പ്രതിരോധസഹകരണ പദ്ധതികളുമായി ഇന്ത്യയും ഫ്രാന്‍സും
- മൂന്ന് സ്‌കോര്‍പീന്‍ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കും
- റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനെപ്പറ്റി പരാമര്‍ശമില്ല
- ഡിആര്‍ഡിഒയുടെ ഓഫീസ് പാരീസിലെ ഇന്ത്യന്‍ എംബസിയില്‍ തുറക്കും
;

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും തമ്മിലുള്ള ചര്‍ച്ചയെത്തുടര്‍ന്ന് ഇന്ത്യയും ഫ്രാന്‍സും ജെറ്റ്, ഹെലികോപ്റ്റര്‍ എഞ്ചിനുകളുടെ സംയുക്ത വികസനം, ഇന്ത്യന്‍ നാവികസേനയ്ക്കായി മൂന്ന് സ്‌കോര്‍പീന്‍ അന്തര്‍വാഹിനികളുടെ നിര്‍മ്മാണം എന്നിവയുള്‍പ്പെടെയുള്ള പ്രതിരോധ സഹകരണ പദ്ധതികള്‍ പ്രഖ്യാപിച്ചു.
വളര്‍ന്നുവരുന്ന ഉഭയകക്ഷി പ്രതിരോധ ബന്ധത്തിന്റെ പ്രതിഫലനമെന്ന നിലയില്‍ സാങ്കേതികവിദ്യകളുടെ സഹ-വികസനത്തിലും സഹ-നിര്‍മ്മാണത്തിലും സഹകരിക്കാനുള്ള പ്രതിജ്ഞാബദ്ധതയും രണ്ട് രാജ്യങ്ങളും പ്രഖ്യാപിച്ചു.
എന്നാല്‍ 26 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതുസംബന്ധിച്ച് പ്രസ്താവകള്‍ ഒന്നുമുണ്ടായില്ല. എന്നിരുന്നാലും, തന്ത്രപരമായ ബന്ധങ്ങള്‍ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള 25 വര്‍ഷത്തെ റോഡ്മാപ്പ് പട്ടികപ്പെടുത്തുന്ന ഒരു രേഖയില്‍, ഇന്ത്യന്‍ വ്യോമസേനയ്ക്കായി ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങിയ 36 റഫേല്‍ ജെറ്റുകള്‍ യഥാസമയം വിതരണം ചെയ്തതു സംബന്ധിച്ച് പരാമര്‍ശമുണ്ട്. പ്രോജക്റ്റ് 75 ന് കീഴില്‍ മൂന്ന് അന്തര്‍വാഹിനികളുടെ നിര്‍മ്മാണത്തിനായി ഇന്ത്യയുടെ മാസ്ഗോണ്‍ ഡോക്ക്യാര്‍ഡ് ലിമിറ്റഡും ഫ്രാന്‍സിന്റെ നേവല്‍ ഗ്രൂപ്പും തമ്മില്‍ കരാര്‍ ഒപ്പിട്ടുട്ടുണ്ട്.
ഇന്ത്യ-ഫ്രാന്‍സ് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പിന്റെ 25-ാം വാര്‍ഷികം, ഇന്ത്യ-ഫ്രാന്‍സ് ബന്ധങ്ങളുടെ ഒരു നൂറ്റാണ്ടിലേക്ക്' എന്ന തലക്കെട്ടിലുള്ള രേഖയില്‍, ഇന്ത്യന്‍ അന്തര്‍വാഹിനികളും അതിന്റെ പ്രകടനവും വികസിപ്പിക്കുന്നതിന് കൂടുതല്‍ മികച്ച പദ്ധതികള്‍ പര്യവേക്ഷണം ചെയ്യാന്‍ ഇരുരാജ്യങ്ങളും തയ്യാറാണെന്ന് പറയുന്നു.
''അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സൈനിക വ്യോമയാന മേഖലയിലെ മികച്ച സഹകരണത്തിന് അനുസൃതമായി, ഇന്ത്യ ഓര്‍ഡര്‍ ചെയ്ത 36 റഫേല്‍ സമയബന്ധിതമായി വിതരണം ചെയ്യുന്നതിനെ ഇന്ത്യയും ഫ്രാന്‍സും സ്വാഗതം ചെയ്യുന്നു,'' അതില്‍ പറയുന്നു.
