അന്യായമായ ബിസിനസ് രീതികള്‍; ചൈനക്കെതിരെ ജി7 രാജ്യങ്ങള്‍
- ചൈനക്കെതിരായ നിലപാടില്‍ ഉറച്ച് ജി 7
- തായ്വാനെതിരായ ചൈനീസ് നിലപാടിലും പ്രതിഷേധം
- ഉക്രെയ്‌ന് ധനസഹായം സല്‍കും
തങ്ങളുടെ തൊഴിലാളികളെയും വ്യവസായങ്ങളെയും തുരങ്കം വയ്ക്കുന്ന ചൈനയുടെ അന്യായമായ ബിസിനസ്സ് സമ്പ്രദായങ്ങളെ നേരിടുമെന്ന് ജി 7 രാജ്യങ്ങള്‍ .വാര്‍ഷിക ഉച്ചകോടിയുടെ അവസാന ദിവസത്തെ കരട് പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ഉക്രെയ്നിനെതിരായ യുദ്ധത്തിന് ആയുധം ലഭ്യമാക്കാന്‍ റഷ്യയെ സഹായിച്ച ചൈനീസ് ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ജി7 മുന്നറിയിപ്പ് നല്‍കി.
ഇറ്റലിയില്‍ നടക്കുന്ന ഉച്ചകോടിയില്‍ ലോക നേതാക്കള്‍ക്കൊപ്പം ഫ്രാന്‍സിസ് മാര്‍പാപ്പയും പങ്കെടുത്തു.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് പോപ്പ് എത്തിയത്. ആദ്യമായാണ് ഒരു മാര്‍പ്പാപ്പ ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉക്രേനിയന്‍ പ്രസിഡന്റ് സെലെന്‍സ്‌കി എന്നിവരുമായി മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തി.
ജി7 ചൈനയെ ഉപദ്രവിക്കാനോ അതിന്റെ സാമ്പത്തിക വികസനം തടയാനോ ശ്രമിക്കുന്നില്ലെന്നും എന്നാല്‍ ആഗോള ബിസിനസുകളെ അന്യായമായ നടപടികളില്‍ നിന്ന് സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്നും കരട് ഉച്ചകോടി പ്രസ്താവനയില്‍ പറയുന്നു.
ചൈനയുടെ വിപണി ഇതര നയങ്ങളെയും പ്രയോഗങ്ങളെയും അഭിമുഖീകരിക്കുന്നതില്‍ ജി7ല്‍ ഉടനീളം ഐക്യം പ്രതീക്ഷിക്കുന്നതായി മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
തായ്വാനെതിരെ ബെയ്ജിംഗിന്റെ വര്‍ധിച്ചുവരുന്ന ആക്രമണാത്മക നിലപാടിനെക്കുറിച്ചുള്ള ആശങ്കകളും ഉച്ചകോടിയില്‍ പങ്കുവെച്ചു. റഷ്യയിലേക്ക് അര്‍ദ്ധചാലകങ്ങള്‍ വിതരണം ചെയ്യുന്ന ചൈന ആസ്ഥാനമായുള്ള കമ്പനികള്‍ക്ക് യുഎസ് ഈ ആഴ്ച പുതിയ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
''ചൈന ആയുധങ്ങള്‍ വിതരണം ചെയ്യുന്നില്ല, മറിച്ച് ആ ആയുധങ്ങള്‍ നിര്‍മ്മിക്കാനുള്ള കഴിവും അത് ചെയ്യാന്‍ ലഭ്യമായ സാങ്കേതികവിദ്യയുമാണ്, അതിനാല്‍ ഇത് റഷ്യയെ സഹായിക്കുന്നു,'' സെലന്‍സ്‌കിയുമായി ഉഭയകക്ഷി സുരക്ഷാ കരാറില്‍ ഒപ്പുവച്ച ശേഷം ഉച്ചകോടിയില്‍ ബൈഡന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തെക്കന്‍ ഇറ്റലിയില്‍ നടന്ന ഉച്ചകോടിയുടെ ആദ്യ ദിവസം, മരവിപ്പിച്ച റഷ്യന്‍ ആസ്തികളില്‍ നിന്നുള്ള പലിശയുടെ പിന്തുണയോടെ ഉക്രെയ്‌നിന് 50 ബില്യണ്‍ ഡോളര്‍ വായ്പ നല്‍കാനുള്ള കരാറില്‍ ജി7 രാജ്യങ്ങള്‍ യോജിപ്പ് പ്രകടിപ്പിച്ചു.