ഇന്ത്യയില്‍ പര്യവേക്ഷണം ചെയ്യപ്പെടാത്ത അവസരങ്ങളെന്ന് വാറന്‍ ബഫറ്റ്
- ബെര്‍ക്ക്ഷയര്‍ ഹാത്ത്വേ ഇന്ത്യയില്‍ പര്യവേഷണം ചെയ്യാന്‍ ആഗ്രഹിക്കുന്നതായും ബഫറ്റ്
- ശ്രദ്ധിക്കപ്പെടാത്ത അവസരങ്ങള്‍ പിന്തുടരുന്നതില്‍ എന്തെങ്കിലും നേട്ടമുണ്ടോ എന്നതിന് പ്രാധാന്യമേറെ
ഇന്ത്യന്‍ വിപണിയില്‍ 'പര്യവേക്ഷണം ചെയ്യപ്പെടാത്ത' അവസരങ്ങളുണ്ടെന്ന് ശതകോടീശ്വരനായ നിക്ഷേപകന്‍ വാറന്‍ ബഫറ്റ്. ഭാവിയില്‍ തന്റെ കമ്പനിയായ ബെര്‍ക്ക്ഷയര്‍ ഹാത്ത്വേ ഇന്ത്യയില്‍ പര്യവേഷണം ചെയ്യാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യയില്‍ ബെര്‍ക്ക്ഷെയര്‍ പര്യവേക്ഷണം നടത്താനുള്ള സാധ്യതയെക്കുറിച്ച് ഇന്ത്യന്‍ ഇക്വിറ്റികളില്‍ നിക്ഷേപം നടത്തുന്ന യുഎസ് ആസ്ഥാനമായുള്ള ഹെഡ്ജ് ഫണ്ടായ ദൂരദര്‍ശി അഡൈ്വസേഴ്‌സിന്റെ രാജീവ് അഗര്‍വാളാണ് ബഫറ്റിനോട് ആരാഞ്ഞത്. തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
''ഇത് വളരെ നല്ല ചോദ്യമാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ധാരാളം അവസരങ്ങളുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്,' ബഫറ്റ് പറഞ്ഞു. 'എന്നിരുന്നാലും, ഇന്ത്യയിലെ ആ ബിസിനസ്സുകളെക്കുറിച്ച് ഞങ്ങള്‍ക്ക് എന്തെങ്കിലും നേട്ടമോ ഉള്‍ക്കാഴ്ചകളോ ഉണ്ടോ എന്നതാണ് ചോദ്യം -ബെര്‍ക്ക്ഷെയര്‍ ഹാത്ത്വേയുടെ സ്ഥാപകനും ചെയര്‍മാനും സിഇഒയും പറഞ്ഞു.
ബെര്‍ക്ക്ഷെയറിന് ലോകമെമ്പാടും വലിയ പ്രശസ്തി ഉണ്ടെന്ന് 93 കാരനായ ബഫറ്റ് പറഞ്ഞു. തന്റെ ജാപ്പനീസ് അനുഭവം വളരെ ആകര്‍ഷകമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.'പര്യവേക്ഷണം ചെയ്യപ്പെടാത്തതോ ശ്രദ്ധിക്കപ്പെടാത്തതോ ആയ ഒരു അവസരമുണ്ടാകാം.. എന്നാല്‍ അത് ഭാവിയില്‍ ആയിരിക്കാം,' അദ്ദേഹം ഇന്ത്യയെക്കുറിച്ച് പറഞ്ഞു. ശ്രദ്ധിക്കപ്പെടാത്ത അവസരങ്ങള്‍ പിന്തുടരുന്നതില്‍ ബെര്‍ക്ക്ഷെയറിന് എന്തെങ്കിലും നേട്ടമുണ്ടോ എന്നതാണ് കാര്യമെന്ന് ബഫറ്റ് പറഞ്ഞു.
ഒരു ചോദ്യോത്തര വേളയില്‍, ബെര്‍ക്ക്ഷയര്‍ ഹാത്ത്വേ അടുത്തിടെ എടുത്ത ചില പ്രധാന നിക്ഷേപ തീരുമാനങ്ങളുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ക്ക് ബഫറ്റ് ഉത്തരം നല്‍കി.
ആപ്പിളിലെ ഓഹരികള്‍ നിര്‍ണ്ണായകമായി കുറയ്ക്കുക എന്നത് പ്രധാന വിഷയങ്ങളിലൊന്നായിരുന്നു. സ്റ്റോക്കിനെക്കുറിച്ചുള്ള ദീര്‍ഘകാല വീക്ഷണവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും അടുത്തിടെയുള്ള മാന്ദ്യം ഉണ്ടായിരുന്നിട്ടും ആപ്പിള്‍ അവരുടെ ഏറ്റവും വലിയ ഹോള്‍ഡിംഗുകളില്‍ ഒന്നായി തുടരുമെന്നും ബഫറ്റ് വ്യക്തമാക്കി. വൈസ് ചെയര്‍മാന്‍മാരായ ഗ്രെഗ് ആബെലും അജിത് ജെയിനും ബെര്‍ക്ഷെയറിനെ നയിക്കാന്‍ യോഗ്യരായ വ്യക്തികളാണെന്ന് സ്വയം തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ഷെയര്‍ഹോള്‍ഡര്‍മാരോട് പറഞ്ഞു.