''ഭാവിയില്‍, ഇന്ത്യയും ഫ്രാന്‍സും ഒരു യുദ്ധവിമാന എഞ്ചിന്റെ സംയുക്ത വികസനത്തെ പിന്തുണയ്ക്കുന്നതിലൂടെ നൂതന എയ്‌റോനോട്ടിക്കല്‍ സാങ്കേതികവിദ്യകളില്‍ തങ്ങളുടെ പ്രതിരോധ സഹകരണം വിപുലീകരിക്കും,''
ഈ വര്‍ഷാവസാനത്തിനുമുമ്പ് സഫ്രാനും ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനും (ഡിആര്‍ഡിഒ) ചേര്‍ന്ന് ഈ പദ്ധതിക്കായുള്ള ഒരു റോഡ്മാപ്പ് തയ്യാറാക്കും. സഫ്രാന്‍ ഹെലികോപ്റ്റര്‍ എഞ്ചിന്‍ ഉപയോഗിച്ച് ഇന്ത്യന്‍ മള്‍ട്ടി റോള്‍ ഹെലികോപ്റ്റര്‍ (ഐഎംആര്‍ച്ച്) പ്രോഗ്രാമിന് കീഴില്‍ ഹെവി-ലിഫ്റ്റ് ഹെലികോപ്റ്ററുകളുടെ നിര്‍മ്മാണത്തിന് ഇരു രാജ്യങ്ങളും സഹകരിക്കും.
'ഐഎംആര്‍എച്ച് പ്രോഗ്രാമിന്റെ പുരോഗതി പ്രാപ്തമാക്കുന്നതിന്, ഇന്ത്യയിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡും (എച്ച്എഎല്‍) ഫ്രാന്‍സിലെ സഫ്രാന്‍ ഹെലികോപ്റ്റര്‍ എഞ്ചിനും തമ്മില്‍ എഞ്ചിന്‍ വികസനത്തിനായി ഷെയര്‍ഹോള്‍ഡര്‍മാരുടെ കരാറില്‍ ഒപ്പുവച്ചു,' രേഖയില്‍ പറയുന്നു.
സാങ്കേതികവിദ്യാ കൈമാറ്റത്തിലെ ഇന്തോ-ഫ്രഞ്ച് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍, നിര്‍ണായക ഘടകങ്ങളുടെയും മറ്റും പങ്കിടും. ഇത് ഇരു രാജ്യങ്ങളുടെയും സഹകരണത്തിന് അനുസൃതമാണ്. സാങ്കേതിക വിദ്യ കൈമാറ്റത്തെയും മേക്ക് ഇന്‍ ഇന്ത്യയെയും പിന്തുണയ്ക്കാനുള്ള ഫ്രഞ്ച് പ്രതിബദ്ധതയുടെ പ്രതിഫലനം കൂടിയാണിത്.
ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എഞ്ചിനീയേഴ്സ് ലിമിറ്റഡും നേവല്‍ ഗ്രൂപ്പ് ഫ്രാന്‍സും തമ്മിലുള്ള ധാരണാപത്രം ഇരു രാജ്യങ്ങളുടെയും സഹകരണത്തിന് മറ്റൊരു ഉദാഹരണമാണ്. ഇതിനായി, പ്രതിരോധ വ്യാവസായിക സഹകരണത്തിന് ഒരു റോഡ്മാപ്പ് തയ്യാറാക്കുന്നതിനായി ഇരു രാജ്യങ്ങളും പ്രവര്‍ത്തിക്കുന്നതായി രേഖയില്‍ പറയുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ വ്യാവസായിക സഹകരണത്തിന്റെ ഉയര്‍ച്ച കണക്കിലെടുത്ത്, പാരീസിലെ ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യ ഡിആര്‍ഡിഒയുടെ സാങ്കേതിക ഓഫീസ് സ്ഥാപിക്കുകയും ചെയ്യും.