ചൂട് ഇനിയും കൂടും; എല്‍ നിനോ എത്തുമ്പോള്‍ ഡബ്ല്യുഎംഒ പറയുന്നത് ഇങ്ങനെ

  • പണപ്പെരുപ്പത്തിന് എല്‍ നിനോ വെല്ലുവിളിയെന്ന് ആര്‍ബിഐ
  • ലോകത്തിന്‍റെ വിവിധ മേഖലകളില്‍ അതിവര്‍ഷത്തിനും വരള്‍ച്ചയ്ക്കും ഇടയാക്കും
  • എല്‍ നിനോ നിലനില്‍ക്കുക 9 മുതല്‍12 മാസം വരെ
;

Update: 2023-07-04 10:15 GMT

ഏഴ് വർഷത്തിനിടെ ആദ്യമായി ഉഷ്ണമേഖലാ പസഫിക്കിൽ എൽ നിനോ പ്രതിഭാസം ഉടലെടുത്തതിന്‍റെ ഫലമായി ലോകത്തിന്റെ വലിയൊരു ഭാഗത്തെയും താപനില ഇനിയും ഉയരുമെന്ന് വേള്‍ഡ് മെട്രോളജിക്കല്‍ ഓര്‍ഗനൈസേഷന്‍റെ (ഡബ്ല്യുഎംഒ) ഇന്ന് പുറത്തിറങ്ങിയ റിപ്പോര്‍ട്ട്. പസഫിക് സമുദ്രത്തിന്‍റെ കിഴക്കൻ, മധ്യ മേഖലകളിലെ ജലോപരിതലം ചൂടെടുക്കുന്ന പ്രതിഭാസമാണ് എല്‍ നിനോ. ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ, കനത്ത മഴ, കടുത്ത വരള്‍ച്ചകള്‍ എന്നിങ്ങനെ പലതരം അതിതീവ്ര കാലാവസ്ഥകള്‍ ഇതുമായി ബന്ധപ്പെട്ട് ഭൂഗോളത്തിന്‍റെ പല മേഖലകള്‍ക്കും നേരിടേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ലോകത്തിലെ ഇതുവരെ അടയാളപ്പെടുത്തപ്പെട്ട ഏറ്റവും ചൂടേറിയ വർഷമായി 2016 മാറിയത് ശക്തമായ എൽ നിനോ പ്രഭാവവുമായി ബന്ധപ്പെട്ടാണ് നിരീക്ഷിക്കപ്പെടുന്നത്. ഈ പ്രതിഭാസമില്ലാതെ തന്നെ കാലാവസ്ഥാ വ്യതിയാനം വര്‍ഷങ്ങളായി ലോകത്തിന്‍റെ വിവിധ മേഖലകളിലെ താപനിലയെ ഉയര്‍ത്തുന്നുണ്ട്. ഇതിനൊപ്പം എല്‍ നിനോ കൂടി എത്തുന്നതോടെ വലിയ വെല്ലുവിളികള്‍ മനുഷ്യ സമൂഹവും ഭരണകൂടങ്ങളും അഭിമുഖീകരിക്കും.

സമ്പദ് വ്യവസ്ഥകളെയും എല്‍ നിനോയുടെ പ്രതിഫലനങ്ങള്‍ ഗണ്യമായ രീതിയില്‍ ബാധിക്കും. പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇതിനെ കണക്കാക്കുന്നു.  ആഗോള കാലാവസ്ഥയിലെ എല്‍ നിനോ പ്രഭാവം സമ്പദ് വ്യവസ്ഥയെ എങ്ങിനെ ബാധിക്കുമെന്ന് കണ്ടറിയേണ്ടതുണ്ടെന്നും ഇത് പലിശ നിരക്കുകളെ സ്വാധീനിച്ചേക്കാമെന്നും അടുത്തിടെ ഒരു ചടങ്ങില്‍ സംസാരിക്കവേ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തി കാന്ത ദാസ് പറഞ്ഞിരുന്നു. ആഗോള സമ്പദ് വ്യവസ്ഥയില്‍ നിന്ന് 3 ട്രില്യണ്‍ ഡോളര്‍ വരെ തുടച്ചുനീക്കാന്‍ എല്‍ നിനോ ഇടയാക്കിയേക്കും എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ മഴയുടെ ഗതിവിഗതികളെയും എല്‍ നിനോ ബാധിച്ചേക്കാം.

