്ടി ഫെഡ് റിസേര്‍വ്

അതേസമയം ബാങ്കിംഗ് പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ അടിസ്ഥാന നിരക്ക് 4.75-5 ശതമാനമായി നിജപ്പെടുത്താനായി. അഥവാ നിരക്ക് വര്‍ധന കാല്‍ ശതമാനത്തില്‍ ഒതുക്കി

Update: 2023-03-23 04:46 GMT


അമേരിക്കന്‍ ഫെഡ് റിസേര്‍വ് വീണ്ടും പലിശ നിരക്ക് ഉയര്‍ത്തി. ഇക്കുറി ഉയര്‍ത്തിയത് 25 ബേസിസ് പോയിന്റാണ്. പുതിയ നിരക്ക് വര്‍ധനയോടെ ഫെഡ് നിരക്ക് 5 ശതമാനത്തിലേക്ക് എത്തി. പണപ്പെരുപ്പത്തിന് കടിഞ്ഞാണിടാനുള്ള കടുത്ത നടപടിയെ തുടര്‍ന്ന് രൂപം കൊണ്ട ബാങ്ക് പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ ഇക്കുറി വര്‍ധന ഉപേക്ഷിക്കുമെന്നുവരെ പ്രവചനമുണ്ടായിരുന്നു. എന്നാല്‍ പണപ്പെരുപ്പത്തെ വരുതിയിലാക്കാനുളള നടപടകളില്‍ വിട്ടുവീഴ്ച വേണ്ട എന്ന നിലപാടിനാണ് മുന്‍തൂക്കം ലഭിച്ചത്.

അതേസമയം ബാങ്കിംഗ് പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ അടിസ്ഥാന നിരക്ക് 4.75-5 ശതമാനമായി നിജപ്പെടുത്താനായി. അഥവാ നിരക്ക് വര്‍ധന കാല്‍ ശതമാനത്തില്‍ ഒതുക്കി. ആഗോള തലത്തില്‍ പണപ്പെരുപ്പം കുറയ്ക്കുന്നതിന് ബാങ്കുകള്‍ ആവത് ശ്രമിക്കുന്നുണ്ടെങ്കിലും കാര്യമായ മാറ്റം കാണുന്നില്ല എന്നതാണ് കേന്ദ്രബാങ്കുകളെ കുഴയ്ക്കുന്നത്. പണപ്പെരുപ്പം കൂറയാത്ത സാഹചര്യത്തില്‍ ഈ വര്‍ഷമൊടുവില്‍ മറ്റൊരു വര്‍ധനയ്ക്ക് കൂടി സൂചന നല്‍കുന്നുണ്ട് ഫെഡ് റിസേര്‍വ്.

ദീര്‍ഘ കാല അടിസ്ഥാനത്തില്‍ പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. അതേസമയം ബ്രിട്ടണില്‍ പണപ്പെരുപ്പ തോതില്‍ ഫെബ്രുവരിയില്‍ വര്‍ധന രേഖപ്പെടുത്തി. 10.1 ശതമാനത്തില്‍ നിന്ന് 10.4 ശതമാനത്തിലേക്കാണ് വര്‍ധിച്ചത്. ഇതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ടും പലിശ വര്‍ധന തുടര്‍ന്നേക്കും എന്ന സൂചനയുണ്ട്. ഇന്ത്യയുടെ ആര്‍ ബി ഐ കഴിഞ്ഞ മേയ് മുതല്‍ 2.5 ശതമാനം നിരക്ക് വര്‍ധന വരുത്തിയിട്ടുണ്ട്. നിരക്ക് വര്‍ധനയുടെ ആഘാതത്തില്‍ പിടിച്ച് നില്‍ക്കാനാവാതെ യുഎസ് ബാങ്കുകളായ സിലിക്കണ്‍ വാലി ബാങ്ക്, സിഗ്നേച്ചര്‍ ബാങ്ക് എന്നിവ തകര്‍ന്നിരുന്നു. ഫസ്റ്റ് റിപ്പബ്ലിക് ബാങ്ക് പ്രതിസന്ധിയിലാണ്. ആഗോള്‍ പ്രവര്‍ത്തനമുള്ള സ്വസ് ബാങ്ക് ക്രെഡിറ്റ് സ്യൂസിനെ മറ്റൊരു സ്വിസ് ബാങ്കായ യുബിഎസ് ഏറ്റെടുത്തിരുന്നു.


Tags:    

Similar News