സഹകരണം ആഴത്തിലാക്കും; ഈജിപ്‍തിലെ 'ഇന്ത്യന്‍ മന്ത്രിമാരു'മായി പ്രധാനമന്ത്രിയുടെ ചര്‍ച്ച

  • 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഈജിപ്‍തില്‍ എത്തുന്നത്
  • ഇന്ത്യയുമായുള്ള നയതന്ത്രവും വ്യാപാരവും കൈകാര്യം ചെയ്യുന്ന സമിതിയാണ് ഇന്ത്യാ യുണിറ്റ്

Update: 2023-06-25 05:29 GMT

ഈജിപ്തുമായുള്ള വ്യാപാര, സാമ്പത്തിക ബന്ധങ്ങൾ ആഴത്തിലാക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. മൂന്നു ദിവസത്തെ യുഎസ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ഇന്നലെ ഉച്ചയോടെയാണ് മോദി ഈജിപ്‍തിലെത്തിയത്. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഈജിപ്‍ത് സന്ദര്‍ശിക്കുന്നത്. ഈജിപ്ത് പ്രധാനമന്ത്രി മുസ്‍തഫ മദ്ബൗലിയുമായും മറ്റ് ഈജിപ്ഷ്യന്‍ മന്ത്രിമാരുമായുള്ള ചര്‍ച്ചകള്‍ക്കും ഇന്നലെ തുടക്കമായി

മുസ്‍തഫ മദ്ബൗലിയുടെ നേതൃത്വത്തില്‍ ഉന്നതതല ഈജിപ്ഷ്യൻ മന്ത്രിമാര്‍ ഉള്‍പ്പെട്ട ഇന്ത്യാ യൂണിറ്റുമായുള്ള മോദിയുടെ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇന്നലെ നടന്നത്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധവും വ്യാപാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി സമര്‍പ്പിതമായ സമിതിയാണിത്. മദ്ബൗലി ക്യാബിനറ്റിലെ 7 അംഗങ്ങളാണ് ഈ സമിതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 

ഒരു ഉന്നത തല ഇന്ത്യാ യൂണിറ്റ് സ്ഥാപിച്ചതിന് ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ പ്രധാനമന്ത്രി മോദി ഈജിപ്തിന് നന്ദി പറയുകയും സർക്കാരിന്റെ സമീപനത്തെ അഭിനന്ദിക്കുകയും ചെയ്തു. “വ്യാപാരം, നിക്ഷേപം, പുനരുപയോഗ ഊർജം, ഗ്രീൻ ഹൈഡ്രജൻ, ഐടി, ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ, ഫാർമ, ജനങ്ങളുമായുള്ള ബന്ധം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ സഹകരണം ആഴത്തിലാക്കുന്നതിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നക്,” വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‍ചി ട്വിറ്ററിൽ പറഞ്ഞു.

പരമ്പരാഗതമായി തന്നെ ആഫ്രിക്കൻ ഭൂഖണ്ഡത്തില്‍ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളികളിൽ ഒന്നാണ് ഈജിപ്ത്.2018-19 ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 4.55 ബില്യൺ ഡോളറായിരുന്നു, കോവിഡ് -19 പാൻഡെമിക് ഉണ്ടായിരുന്നിട്ടും 2020-21 ൽ ഇത് 4.15 ബില്യൺ ഡോളറിന്‍റെ ഉഭയകക്ഷി വ്യാപാരം രേഖപ്പെടുത്തി. 

ഈജിപ്‍തിലെ ഇന്ത്യന്‍ സമൂഹവുമായും ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് എല്‍-സിസി ഉള്‍പ്പടെയുള്ള മറ്റ് പ്രമുഖ രാഷ്ട്ര നേതാക്കളുമായും മോദി ഇന്ന് ചര്‍ച്ചകള്‍ നടത്തുന്നുണ്ട് 

Tags:    

Similar News