എല്‍ നിനോ പ്രതിഭാസം തിരിച്ചെത്തിയതായി യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ കാലാവസ്ഥാ പ്രവചന കേന്ദ്രം നിരീക്ഷിച്ചിരുന്നു. ഇതിന് സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് ലോക കാലാവസ്ഥാ സംഘടന പുറത്തിവിട്ടിട്ടുള്ളത്. ഏറ്റവും ചൂടേറിയ വര്‍ഷമെന്ന 2016-ന്‍റെ റെക്കോഡ് അധികം വൈകാതെ തിരുത്തപ്പെടുമെന്നാണ് ഡബ്ല്യുഎംഒ പ്രവചിക്കുന്നത്. എൽ നിനോയും ആഗോളതാപനവും കാരണം അടുത്ത അഞ്ച് വർഷങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടും എന്നാണ് വിലയിരുത്തല്‍.

ഈ അഞ്ചു വര്‍ഷങ്ങള്‍ മൊത്തമായോ അല്ലെങ്കില്‍ അവയില്‍ ഏതെങ്കിലും ഒരു വര്‍ഷമോ ഏറ്റവും ചൂടുള്ളതായി രേഖപ്പെടുത്തുമെന്ന് സംഘടന ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഈ വര്‍ഷമാണോ അടുത്ത വര്‍ഷമാണോ റെക്കോഡിടുക എന്നത് ഇപ്പോള്‍ പ്രവചിക്കുക പ്രയാസകരമാണെന്ന് ഡബ്ല്യുഎംഒയിലെ റീജിയണൽ ക്ലൈമറ്റ് പ്രെഡിക്ഷൻ സർവീസ് മേധാവി വിൽഫ്രാൻ മൗഫൗമ ഒകിയ ചൊവ്വാഴ്ച ജനീവയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. "ഞങ്ങൾക്കറിയാവുന്നത്, അടുത്ത അഞ്ച് വർഷങ്ങളിൽ, രേഖപ്പെടുത്തപ്പെട്ട ഏറ്റവും ചൂടേറിയ വർഷങ്ങളിൽ ഒന്ന് ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നാണ്." അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എൽ നിനോ സമയത്ത്, ഭൂമധ്യരേഖയിലൂടെ പടിഞ്ഞാറ് വീശുന്ന കാറ്റ് മന്ദഗതിയിലാകുന്നു. സമുദ്രോപരിതലത്തിലെ ചൂടുവെള്ളം കിഴക്കോട്ട് നീങ്ങുകയും വിവിധ മേഖലകളില്‍ സമുദ്രോപരിതലത്തിലെ താപനില ഉയര്‍ത്തുകയും ചെയ്യുന്നു. 2 മുതല്‍ 7 വര്‍ഷം വരെയുള്ള ഇടവേളകളിലാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. 9 മുതല്‍ 12 മാസങ്ങള്‍ വരെ ഇത് നീണ്ടുനില്‍ക്കുകയും ചെയ്യും. അമേരിക്കന്‍ ഭൂഖണ്ഡം, ആഫ്രിക്ക, മധ്യേഷ്യ എന്നിവിടങ്ങളിലെ അതിവര്‍ഷം ഇതിന്‍റെ സാധാരണ പ്രതിഫലനങ്ങളില്‍ ഒന്നാണ്. മുൻകാലങ്ങളിൽ, ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, തെക്കൻ ഏഷ്യയുടെ ചില ഭാഗങ്ങൾ, മധ്യ അമേരിക്ക, വടക്കൻ തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ ഇത് കടുത്ത വരൾച്ചയ്ക്കും കാരണമായിട്ടുണ്ട്.

Tags:    

Similar News