വാണിജ്യ സേവന കയറ്റുമതി ഇരട്ടിയാക്കി ഇന്ത്യ

  • ചൈനയും ഈ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു
  • സാങ്കേതികവിദ്യകളുടെ വേഗത ഈ മേഖലയിലും നിലനിര്‍ത്തണം
  • മെഡിക്കല്‍ യാത്രകള്‍ക്ക് ഇന്ത്യ പ്രിയ ഇടം
;

Update: 2023-07-04 05:08 GMT

ഇന്ത്യയുടെ ആഗോള വാണിജ്യ സേവന കയറ്റുമതി വിഹിതം 2005നും 2022നും ഇടയില്‍ ഇരട്ടിയായതായി ലോകബാങ്കിന്റെയും വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെയും (ഡബ്ല്യുടിഒ) റിപ്പോര്‍ട്ട്. 2005ല്‍ ഇത് രണ്ട് ശതമാനമായിരുന്നു. കഴിഞ്ഞവര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 4.4 ശതമാനമായി. ചൈനയും ഈ കാലയളവില്‍ മികച്ച നേട്ടമാണ് കൈവരിച്ചത്.

2005ല്‍ ചൈനയുടെ ആഗോള വാണിജ്യ സേവന കയറ്റുമതിയില്‍ ബെയ്ജിംഗിന്റ വിഹിതം മൂന്ന് ശതമാനമായിരുന്നു. 2022ല്‍ ഇത് 5.4 ശതമാനമായി ഉയര്‍ന്നു.

ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ അതിര്‍ത്തി കടന്നുള്ള സേവന കയറ്റുമതിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ജോലികള്‍ മൊത്തം സേവന മേഖലയിലെ തൊഴിലുകളുടെ പത്ത് ശതമാനത്തിലധികമാണ്.

വികസ്വരസമ്പദ് വ്യവസ്ഥകളുടെ സേ വനവ്യാപാരത്തിന് കീഴില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്നത് പ്രധാനമായും നാല് സമ്പദ് വ്യവസ്ഥകളാണ്. ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍, ഇന്ത്യ എന്നിവയാണ് അവ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയും ഫിലിപ്പൈന്‍സും തങ്ങളുടെ തൊഴില്‍ സേനയില്‍ നൈപുണ്യവും പുനര്‍ നൈപുണ്യവും വര്‍ധിപ്പിക്കേണ്ടതുണ്ട്. അവരുടെ ആഭ്യന്തര സേവന മേഖലകളുടെ വികസനത്തില്‍ നിക്ഷേപം നടത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് തുടരുന്നു.

പ്രത്യേകിച്ചും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകളുടെ വേഗത ഈ മേഖലയിലും നിലനിര്‍ത്തേണ്ടതുണ്ട്. കൂടാതെ ഈ മേഖല കൂടുതല്‍ മത്സരാധിഷ്ഠിതമാകുകയും വേണം.

ചികിത്സാസംബന്ധമായ യാത്രകള്‍ക്കുള്ള ഒരു ജനപ്രിയ ഇടമായി ഇന്ത്യ മാറുകയാണ്. 2009 മുതല്‍ 2019 വരെ ഏകദേശം 3.5 ദശലക്ഷം വിദേശ രോഗികള്‍ക്കാണ് ഇന്ത്യയില്‍ ചികിത്സ നല്‍കിയത്, റിപ്പോര്‍ട്ട് പറയുന്നു.

വികസിത രാജ്യങ്ങളായ യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളില്‍ നിന്നും ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ വികസ്വര രാജ്യങ്ങളില്‍ നിന്നുമുള്ള വിദേശ രോഗികള്‍ ചെലവ് കുറഞ്ഞതും ഉയര്‍ന്ന നിലവാരമുള്ളതുമായ ചികിത്സ തേടി ഇന്ത്യയിലേക്ക് പോകുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.

'ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍സ് ടെക്‌നോളജികളിലെ (ഐസിടി) മുന്നേറ്റങ്ങളാല്‍, 2005 നും 2022 നും ഇടയില്‍ ആഗോള വാണിജ്യ സേവനങ്ങളുടെ കയറ്റുമതി ഏകദേശം മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്.

Tags:    

Similar News