ഭക്ഷ്യവസ്തുക്കളിലെ കീടനാശിനി; ഇന്ത്യയുടേത് കര്‍ശന മാനദണ്ഡങ്ങള്‍

  • എംഡിഎച്ച്, എവറസ്റ്റ് എന്നിവയിലാണ് എഥിലീന്‍ ഓക്സൈഡിന്റെ സാന്നിധ്യം ആരോപിക്കപ്പെട്ടത്
  • സിംഗപ്പൂരും ഹോങ്കോംഗും ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി
  • വിവിധ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്ക് പരമാവധി അവശിഷ്ട പരിധി വ്യത്യസ്തം

Update: 2024-05-05 09:46 GMT

ഭക്ഷ്യവസ്തുക്കളിലെ കീടനാശിനികളുടെ സാന്നിധ്യത്തിന് ഏറ്റവും കര്‍ശനമായ മാനദണ്ഡങ്ങളിലൊന്നാണ് ഇന്ത്യയുടേതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഫുഡ് റെഗുലേറ്റര്‍

എഫ്എസ്എസ്എഐ സുഗന്ധദ്രവ്യങ്ങളിലും ഔഷധസസ്യങ്ങളിലും ഉയര്‍ന്ന അളവിലുള്ള കീടനാശിനികള്‍ അനുവദിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയുകയും ചെയ്തു.

രണ്ട് മുന്‍നിര ഇന്ത്യന്‍ ബ്രാന്‍ഡുകളായ എംഡിഎച്ച്, എവറസ്റ്റ് എന്നിവയുടെ സാമ്പിളുകളില്‍ കീടനാശിനി എഥിലീന്‍ ഓക്സൈഡിന്റെ സാന്നിധ്യം ആരോപിച്ച് ഹോങ്കോംഗ് ഫുഡ് റെഗുലേറ്റര്‍ വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് വിശദീകരണം. എവറസ്റ്റ് ബ്രാന്‍ഡിന്റെ ഒരു സുഗന്ധവ്യഞ്ജന ഉല്‍പ്പന്നം തിരിച്ചുവിളിക്കാന്‍ സിംഗപ്പൂര്‍ ഫുഡ് റെഗുലേറ്ററും ഉത്തരവിട്ടു.

എഫ്എസ്എസ്എഐ നിലവില്‍ ആഭ്യന്തര വിപണിയില്‍ വില്‍ക്കുന്ന എംഡിഎച്ച്, എവറസ്റ്റ് എന്നിവയുള്‍പ്പെടെ ബ്രാന്‍ഡഡ് സുഗന്ധവ്യഞ്ജനങ്ങളുടെ സാമ്പിളുകള്‍ അതിന്റെ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ശേഖരിക്കുന്നുണ്ട്.

അപകടസാധ്യത വിലയിരുത്തുന്നതിന്റെ അടിസ്ഥാനത്തില്‍ വിവിധ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്ക് പരമാവധി അവശിഷ്ട പരിധി വ്യത്യസ്തമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) പത്തിരട്ടി കീടനാശിനി അവശിഷ്ടം ഔഷധസസ്യങ്ങളിലും സുഗന്ധവ്യഞ്ജനങ്ങളിലും അനുവദിക്കുന്നതായി ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെട്ടിരുന്നു. അത്തരം റിപ്പോര്‍ട്ടുകള്‍ തെറ്റും ദുരുദ്ദേശ്യപരവുമാണെന്നും മന്ത്രാലയം പറഞ്ഞു. ലോകത്തിലെ ഏറ്റവും കര്‍ശനമായ മാനദണ്ഡങ്ങളിലൊന്നാണ് ഇന്ത്യയുടേത്.

'കീടനാശിനികളുടെ പരമാവധി അവശിഷ്ട പരിധികള്‍ അവയുടെ അപകടസാധ്യതയെ അടിസ്ഥാനമാക്കി വ്യത്യസ്ത ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് വ്യത്യസ്തമായി നിശ്ചയിച്ചിരിക്കുന്നു,' മന്ത്രാലയം വിശദീകരിച്ചു. കീടനാശിനികള്‍ 1968-ലെ കീടനാശിനി നിയമം പ്രകാരം രൂപീകരിച്ച കേന്ദ്ര കീടനാശിനി ബോര്‍ഡും രജിസ്‌ട്രേഷന്‍ കമ്മിറ്റിയും മുഖേന കൃഷി മന്ത്രാലയം നിയന്ത്രിക്കുന്നുമുണ്ട്.

ഇന്ത്യന്‍ ജനസംഖ്യയുടെ ഭക്ഷണ ഉപഭോഗവും എല്ലാ പ്രായ വിഭാഗങ്ങളിലുമുള്ള ആരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്താണ് തീരുമാനങ്ങള്‍ എടുക്കുന്നത്.

'കീടനാശിനി നിയമം പ്രകാരം രൂപീകരിച്ച കേന്ദ്ര കീടനാശിനി ബോര്‍ഡിലും രജിസ്‌ട്രേഷന്‍ കമ്മിറ്റിയിലും രജിസ്റ്റര്‍ ചെയ്ത മൊത്തം കീടനാശിനികള്‍ 295-ലധികമാണ്. അതില്‍ 139 കീടനാശിനികള്‍ സുഗന്ധവ്യഞ്ജനങ്ങളില്‍ ഉപയോഗിക്കുന്നതിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്,' മന്ത്രാലയം അറിയിച്ചു. ആകെ 243 കീടനാശിനികള്‍ സ്വീകരിച്ചു, അതില്‍ 75 കീടനാശിനികള്‍ സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് ബാധകമാണ്.

അപകടസാധ്യത വിലയിരുത്തല്‍ ഡാറ്റയെ അടിസ്ഥാനമാക്കി വിവിധ എംആര്‍എല്‍കളുള്ള നിരവധി ഭക്ഷ്യവസ്തുക്കളില്‍ കീടനാശിനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

Tags:    

Similar News