ഇന്ത്യ-യുഎഇ ഉഭയകക്ഷി വ്യാപാരം 2027-ല്‍ നൂറ് ബില്യണ്‍ ഡോളറാകും

  • ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം തന്ത്രപരമായ പങ്കാളിത്തമായി മാറി
  • 2022ല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര വ്യാപാരം 51.4 ബില്യണ്‍ ഡോളറിലെത്തി

Update: 2024-02-14 07:30 GMT

ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2027-ഓടെ നൂറ് ബില്യണ്‍ ഡോളറിലെത്തുമെന്ന് വിലയിരുത്തല്‍. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ഹസന്‍ അല്‍സുവൈദിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഇരു രാജ്യങ്ങളും തമ്മില്‍ ചരിത്രപരമായ ബന്ധങ്ങളാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം തന്ത്രപരമായ പങ്കാളിത്തമായി മാറിക്കഴിഞ്ഞു.

നിക്ഷേപ അവസരങ്ങള്‍ വികസിപ്പിച്ച്, വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളിലെയും സാമ്പത്തിക വികസന പ്രക്രിയയെ നയിക്കാനുള്ള യുഎഇയുടെ തുടര്‍ച്ചയായ പ്രതിബദ്ധതയാണ് ഈ നിക്ഷേപ സഹകരണം പ്രതിഫലിപ്പിക്കുന്നതെന്നും അല്‍സുവൈദി പറഞ്ഞു.2023 സെപ്റ്റംബര്‍ അവസാനത്തോടെ 17 ബില്യണ്‍ ഡോളര്‍ നിക്ഷേപം പ്രതീക്ഷിക്കുന്ന യുഎഇ ഇന്ത്യയിലെ ഏഴാമത്തെ വലിയ നിക്ഷേപകരാണ്.

ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തെ അഭിനന്ദിച്ചുകൊണ്ട്, സുസ്ഥിര വികസനവും പൊതുതാല്‍പ്പര്യങ്ങളും കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ മാതൃകയാണ് ഇതെന്ന് വിദേശ വ്യാപാര സഹമന്ത്രി ഡോ.താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി പറഞ്ഞു.

2022 ലെ കണക്കുകള്‍ പ്രകാരം, ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര വ്യാപാരം 51.4 ബില്യണ്‍ ഡോളറിലെത്തി. 2021 നെ അപേക്ഷിച്ച് 15% വര്‍ധനയാണിത്. അതേസമയം 2019 നെ അപേക്ഷിച്ച് 24ശതമാനം വര്‍ധനവും ഈ മേഖലയിലുണ്ടായി. യുഎഇയുടെ മൊത്തം അന്താരാഷ്ട്ര എണ്ണ ഇതര വ്യാപാരത്തിന്റെ 8.3% ആണിത്.

2022 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ യുഎഇയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിന്റെ അളവ് 84.5 ബില്യണ്‍ ഡോളറിലെത്തി. യുഎഇയുടെ എണ്ണ ഇതര കയറ്റുമതിയില്‍ ലോകത്തെ മുന്‍നിര ലക്ഷ്യസ്ഥാനം കൂടിയാണ് ഇന്ത്യ.

Tags:    

Similar News