ഇന്ത്യ-യുകെ എഫ്ടിഎ; പുരോഗതി വിലയിരുത്തി
- ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെന്ന് സൂചന
- അഭിപ്രായവ്യത്യാസങ്ങള്‍ ഭൂരിപക്ഷവും പരിഹരിച്ചു
- കഴിഞ്ഞവര്‍ഷം പൂര്‍ത്തിയാകേണ്ട കരാര്‍ യുകെയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം നീണ്ടുപോയി
;
നിര്‍ദിഷ്ട സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ചര്‍ച്ചകളുടെ പുരോഗതി ഇന്ത്യയും യുകെയും അവലോകനം ചെയ്തു. കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തി. വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍, ബിസിനസ് ആന്റ് ട്രേഡ് യുകെ സ്റ്റേറ്റ് സെക്രട്ടറി കെമി ബഡെനോക്ക് എന്നിവരാണ് പുരോഗതി അവലോകനം ചെയ്തത്. ഒസാക്കയില്‍ നടക്കുന്ന ഗ്രൂപ്പ് ഓഫ് സെവന്‍ (ജി 7) വ്യാപാര മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിന് എത്തിയ ഇവർ ഉഭയകക്ഷി ചർച്ചകള്‍ക്ക് സമയം കണ്ടെത്തുകയായിരുന്നു.
നിര്‍ദ്ദിഷ്ട എഫ്ടിഎയ്ക്കായുള്ള ചര്‍ച്ചകള്‍ എത്രയും വേഗം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ നിരന്തരമായി ഇതേക്കുറിച്ചു ചര്‍ച്ചനടത്തിവരികയാണ്. നിലവിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ ഭൂരിപക്ഷവും പരിഹരിച്ചുകഴിഞ്ഞു.
കഴിഞ്ഞവര്‍ഷം ദീപാവലിയോടെ കരാര്‍ ഒപ്പിടുക എന്ന ലക്ഷ്യത്തോടെ 2022 ജനുവരിയിലാണ് ഇന്ത്യയും ബ്രിട്ടനും എഫ് ടിഎ ചര്‍ച്ചകള്‍ ആരംഭിച്ചത്. എന്നാല്‍ യുകെയിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ കാരണം ചർച്ച നീണ്ടുപോയി.
ചരക്കുകള്‍, സേവനങ്ങള്‍, നിക്ഷേപങ്ങള്‍, ബൗദ്ധിക സ്വത്തവകാശങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന 26 അധ്യായങ്ങളാണ് കരാറിലുള്ളത്. ഇന്ത്യയും യുകെയും തമ്മിലുള്ള പ്രത്യേക കരാറായി ഒരു നിക്ഷേപ ഉടമ്പടിയും ചര്‍ച്ച ചെയ്യുന്നുണ്ട്.
ഈ നിക്ഷേപ ഉടമ്പടികള്‍ പരസ്പരം രാജ്യത്ത് നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. ഈ കരാറിലെ പ്രധാന 'തര്‍ക്കവിഷയം' തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ചാണ്.
ഇന്ത്യന്‍ വ്യവസായം, തങ്ങളുടെ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ക്ക് യുകെ വിപണിയിലെ ഐടി, ഹെല്‍ത്ത്കെയര്‍ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ പ്രവേശനം ആവശ്യപ്പെടുന്നു, കൂടാതെ കസ്റ്റംസ് ഡ്യൂട്ടിയില്ലാതെ നിരവധി ഉത്പന്നങ്ങള്‍ക്ക് വിപണി പ്രവേശനവും ആവശ്യപ്പെടുന്നു.
മറുവശത്ത്, സ്‌കോച്ച് വിസ്‌കി, ഓട്ടോമൊബൈല്‍സ്, ആട്ടിന്‍ മാംസം, ചോക്ലേറ്റുകള്‍, ചില മിഠായികള്‍ തുടങ്ങിയ സാധനങ്ങളുടെ ഇറക്കുമതി തീരുവയില്‍ ഗണ്യമായ കുറവ് വരുത്താന്‍ യുകെ ആവശ്യപ്പെടുന്നു. ടെലികമ്മ്യൂണിക്കേഷന്‍, നിയമ, സാമ്പത്തിക സേവനങ്ങള്‍ (ബാങ്കിംഗ്, ഇന്‍ഷുറന്‍സ്) തുടങ്ങിയ വിഭാഗങ്ങളില്‍ ഇന്ത്യന്‍ വിപണികളില്‍ യുകെ സേവനങ്ങള്‍ക്ക് ബ്രിട്ടന്‍ കൂടുതല്‍ അവസരങ്ങള്‍ തേടുന്നുമുണ്ട്.
കൂടാതെ, യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് (യുഎസ്ടിആര്‍) കാതറിന്‍ തായ് എന്നിവരുമായി ഒസാക്കയില്‍ ഗോയല്‍ ഉഭയകക്ഷി കൂടിക്കാഴ്ചകളും നടത്തി. വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുടിഒ) ഡയറക്ടര്‍ ജനറല്‍ എന്‍ഗോസി ഒകോന്‍ജോ-ഇവേല; ജാപ്പനീസ് സാമ്പത്തിക, വ്യാപാര വ്യവസായ മന്ത്രി നിഷിമുറ യസുതോഷി, ജാപ്പനീസ് ട്രേഡിങ്ങ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് മേജര്‍ മാറ്റ്‌സുയി ആന്‍ഡ് കോ; ഡയറക്ടറും ചെയര്‍ ഓഫ് ഡയറക്ടേഴ്സ് ടാറ്റ്സുവോ യസുംഗയും ഓസ്ട്രേലിയന്‍ ട്രേഡ് ആന്‍ഡ് ടൂറിസം മന്ത്രി ഡോണ്‍ ഫാരലുമായും ഗോയല്‍ കൂടിക്കാഴ്ച നടത്തി.
അംഗരാജ്യങ്ങള്‍ക്കിടയില്‍ സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരം ഉറപ്പാക്കുന്നതിന് കൂടുതല്‍ സഹകരണമുണ്ടാകേണ്ട ആവശ്യത്തെക്കുറിച്ച് ഡബ്ള്യു ടി ഒ മേധാവിയുമായും ഗോയല്‍ ചര്‍ച്ച നടത്തി.