ഇന്തോ-പസഫിക് വിതരണ ശൃംഖല ഉടമ്പടി അടുത്തമാസം 24 മുതല്‍ പ്രാബല്യത്തില്‍
- ഐപിഇഎഫില്‍ 14 രാജ്യങ്ങള്‍ അംഗങ്ങളാണ്
- ആഗോള വിതരണശൃംഖലയിലെ തടസങ്ങള്‍ ഒഴിവാക്കുക എന്നതാണ് ലക്ഷ്യം
- ചൈനക്ക് ബദലായുള്ള കൂട്ടായ്മയും കൂടിയാണ് ഈ വിതരണ ശൃംഖല
ഇന്ത്യ, ജപ്പാന്‍, ഓസ്ട്രേലിയ എന്നിവയുള്‍പ്പെടെ 14 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഇന്തോ-പസഫിക് വിതരണ ശൃംഖല ഉടമ്പടി
അടുത്തമാസം 24 മുതല്‍ പ്രാബല്യത്തില്‍ വരും. വിതരണശൃംഖല സംബന്ധിച്ച സുപ്രധാന കരാറാണിതെന്ന് യുഎസ് വ്യക്തമാക്കി.
വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും സാധ്യമായ തടസങ്ങള്‍ തടയുന്നതിനുമുള്ള സഹകരണ സമീപനത്തിന് ഉടമ്പടി സുഗമമാക്കുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോ പറഞ്ഞു.
സുതാര്യവും വൈവിധ്യപൂര്‍ണ്ണവും സുരക്ഷിതവുമായ വിതരണ ശൃംഖലകള്‍ കെട്ടിപ്പടുക്കുന്നതില്‍ പങ്കാളികള്‍ തമ്മിലുള്ള ഏകോപനമാണ് കരാര്‍കൊണ്ട് ലക്ഷ്യമിടുന്നത്.
ഇന്തോ-പസഫിക്കിനായുള്ള വാഷിംഗ്ടണിന്റെ ദീര്‍ഘകാല വീക്ഷണത്തിന് അനുസൃതമായി, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ 2022 മെയ് മാസത്തില്‍ ഇന്‍ഡോ-പസഫിക് ഇക്കണോമിക് ഫ്രെയിംവര്‍ക്ക് ഫോര്‍ പ്രോസ്‌പെരിറ്റി (ഐപിഇഎഫ്) ആരംഭിച്ചു.
ക്ലീന്‍ എനര്‍ജി, വിതരണ ശൃംഖലയുടെ പ്രതിരോധം, ഡിജിറ്റല്‍ വ്യാപാരം തുടങ്ങിയ മേഖലകളില്‍ സമാന ചിന്താഗതിക്കാരായ രാജ്യങ്ങള്‍ തമ്മിലുള്ള ആഴത്തിലുള്ള സഹകരണം ലക്ഷ്യമിടുന്ന ഒരു സംരംഭമാണിത്.
ഇന്ത്യ, ജപ്പാന്‍, ഓസ്ട്രേലിയ എന്നിവയെക്കൂടാതെ, ബ്രൂണെ ദാറുസ്സലാം, ഫിജി, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, മലേഷ്യ, ന്യൂസിലാന്‍ഡ്, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്ലന്‍ഡ്, വിയറ്റ്നാം എന്നിവയാണ് ഐപിഇഎഫിലെ മറ്റ് അംഗരാജ്യങ്ങള്‍.
കോവിഡ് പാന്‍ഡെമിക്കില്‍ നിന്ന് അനുഭവപ്പെട്ടതുപോലുള്ള വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ തടയുന്നതിനും ലഘൂകരിക്കുന്നതിനും ആഴത്തിലുള്ള സഹകരണത്തിനുള്ള ഒരു ചട്ടക്കൂട് സ്ഥാപിക്കുന്നതിന് ഐപിഇഎഫ് അംഗ രാജ്യങ്ങള്‍ ചര്‍ച്ച നടത്തി.
ഫെബ്രുവരി 24-ന് കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ, സപ്ലൈ ചെയിന്‍ കൗണ്‍സില്‍, ക്രൈസിസ് റെസ്പോണ്‍സ് നെറ്റ്വര്‍ക്ക്, ലേബര്‍ റൈറ്റ്‌സ് അഡൈ്വസറി ബോര്‍ഡ് എന്നിങ്ങനെ മൂന്ന് സപ്ലൈ ചെയിന്‍ ബോഡികള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കരാറില്‍ പറഞ്ഞിരിക്കുന്ന വിവിധ നാഴികക്കല്ലുകളിലേക്ക് വരും മാസങ്ങളില്‍ ശ്രദ്ധ തിരിക്കും.