സ്വതന്ത്ര വ്യാപാരകരാര്‍; ഇന്ത്യ-ജിസിസി ചര്‍ച്ചകള്‍ ഉടന്‍

  • ഇരുപക്ഷവും ചര്‍ച്ചാസംഘങ്ങളെ നിയമിച്ചു
  • നെഗോഷ്യേറ്ററെ നിയമിക്കുന്നതിലെ ജിസിസിയുടെ കാലതാമസം ചര്‍ച്ചകള്‍ വൈകാന്‍ കാരണമായി
  • കഴിഞ്ഞ സെപ്റ്റംബറിലാണ് ചര്‍ച്ചകള്‍ വേഗത്തിലാക്കാന്‍ തീരുമാനമായത്
;

Update: 2023-10-16 08:49 GMT

ഇന്ത്യയും ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സിലും അടുത്ത മാസം ആദ്യം തന്നെ സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കും. ചര്‍ച്ചകള്‍ക്കുള്ള സംഘത്തെത്തെ ഇരുപക്ഷവും നിയമിച്ചുകഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ എഫ്ടിഎ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താനുള്ള ഉദ്ദേശ്യം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ജിസിസിയില്‍ നിന്ന് ഒരു ചീഫ് നെഗോഷ്യേറ്ററെ നിയമിക്കുന്നതിലെ കാലതാമസം കാരണം നടപടികള്‍ നീണ്ടുപോകുകയായിരുന്നുവെന്ന് വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

''ജിസിസിയുടെ ഭാഗത്തുനിന്ന് ചീഫ് നെഗോഷ്യേറ്ററില്‍ ഒരു മാറ്റമുണ്ടായി. എന്നിരുന്നാലും, ജിസിസിയുടെ ചീഫ് നെഗോഷ്യേറ്ററെ ഇപ്പോള്‍ നിയമിച്ചു, ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും  ''ഉദ്യോഗസ്ഥര്‍ പറയുന്നു. ടേംസ് ഓഫ് റഫറന്‍സ് ഇതിനകം കൈമാറുകയും ചീഫ് നെഗോഷ്യേറ്റര്‍മാരെ നിയമിക്കുകയും ചെയ്തതിനാല്‍, ചര്‍ച്ചകള്‍ വീണ്ടും ട്രാക്കിലാകുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.

''ഈ ചര്‍ച്ചകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഇരുപക്ഷത്തിനും താല്‍പ്പര്യമുണ്ട്. ഒരു മാസത്തിനുള്ളില്‍ ഞങ്ങള്‍ ആദ്യ റൗണ്ട് നടത്തണം,'' ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ബഹ്റൈന്‍ എന്നീ ഗള്‍ഫ് മേഖലയിലെ ആറ് രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജിസിസി.

ഇന്ത്യയും ഗള്‍ഫ് സഹകരണ കൗണ്‍സിലും തമ്മിലുള്ള സാമ്പത്തിക സഹകരണം സംബന്ധിച്ച ഒരു ചട്ടക്കൂട് കരാര്‍ 2004 ഓഗസ്റ്റിലാണ് ആദ്യമായി ഒപ്പുവെച്ചത്. വ്യാപാരബന്ധങ്ങള്‍ വര്‍ധിപ്പിക്കുന്നതും ഉദാരവല്‍ക്കരിക്കുന്നതും ഇരു കക്ഷികളും പരിഗണിക്കുമെന്നും ഒരു എഫ്ടിഎയുടെ സാധ്യതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും അതില്‍ പറഞ്ഞിരുന്നു.

ഈ ചട്ടക്കൂട് അനുസരിച്ച് ജിസിസി യുമായി 2006 ലും 2008 ലും രണ്ട് റൗണ്ടുകള്‍ ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ മൂന്നാം റൗണ്ട് ചര്‍ച്ചകള്‍ നടന്നില്ല.

2023 സെപ്റ്റംബറില്‍ സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചര്‍ച്ചയില്‍ എഫ്ടിഎ ചര്‍ച്ചകള്‍ വേഗത്തിലാക്കാന്‍ ധാരണയായി.

അറബ് മേഖലയാണ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി കൂട്ടായ്മ. 2023 സാമ്പത്തിക വര്‍ഷം ജിസിസി രാജ്യങ്ങളുമായി മാത്രം 18400 കോടി ഡോളറിന്റെ വ്യാപാരം നടന്നു. അറബ് മേഖലയില്‍ മൊത്തം 24000 കോടി ഡോളറിന്റെ വ്യാപാരമാണ് നടന്നത്.

സാമ്പത്തിക മേഖലകളില്‍, ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഇറക്കുമതി സ്രോതസ് കൂടിയാണ് ജിസിസി. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി 2023 സാമ്പത്തിക വര്‍ഷത്തില്‍ 13300 കോടി ഡോളറായിരുന്നു. കയറ്റുമതി 16.7 ശതമാനം ഉയര്‍ന്ന് 5130 കോടി ഡോളറിലെത്തി. ജിസിസിയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2022 സാമ്പത്തിക വര്‍ഷത്തില്‍ 58 ശതമാനം വര്‍ധിച്ച് 4400കോടി ഡോളറായി.

2023 സാമ്പത്തിക വര്‍ഷത്തില്‍ യുഎഇ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയും സൗദി അറേബ്യ നാലാമത്തെ വലിയ വ്യാപാര പങ്കാളിയുമായിരുന്നു.

Tags:    

Similar News