ഇന്ത്യയില്‍ നിന്ന് ചൈന കൊയ്യുന്നത് കോടികള്‍: വ്യാപാരക്കമ്മി 100 ബില്യണ്‍ കടന്നു

  • ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 135.98 ബില്യണ്‍ ഡോളറിലെത്തി
  • ചൈനീസ് കസ്റ്റംസ് ഡാറ്റ പ്രകാരം 8.4 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്

Update: 2023-01-15 14:57 GMT

ഇന്ത്യ-ചൈന ഉഭയകക്ഷി വ്യാപാരത്തില്‍ ചൈനയുടെ കുതിപ്പ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 135.98 ബില്യണ്‍ ഡോളറിലെത്തി. അതേസമയം വ്യാപാര കമ്മി ആദ്യമായി 100 ബില്യണ്‍ ഡോളര്‍ കടന്നതായി ചൈനീസ് കസ്റ്റംസ് ഇന്നലെ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം 125 ബില്യണ്‍ ഡോളര്‍ ആയിരുന്ന ഇന്ത്യ-ചൈന വ്യാപാരമാണ് 2022ല്‍ 135.98 ബില്യണ്‍ ഡോളറായി ഉയര്‍ന്നത്. ചൈനീസ് കസ്റ്റംസ് ഡാറ്റ പ്രകാരം 8.4 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

ചൈനയുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതി 21.7 ശതമാനം വര്‍ധിച്ച് 118.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള ചൈനയുടെ ഇറക്കുമതി 7.9 ശതമാനം കുറഞ്ഞ് 17.48 ബില്യണ്‍ ഡോളറായി. ഇന്ത്യയുടെ വ്യാപാര കമ്മി 2021ല്‍ 69.38 ബില്യണ്‍ ഡോളറായിരുന്നത് 2022ല്‍ 101.02 ബില്യണ്‍ ഡോളറായി.

ഇന്ത്യയുടെ വ്യാപാരക്കമ്മി 100 ബില്യണ്‍ ഡോളര്‍ കടക്കുന്നത് ഇതാദ്യമാണ്. 2021ല്‍ ചൈനയുമായുള്ള മൊത്തത്തിലുള്ള വ്യാപാരം 125.62 ബില്യണ്‍ യു.എസ് ഡോളറായിരുന്നു. വര്‍ഷംതോറും 43.32 ശതമാനം വര്‍ദ്ധനവാണ് ഇതിലുണ്ടായത്. ചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 46.14 ശതമാനം വര്‍ദ്ധിച്ച് 97.59 ബില്യണ്‍ ഡോളറിലെത്തി. ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ 34.28 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. 2021ല്‍ ഇത് 28.03 ബില്യണ്‍ ഡോളറിലെത്തി.

2020 മെയ് മാസത്തില്‍ കിഴക്കന്‍ ലഡാക്കിലെ സൈനിക നടപടിയെത്തുടര്‍ന്ന് അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം കുതിച്ചുയര്‍ന്നു. ഈ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഇന്ത്യ-ചൈന ഉഭയകക്ഷി വ്യാപാരത്തില്‍ ദ്രുതഗതിയിലുണ്ടായ വളര്‍ച്ച 2008ഓടെ ചൈനയെ ഇന്ത്യയുടെ ഏറ്റവും വലിയ ചരക്ക് വ്യാപാര പങ്കാളിയായി ഉയര്‍ന്നുവരാന്‍ സഹായിച്ചു. കഴിഞ്ഞ ദശകത്തിന്റെ തുടക്കം മുതല്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്തി. 2015 മുതല്‍ 2021 വരെ, ഇന്ത്യ-ചൈന ഉഭയകക്ഷി വ്യാപാരം 75.30 ശതമാനം വര്‍ദ്ധിച്ചു.

വാണിജ്യ മന്ത്രാലയം പാര്‍ലമെന്റില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2022 മാര്‍ച്ച് വരെയുള്ള 12 മാസത്തിനുള്ളില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള മൊത്തം ചരക്ക് വ്യാപാരം 115.83 ബില്യണ്‍ ഡോളറിലെത്തി. 2022ല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ 69.04 ബില്യണ്‍ ഡോളറായിരുന്നു.

ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷ സാഹചര്യത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഇറക്കുമതി സ്രോതസ്സായ ചൈനയെ ആശ്രയിക്കുന്നത് വെട്ടിക്കുറയ്ക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടും ഏഷ്യന്‍ ഭീമനില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിക്കുകയും കയറ്റുമതി വളരെ വേഗം കുറയുകയും ചെയ്തു.

Tags:    

Similar News