തൊഴിലാളികളുടെ കുടിയേറ്റം; ഇന്ത്യയും തായ് വാനും കരാറിലേക്ക്
- ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മികച്ച അവസരം ലഭിച്ചേക്കും
- നിലവില്‍ കുറഞ്ഞവേതനം 26,400 തായ് വാന്‍ ഡോളറാണ്
;
തൊഴിലാളികളുടെ കുടിയേറ്റം സംബന്ധിച്ച് ഇന്ത്യയും തായ് വാനും കരാറിലെത്തുമെന്ന് സൂചന. തായ് വാനിലെ പ്രധാന മേഖലകളില്‍ തൊഴില്‍ ക്ഷാമം രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിനായി ഇന്ത്യന്‍ തൊഴിലാളികളുടെ കുടിയേറ്റം സംബന്ധിച്ച കരാറിനാണ് രൂപം നല്‍കുന്നത്. അടുത്തമാസം ആദ്യത്തോടെ ഉടമ്പടി ഒപ്പുവെയ്ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഫാക്ടറികള്‍, നിര്‍മ്മാണ പദ്ധതികള്‍, ഗാര്‍ഹിക തൊഴിലാളികള്‍, കൃഷി, മത്സ്യബന്ധനം എന്നിവയുള്‍പ്പെടെയുള്ള മേഖലകളിലെ മനുഷ്യശേഷിക്ഷാമം പരിഹരിക്കാന്‍ തായ്‌പേയ് ന്യൂഡെല്‍ഹിയിലേക്ക് നോക്കുകയാണ്. കരട് ധാരണാപത്രം ഇനിയും പുറത്തുവന്നിട്ടില്ല.
സംസ്‌കാരത്തിലും ഭക്ഷണക്രമത്തിലും സാമ്യമുള്ളതിനാല്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലകളില്‍ നിന്നുള്ള തൊഴിലാളികളുടെ കുടിയേറ്റം സുഗമമാക്കാന്‍ തായ്‌പേയ് താല്‍പ്പര്യപ്പെടുന്നുവെന്ന് സൂചനയുണ്ട്.
തായ് വാനിലെ വിദേശ തൊഴിലാളികള്‍ക്ക് ദേശീയ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ നല്‍കുന്നതിന് പുറമേ, പ്രാദേശിക തൊഴിലാളികളുടെ അതേ വേതനം ലഭിക്കാന്‍ അര്‍ഹതയുമുണ്ടാകും. നിലവില്‍, തായ് വാനിലെ പ്രതിമാസ കുറഞ്ഞ വേതനം 26,400 തായ് വാന്‍ ഡോളറാണ്, ഇത് 820 യുഎസ് ഡോളറിന് തുല്യമാണ്. അതായത് ഏകദേശം 70000 രൂപ.
തായ് വാന്‍ പ്രീമിയര്‍ ചെന്‍ ചിന്‍-ജെനും ഇന്ത്യ തായ്പേയ് അസോസിയേഷന്‍ ഡയറക്ടര്‍ ജനറല്‍ മന്‍ഹര്‍സിന്‍ ലക്ഷ്മണ്‍ഭായ് യാദവും തമ്മില്‍ അടുത്തിടെ നടന്ന കൂടിക്കാഴ്ചയില്‍ പരമ്പരാഗത വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള ധാരണാപത്രം ഒപ്പുവച്ചിരുന്നു. കുടിയേറ്റവും യാതാനീക്കവും സംബന്ധിച്ച ധാരണാപത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളും അപ്പോള്‍ നടന്നിരുന്നു.
ധാരണാപത്രങ്ങളും മുംബൈയില്‍ നയതന്ത്ര കാര്യാലയം സ്ഥാപിക്കാനുള്ള തായ് വാന്‍ അടുത്തിടെ നടത്തിയ നീക്കവും 'നല്ല നടപടികളാണെന്നും ഇന്ത്യ-തായ് വാന്‍ ബന്ധത്തില്‍ വലിയ സാധ്യതയുണ്ടെന്ന് തെളിയിക്കുന്നതായി തായ്പേയ് മുന്‍പ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
ചൈനയുമായി അതിര്‍ത്തിത്തര്‍ക്കം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ത്തന്നെയാണ് ന്യൂഡെല്‍ഹി-തായ്പേയ് ബന്ധങ്ങളില്‍ മുന്നേറ്റം എന്നത് ശ്രദ്ധേയമാണ്. തായ് വാന്‍ സ്വന്തം പ്രദേശമാണെന്ന് അവകാശപ്പെടുന്ന ബെയ്ജിംഗ് ദ്വീപ് മേഖലയുമായി ബന്ധം വികസിപ്പിച്ചെടുക്കുന്ന രാജ്യങ്ങള്‍ക്കെതിരെ നിരന്തരം ആശങ്ക രേഖപ്പെടുത്തുന്നു.