റഷ്യന്‍ എണ്ണയുടെ ഇറക്കുമതി വര്‍ധിച്ചു
- കടല്‍ വഴിയുള്ള റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവാണ് ഇന്ത്യ
- ഇന്ത്യയില്‍ റഷ്യയുടെ എണ്ണ വിഹിതം ഏകദേശം 38 ശതമാനമായി ഉയര്‍ന്നു
ഏപ്രിലില്‍ ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി ഒമ്പത് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ഉയര്‍ന്നതായി ഡാറ്റകള്‍ വ്യക്തമാക്കുന്നു. റഷ്യയിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ സോവ്കോംഫ്‌ലോട്ടിന്റെ കപ്പലുകളും അതിന്റെ 14 ടാങ്കറുകളും കയറ്റുമതി പുനരാരംഭിച്ചതോടെയാണിത്. നേരത്തെ പാശ്ചാത്യ ഉപരോധങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് ഫെബ്രുവരിയില്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയിലെ റിഫൈനര്‍മാര്‍ നിര്‍ത്തിവെച്ചിരുന്നു. 2022-ല്‍ ഉക്രെയ്നെ ആക്രമിച്ചതുമുതലാണ് റഷ്യയ്ക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയത്.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരനും ഉപഭോക്താവുമായ ഇന്ത്യ, കടല്‍ വഴിയുള്ള റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവാണ്. ഏപ്രിലില്‍, ഇന്ത്യന്‍ റിഫൈനര്‍മാര്‍ പ്രതിദിനം ഏകദേശം 1.8 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണ അയച്ചു. മുന്‍ മാസത്തേക്കാള്‍ 8.2 ശതമാനം വര്‍ധനവാണ് ഇവിടെ ഉണ്ടായത്. ഇന്ത്യയില്‍ റഷ്യയുടെ എണ്ണ വിഹിതം ഏകദേശം 38 ശതമാനമായി ഉയര്‍ന്നതായി ഡാറ്റകള്‍ കാണിക്കുന്നു.
ഏപ്രിലില്‍ ഇന്ത്യ 4.8 ദശലക്ഷം ബിപിഡി എണ്ണയാണ് ഇറക്കുമതി ചെയ്തത്. ഇതില്‍ മുന്‍ മാസത്തേക്കാള്‍ 6.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. എന്നാല്‍ 2023 ഏപ്രിലിനേക്കാള്‍ നേരിയ തോതില്‍ കൂടുതലാണ്. ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ തുടര്‍ന്നു. രണ്ടാമത് ഇറാഖും പിന്നീട് സൗദി അറേബ്യയുമാണ്.
എന്നിരുന്നാലും, റഷ്യന്‍ എണ്ണയുടെ ഇറക്കുമതി വര്‍ധിച്ചതോടെ ഇറാഖില്‍നിന്നും സൗദിയില്‍നിന്നുമുള്ള ഇറക്കുമതിയില്‍ കുറവുണ്ടായി. മിഡില്‍ ഈസ്റ്റേണ്‍ ഓയിലിന്റെ വിഹിതം മാര്‍ച്ചില്‍ 46 ശതമാനത്തില്‍ നിന്ന് 41 ശതമാനമായി കുറഞ്ഞതായി ഡാറ്റ കാണിക്കുന്നു.
റഷ്യന്‍ എണ്ണയുടെ ഉയര്‍ന്ന ഇറക്കുമതി, കസാക്കിസ്ഥാന്‍, അസര്‍ബൈജാന്‍, റഷ്യ എന്നിവ ഉള്‍പ്പെടുന്ന കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്സില്‍ നിന്നുള്ള എണ്ണയുടെ വിഹിതം മാര്‍ച്ചില്‍ 37 ശതമാനത്തില്‍ നിന്ന് കഴിഞ്ഞ മാസം 41 ശതമാനമായി ഉയര്‍ത്തി.