ഇന്ത്യ-യുകെ എഫ്ടിഎ: ചര്‍ച്ചകള്‍ ഊര്‍ജ്ജിതം

  • ഈ വര്‍ഷം അവസാനത്തോടെ കരാറിന് അന്തിമരൂപമായേക്കും
  • ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം ഏറെ പ്രധാനം
  • യൂറോപ്യന്‍ യൂണിയനുമായുള്ള കരാറും പരിഗണനയില്‍

Update: 2023-10-06 06:48 GMT

ഈ വര്‍ഷം അവസാനത്തോടെ സ്വതന്ത്ര വ്യാപാര കരാറിന് ( എഫ്  ടി എ ) അന്തിമരൂപം നല്‍കാന്‍ ഇന്ത്യയിലെയും യുകെയിലെയും ഉദ്യോഗസ്ഥര്‍ പരിശ്രമിക്കുകയായണെന്ന് റിപ്പോര്‍ട്ട്. കരാറുമായി ബന്ധപ്പെട്ട തര്‍ക്ക വിഷയങ്ങളില്‍ സമവായം കണ്ടെത്തുന്നതിന് ഇരുപക്ഷവും ഇതിനായി അഹോരാത്രം പണി എടുക്കുന്നതായി  ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ പറയുന്നു.

നാല് ദിവസത്തെ ബ്രസീല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാള്‍ ലണ്ടനില്‍ ചര്‍ച്ചകള്‍ നയിക്കുന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം ചേരുമെന്നാണ് വിവരം. പതിമൂന്ന് റൗണ്ട് ചര്‍ച്ചകള്‍ ഇതുവരെ പൂര്‍ത്തിയായി. കൂടാതെ, ചില വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും ഇരു രാജ്യങ്ങളും തമ്മില്‍  നടന്നുകൊണ്ടിരിക്കുകയാണ്.

''യുകെ പ്രധാനമന്ത്രി ഋഷി സുനക് ഈ മാസം അവസാനത്തോടെ (ജി 20 ലീഡര്‍ഷിപ്പ് ഉച്ചകോടി കഴിഞ്ഞ് ആഴ്ചകള്‍ക്ക് ശേഷം) പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ വീണ്ടും ഇന്ത്യയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അപ്പോഴേക്കും ചര്‍ച്ചകള്‍ അവസാനിച്ചാല്‍, സുനക്കിന്റെ സന്ദര്‍ശന വേളയില്‍ കരാര്‍ ഒപ്പിടാം, ''ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഈ മാസാവസാനത്തോടെ കരാറിന്റെ വിശദാംശങ്ങള്‍ അന്തിമമാക്കാന്‍ ഇരുപക്ഷവും ലക്ഷ്യമിടുന്നതായി സൂചനയുണ്ട്. എന്നിരുന്നാലും, മൊബിലിറ്റി, വിസ്‌കിക്ക് കൂടുതല്‍ വിപണി അനുവദിക്കുക  തുടങ്ങിയ വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങള്‍, മറ്റ് പ്രശ്നങ്ങള്‍ക്കൊപ്പം, പരിഹരിക്കപ്പെട്ടിട്ടില്ല. ഇപ്പോള്‍ കാനഡയുമായുള്ള എഫ് ടി എ ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിയതിനാല്‍, ഈ വര്‍ഷം ഇന്ത്യ പ്രതീക്ഷിക്കുന്ന സുപ്രധാന എഫ് ടി എ  യുകെയുമായി ഉള്ളതുമാത്രമാണ്.

യൂറോപ്യന്‍ യൂണിയനുമായുള്ള ഒരു വ്യാപാര ഉടമ്പടിയും പരിഗണനയിലാണ്. ചര്‍ച്ചകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്നും ഇത് അവസാനിക്കാന്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും എടുത്തേക്കാമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു.

എന്തായാലും, ഈ വര്‍ഷം അവസാനത്തോടെ - 2024 ലെ  ലോകസഭ തിരഞ്ഞെടുപ്പിന് മുമ്പ് - യുകെയുമായുള്ള എഫ് ടി എ ഒപ്പിടുകയാണ്  ഇന്ത്യയുടെ ലക്ഷ്യം.

ബ്രിട്ടനെ സംബന്ധിച്ചിടത്തോളം, ബ്രെക്സിറ്റിനു ശേഷം  വിദേശ രാജ്യങ്ങളുമായി  വ്യാപാര ബന്ധം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഇന്ത്യയുമായി ഒരു വ്യാപാര കരാര്‍ അനിവാര്യമാണ്.

വ്യാപാര കരാറിന് നിരവധി തടസ്സങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രധാന ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളെ കൂടുതല്‍ മന്ദീഭവിപ്പിച്ചു.

ലിബറലൈസ്ഡ് മൈഗ്രേഷന്‍ പോളിസിക്കായുള്ള ഇന്ത്യയുടെ അഭ്യര്‍ത്ഥനയും വിസ്‌കി, ഓട്ടോമൊബൈല്‍ എന്നിവയുടെ താരിഫ് കുറയ്ക്കാനുള്ള യുകെയുടെ ആവശ്യങ്ങളും നിയമ, വാസ്തുവിദ്യ, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയ മേഖലകള്‍ ഇന്ത്യ  തുറന്നു കൊടുക്കുന്നതും തര്‍ക്കവിഷയങ്ങളില്‍ ചിലതാണ്.

Tags:    

Similar News