ഇന്ത്യയും സൗദിയും ഉഭയകക്ഷി നിക്ഷേപം കൂട്ടും

  • സൗദി നിക്ഷേപമന്ത്രിയുമായി പിയൂഷ് ഗോയല്‍ കൂടിക്കാഴ്ച നടത്തി
  • നിക്ഷേപത്തിനായുള്ള പുതിയ വഴികള്‍ തേടാന്‍ എഫ്‌ഐഐ
  • ലോകബാങ്ക് പ്രസിഡന്റുമായി ഗോയല്‍ ചര്‍ച്ച നടത്തി
;

Update: 2023-10-25 05:05 GMT

ഉഭയകക്ഷി നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യയും സൗദി അറേബ്യയും ചര്‍ച്ച നടത്തി. വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ സൗദി അറേബ്യയുടെ നിക്ഷേപ മന്ത്രി ഖാലിദ് എ അല്‍-ഫാലിഹുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിക്ഷേപകാര്യങ്ങള്‍ ചര്‍ച്ചയായത്. 

സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനായ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ഊട്ടി ഉറപ്പിക്കുന്നതിനെക്കുറിച്ചും വിവിധ മേഖലകളിലെ നിക്ഷേപം വിപുലീകരിക്കുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തിയതായി ഗോയല്‍ എക്സില്‍ എഴുതിയ പോസ്റ്റില്‍ പറഞ്ഞു.റിയാദില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവിന്റെ (എഫ്ഐഐ) ഏഴാം പതിപ്പില്‍  പങ്കെടുക്കാനും സൌദിയില്‍ രണ്ടു ദിവസത്തെ സന്ദർശനത്തിനുമെത്തിയതായിരുന്നു ഗോയല്‍.

നിക്ഷേപത്തിനായുള്ള പുതിയ പാതകളെക്കുറിച്ച് അന്വേഷണം നടത്തുന്നതും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നതുമായ ഫൌണ്ടേഷനാണ് എപ്ഐഐ ഇന്‍സ്റ്റിറ്റ്യൂട്ട്. .ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് , റോബോട്ടിക്സ്, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സുസ്ഥിരത എന്നീ നാല് മേഖലകളില്‍ ഫൗണ്ടേഷന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

വേള്‍ഡ് ബാങ്ക് പ്രസിഡന്റ് അജയ് ബംഗ, ബ്രിഡ്ജ് വാട്ടര്‍ അസോസിയേറ്റ്സ് സ്ഥാപകന്‍ റേ ഡാലിയോ എന്നിവരെയും ഗോയല്‍ സന്ദര്‍ശിച്ചു.

2021-22ല്‍ 4286 കോടി ഡോളറായിരുന്ന ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2022-23ല്‍ 5275 കോടി ഡോളറായി ഉയര്‍ന്നു. 2000 ഏപ്രിലിനും 2023 ജൂണിനുമിടയില്‍ സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയ്ക്ക് 322 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചു.

Tags:    

Similar News