2 % നികുതി 25000 കോടി ഡോളറിന് വഴിയൊരുക്കും

  • ആഗോളതലത്തില്‍ 2756 ശതകോടീശ്വരന്മാർ
  • നികുതി വരുമാനം സമൂഹത്തില്‍ നടക്കുന്ന അസമത്വങ്ങള്‍,വിദ്യാഭ്യാസം,ആരോഗ്യം എന്നിവയില്‍ സർക്കാരിന് നിക്ഷേപിക്കാനായി സാധിക്കും
;

Update: 2023-10-27 05:48 GMT

ലോകത്തെ അതിസമ്പന്നര്‍ ഒന്നു മനസുവച്ചാല്‍, അവരുടെ സമ്പത്തില്‍ ചെറിയൊരു ഭാഗം പങ്കുവയ്ക്കാന്‍ തയാറായാല്‍ ഇന്നു വികസ്വര രാജ്യങ്ങള്‍ നേരിടുന്ന കാലാവസ്ഥ വ്യതിയാനത്തിൻ്റെ പ്രത്യാഘാതങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേണ്ട തുകയുടെ പകുതി നേടാനാകുമെന്ന് ഇയു ടാക്‌സ് ഒബ്‌സര്‍വേറ്ററിയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏതാനും ആയിരം വരുന്ന അതിസമ്പന്നര്‍ക്ക് പഴുതില്ലാതെ, അവരുടെ സമ്പത്തിൻ്റെ രണ്ടു ശതമാനത്തിനു തുല്യമായ കുറഞ്ഞ നികുതി നിരക്ക് ഏര്‍പ്പെടുത്തിയാല്‍ പ്രതിവര്‍ഷം 25000 കോടി ഡോളര്‍ (ഏകദേശം 21 ലക്ഷം കോടിരൂപ) നേടാന്‍ സാധിക്കുമെന്നാണ് ഇയു ടാക്‌സ് ഒബ്‌സര്‍വേറ്ററിയുടെ വിലയിരുത്തല്‍.

കമ്പനികള്‍ക്ക് അവരുടെ രാജ്യാന്തര ലാഭത്തില്‍ 15 ശതമാനം നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേപോലെ അതിനസമ്പന്നര്‍ക്ക് അവരുടെ സമ്പത്തില്‍ രണ്ടു ശതമാനം നികുതി നല്‍കുവാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. ആഗോള അതിസമ്പന്നരുടെ സമ്പത്ത് 1995 മുതല്‍ ഏഴു ശതമാനം വാര്‍ഷിക വളര്‍ച്ച നേടുന്നതായാണ് ഇയു ടാക്സ് ഒബ്സര്‍ വേറ്ററി വിലിയരുത്തുന്നത്.

2023 ല്‍ ആഗോളതലത്തില്‍ 2756 ശതകോടീശ്വരന്മാരുണ്ട്.ഇവരുടെ ആകെ സമ്പത്ത് 12 ലക്ഷം കോടി ഡോളറിലും കൂടുതലാണ്.രണ്ടു ശതമാനം നികുതിയെന്നത് ഇവരെ സംബന്ധിച്ചിടത്തോളം നിസാരമാണ്. ആ തുകയാകട്ടെ പൊതുനിക്ഷേപത്തിലെ വിടവു നികത്താന്‍ ഉപയോഗിക്കാനാകും.പ്രത്യേകിച്ചും കാലാവസ്ഥ വ്യതിയാനം ഉയര്‍ത്തുന്ന പ്രശ്ൻങ്ങള്‍,വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാനസൗകര്യം, കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കല്‍ തുടങ്ങിയ പൊതുനിക്ഷേപം കൂടുതല്‍ വേണ്ട മേഖലകളില്‍ നിക്ഷേപാവശ്യം നിറവേറ്റാന്‍ സഹായിക്കുമെന്ന് ഇയു ഒബ്സർവേറ്ററി വിലയിരുത്തുന്നു.

യൂറോപ്യന്‍ യൂണിയന്‍ നികുതി ഒബ്‌സര്‍വേറ്ററി റിപ്പോര്‍ട്ട് പ്രകാരം കിഴക്കന്‍ ഏഷ്യയിലാണ് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുള്ളത്. 838 പേര്‍. ഇവരുടെ ആകെ സമ്പത്ത് 3.45 ലക്ഷം കോടി ഡോളറാണ്. ഇവരിപ്പോള്‍ നല്കുന്ന നികുതി 860 കോടി ഡോളറാണ്. രണ്ടു ശതമാനം നികുതി നല്‍കാന്‍ തയാറായാല്‍ 6030 കോടി ഡോളര്‍ വരുമാനം കിട്ടും. വടക്കേ അമേരിക്കയിലെ അതിസമ്പന്നമാരുടെ എണ്ണം 835 ആണ്. അവരുടെ മൊത്തം സമ്പത്ത് 4.82 ലക്ഷം കോടി ഡോളറാണ്. അവര്‍ ഇപ്പോള്‍ നല്‍കുന്ന നികുതി 2410 കോടി ഡോളറും.രണ്ടു ശതമാനം നികുതി നല്‍കിയാല്‍ അത് 7230 കോടി ഡോളറായി ഉയരും.

വികസ്വര രാജ്യങ്ങളില്‍ കാലാവസ്ഥ വ്യതിയാനമുണ്ടാക്കുന്ന പ്രശ്നങ്ങളെ നേരിടാന്‍ 50000 കോടി ആവശ്യമുണ്ടെന്നാണ് ഇന്‍ഡെപെന്‍ഡന്റ് ഹൈ ലെവല്‍ എക്സ്പേര്‍ട്ട് ഗ്രൂപ്പ് ഓണ്‍ ക്ലൈമറ്റ് ഫിനാന്‍സിന്റെ 2022-ലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിസമ്പന്നര്‍ രണ്ടു ശതമാനം നികുതി നല്‍കാന്‍ തയാറായാല്‍ ആവശ്യത്തിൻ്റെ പകുതിയായ 25000 കോടി ഡോളര്‍ സമാഹരിക്കാന്‍ കഴിയുമെന്ന് ഇയു ടാക്‌സ് ഒബ്‌സര്‍വേറ്ററി വിലയിരുത്തുന്നു.

എന്തുകൊണ്ട് ശതകോടീശ്വരന്മാര്‍

ലോകത്തെമ്പാടുമുള്ള അതിസമ്പന്നരുടെ എണ്ണം തീരെക്കുറവാണ്. അവര്‍ നല്‍കുന്ന വ്യക്തിഗത നികുതിയും ചെറുതാണ്. അവരുടെ പങ്ക് 0-0.5 ശതമാനമാണെന്നാണ് കണക്കാക്കുന്നത്. ചെറിയ ഗ്രൂപ്പായതിനാല്‍ രാജ്യങ്ങള്‍ക്കു നികുതി ഏര്‍പ്പെടുത്തുക എളുപ്പമാണെന്നു ഇയു ടാക്സ് ഒബ്‌സര്‍വേറ്ററി അഭിപ്രായപ്പെടുന്നു.

Full View


Tags:    

Similar News