ചൈന,പാക് വ്യാപാര മാനാദണ്ഡങ്ങള്‍ കര്‍ശനമാക്കി ഇന്ത്യ
- 2020 ജൂലൈയിലെ ഉത്തരവ് സര്‍ക്കാര്‍ ഭേദഗതി ചെയ്തു
- ശത്രുതയുള്ള അയല്‍രാജ്യങ്ങളുമായുള്ള ബിസിനസിന് മുമ്പ് അംഗീകാരം തേടണം
- ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകളില്‍ ചില സംസ്ഥാനങ്ങള്‍ ചൈനീസ് കരാറുകാരെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നു
;
ചൈനയും പാക്കിസ്ഥാനുമായി വ്യാപാരം നടത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ കേന്ദ്രം കൂടുതല്‍ കര്‍ശനമാക്കുന്നു. ഏതെങ്കിലും പ്രത്യേക രാജ്യത്തിന്റെ പേര് നല്‍കാതെ, ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളിലെ കമ്പനികളില്‍ നിന്നുള്ള വ്യാപാരം 2020 ജൂലൈമാസത്തില്‍ തന്നെ കേന്ദ്രം നിയന്ത്രിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് കൂടുതല്‍ കര്‍ശനമാക്കിയതായാണ് ലഭിക്കുന്ന വിവരം.
ഇരുരാജ്യങ്ങളുമായി എന്തെങ്കിലും 'വാണിജ്യ ക്രമീകരണം' നടത്തുന്ന ആഭ്യന്തര, വിദേശ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം നിരോധിച്ചുകൊണ്ട് കേന്ദ്രം സാമ്പത്തിക സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമാക്കിയതായി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
നിലവില്‍ ഈ രാജ്യങ്ങളിലെ സ്ഥാപനങ്ങളുമായി ഏതെങ്കിലും വാണിജ്യ ക്രമീകരണം ഉള്ളവര്‍ക്ക് മുന്‍കൂര്‍ സ്‌ക്രീനിംഗും രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കി. 2020 ജൂലൈയിലെ ഉത്തരവ് സര്‍ക്കാര്‍ ഇതിനകം ഭേദഗതി ചെയ്തിട്ടുണ്ട്.
വര്‍ധിച്ച സുരക്ഷാ പ്രശ്നങ്ങള്‍ കാരണം ശത്രുതയുള്ള അയല്‍രാജ്യങ്ങളുമായി എന്തെങ്കിലും ബിസിനസ് ബന്ധം സ്ഥാപിക്കുന്നതിന് മുമ്പ് അംഗീകാരം തേടാന്‍ കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരു സന്ദേശം അയച്ചിട്ടുമുണ്ട്.
ചില സംസ്ഥാനങ്ങളില്‍ സ്ഥിതി ചെയ്യുന്ന ചില സ്വകാര്യ സ്ഥാപനങ്ങള്‍ ചൈനീസ് കരാറുകാരെ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടുത്തിടെ എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ചില സംസ്ഥാനങ്ങളിലെ ചില സ്വകാര്യ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍ ഇക്കാരണത്താല്‍ നിലവില്‍ സ്തംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020ല്‍
കോവിഡ് -19 ന് എതിരെ രാജ്യം പോരാടുന്ന സമയത്ത് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുമെന്ന് ഭയന്ന് ഓട്ടോമാറ്റിക് അപ്രൂവല്‍ റൂട്ടില്‍ നിന്ന് ചൈനീസ് നിക്ഷേപങ്ങള്‍ നീക്കം ചെയ്തിരുന്നു. ആ വര്‍ഷം തന്നെയാണ് ചൈന ലഡാക്കില്‍ ഇന്ത്യന്‍ സൈനികരുമായി ഏറ്റുമുട്ടിയത്. ഇത് ഇരു പക്ഷത്തും ആള്‍നാശത്തിന് കാരണമായി. തുടര്‍ന്ന്് അതേ വര്‍ഷം ജൂണില്‍ കേന്ദ്രം നിരവധി ചൈനീസ് മൊബൈല്‍ ആപ്പുകള്‍ നിരോധിച്ചു. ഇവ ഇന്ത്യയുടെ പരമാധികാരത്തിനും ഇന്ത്യയുടെ പ്രതിരോധത്തിനും സംസ്ഥാനത്തിന്റെയും പൊതുജനങ്ങളുടെയും സുരക്ഷയ്ക്ക് ദോഷകരമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്ന് മറ്റ് പല ചൈനീസ് കമ്പനികളും പട്ടികയില്‍ ഉള്‍പ്പെടുത്തി.
വൈദ്യുതി, പെട്രോളിയം, കല്‍ക്കരി, ടെലികോം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലെ പരോക്ഷമായ ചൈനീസ് പങ്കാളിത്തത്തെപ്പോലും ഏറ്റവും പുതിയ ഉത്തരവ് തടയും.
വിലകുറഞ്ഞ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വരവ് തടയുന്നതിനായി, അവിടെനിന്നും എത്തുന്ന വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് ഡംപിംഗ് വിരുദ്ധ തീരുവ ചുമത്തുകയും ചെയ്തു.
2020 ഏപ്രില്‍ മുതല്‍ ചൈനയില്‍ നിന്നുള്ള മൊത്തം എഫ്ഡിഐ അപേക്ഷകളുടെ നാലിലൊന്നില്‍ താഴെ മാത്രമേ ഇന്ത്യ അനുമതി നല്‍കിയിട്ടുള്ളൂവെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ, 2020 ഒക്ടോബറില്‍, ആഭ്യന്തര മന്ത്രാലയം 'ചില രാജ്യങ്ങളില്‍' നിന്നുള്ള നിര്‍ണായക മേഖലകളിലെ നിക്ഷേപത്തെക്കുറിച്ച് ആശങ്ക ഉന്നയിച്ചു. ചൈനയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും സ്വകാര്യ ഉടമസ്ഥതയിലുള്ളതുമായ സ്ഥാപനങ്ങള്‍ തമ്മിലുള്ള ബന്ധം കണക്കിലെടുക്കുമ്പോള്‍ ആശങ്ക പ്രസക്തമാണെന്നാണ് വിലയിരുത്തല്‍.