ഭാവി സാങ്കേതിക സുരക്ഷാ സംരംഭത്തിന് ഇന്ത്യയും യുകെയും

  • ഇന്‍ഡോ-പസഫിക്കിലും അതിനപ്പുറവും പ്രതിരോധ-സുരക്ഷാ സഹകരണം ആഴത്തിലാക്കും
  • യുകെയുമായുള്ള ബന്ധം ഉയര്‍ത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധം

Update: 2024-07-25 05:11 GMT

ടെലികോം, നിര്‍ണായക ധാതുക്കള്‍, അര്‍ദ്ധചാലകങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയുള്‍പ്പെടെയുള്ള മുന്‍ഗണന മേഖലകളിലെ സഹകരണത്തിനായി ഒരു സുപ്രധാന സാങ്കേതിക സുരക്ഷാ സംരംഭത്തിന് ഇന്ത്യയും യുകെയും സഹകരിക്കും.

വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് യുകെ-ഇന്ത്യ ടെക്നോളജി സെക്യൂരിറ്റി ഇനിഷ്യേറ്റീവിന്റെ തീരുമാനം പ്രഖ്യാപിച്ചത്.

ചര്‍ച്ചയില്‍, ഇന്ത്യ-യുകെ എഫ്ടിഎ ചര്‍ച്ചകളില്‍ കൈവരിച്ച പുരോഗതിയെ ഇരുപക്ഷവും അഭിനന്ദിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അഗസ്ത വെസ്റ്റ്ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ കേസിലെ മുഖ്യപ്രതി ക്രിസ്റ്റ്യന്‍ മിഷേലിന്റെ പ്രശ്നം ബ്രിട്ടീഷ് പക്ഷം ഉന്നയിച്ചപ്പോള്‍ ബ്രിട്ടനിലെ ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇന്ത്യന്‍ പക്ഷം ചര്‍ച്ചയില്‍ ആശങ്ക പ്രകടിപ്പിച്ചു.

ചര്‍ച്ചയില്‍, ഇന്‍ഡോ-പസഫിക്കിലും അതിനപ്പുറവും പ്രതിരോധ-സുരക്ഷാ സഹകരണം ആഴത്തിലാക്കാനും വര്‍ധിച്ചുവരുന്ന ഭീഷണികളെ നേരിടാനുള്ള ശേഷി ഉയര്‍ത്താനും ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ ലേബര്‍ ഗവണ്‍മെന്റ് അധികാരത്തില്‍ വന്ന് മൂന്നാഴ്ചയ്ക്ക് ശേഷമാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡല്‍ഹിയിലെത്തിയത്.

ചര്‍ച്ചകള്‍ക്ക് മുന്നോടിയായി, യുകെയുമായുള്ള ബന്ധം ഉയര്‍ത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പരസ്പര പ്രയോജനകരമായ ഒരു സ്വതന്ത്ര വ്യാപാര ഉടമ്പടി സാധ്യമാക്കാന്‍ ശ്രമിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച ലാമി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും പ്രത്യേകം ചര്‍ച്ച നടത്തി.

Tags:    

Similar News