ഔഷധ ചെടി ; ഈ വീട്ടമ്മ മാസം സമ്പാദിക്കുന്നത് ലക്ഷങ്ങള്‍
ഔഷധ ചെടികളുടെ ഒരു പറുദീസയാണ് സുല്‍ഫത്തിന്റെ വീടും ഒരേക്കറോളം വരുന്ന ഭൂമിയും;

ഔഷധ ചെടികളുടെ ഒരു പറുദീസയാണ് സുല്‍ഫത്തിന്റെ വീടും ഒരേക്കറോളം വരുന്ന ഭൂമിയും. വൈപ്പിന്‍ എടവനക്കാട് അണിയില്‍ എന്ന ബസ് സ്റ്റോപ്പില്‍ ഇറങ്ങി അഞ്ച് മിനിറ്റ് നടന്നാല്‍ കാട്ടുപറമ്പില്‍ സുല്‍ഫത്ത് മൊയ്തീന്റെ വീട്ടിലെത്താം.
രാമച്ചം, ദന്തപാല, കേശവര്‍ധിനി, കൃഷ്ണ തുളസി, ആടലോടകം, വയമ്പ്, കസ്തൂരി മഞ്ഞള്‍, കരിമഞ്ഞള്‍, വാടാര്‍ മഞ്ഞള്‍, റെഡ് കറ്റാര്‍ വാഴ തുടങ്ങിയ ഡസന്‍ കണക്കിന് ഔഷധ ചെടികളുണ്ട് സുല്‍ഫത്തിന്റെ കൃഷിയിടത്തില്‍. എങ്കിലും ഇവിടെയെത്തുന്ന ഭൂരിഭാഗം പേരും പൊന്നാങ്കണ്ണി ചീര അന്വേഷിച്ചാണു വരുന്നത്.
ജില്ലയ്ക്ക് അകത്തും പുറത്തും നിന്നും വരെ ആളുകള്‍ പൊന്നാങ്കണ്ണി ചീര ചോദിച്ചെത്തുന്നു. ഔഷധ ഗുണം ഏറെയുണ്ടെന്നതാണ് ഈ പ്രത്യേക തരം ചീരയെ വ്യത്യസ്തമാക്കുന്നത്.
കാഴ്ച ശക്തിക്കും, മൂലക്കൂരു ഭേദമാക്കാനുമൊക്കെ ഈ ചീര ഉത്തമമാണ്.
പൊന്നും വില
വിപണിയില്‍ ഈ ചീരയ്ക്ക് പൊന്നും വിലയാണുള്ളത്. കിലോയ്ക്ക് 5000 രൂപ വരെ ഈടാക്കുന്നുണ്ടെന്നു സുല്‍ഫത്ത് പറയുന്നു.
25 തൈകള്‍ക്ക് സുല്‍ഫത്ത് ഈടാക്കുന്നത് 350 രൂപയാണ്. പത്ത് ദിവസം വരെ കഴിക്കാനുള്ള ചീരയ്ക്ക് സുല്‍ഫത്ത് ഈടാക്കുന്നത് 600 രൂപയും.
ഈ ചീരയുടെ തൈ നട്ട് 10 ദിവസം കഴിഞ്ഞാല്‍ പറിച്ച് കറിവെക്കാനാകുമെന്നും സുല്‍ഫത്ത് പറയുന്നു.
കൃഷി
പത്ത് വര്‍ഷം മുന്‍പ് സുല്‍ഫത്തിന്റെ ഭര്‍ത്താവും തടി വ്യവസായിയുമായ മൊയ്തീന്‍ ബിസിനസ് ആവശ്യത്തിനായി തമിഴ്‌നാട്ടില്‍ പോയപ്പോഴാണ് പൊന്നാങ്കണ്ണി ചീരയുടെ ഔഷധഗുണങ്ങളെ കുറിച്ച് ആദ്യമായി കേട്ടത്. അന്ന് തമിഴ്‌നാട്ടില്‍ നിന്നും കുറച്ചു തൈകള്‍ വാങ്ങി വീട്ടില്‍ കൊണ്ടുവന്നു നട്ടു. അത് നല്ല പോലെ വളരുകയും ചെയ്തു. പറമ്പ് മുഴുവന്‍ നിറയുകയും ചെയ്തു. ഈ ചീരയുടെ ഇല വെറുതെ മണ്ണില്‍ നട്ടാല്‍ പോലും തഴച്ചു വളരുമെന്നു സുല്‍ഫത്ത് പറയുന്നു. ഈ ചീരയ്ക്ക് അധികം ഉയരം വയ്ക്കില്ലെന്നതിനാല്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഒരുക്കാനും ചിലര്‍ ഉപയോഗിക്കുന്നുണ്ട്.

ഏകദേശം ആറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊച്ചി എഫ്എം റേഡിയോയില്‍ സുല്‍ഫത്തിനെ കുറിച്ചൊരു പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. അതില്‍ പൊന്നാങ്കണ്ണി ചീരയെ കുറിച്ചു സുല്‍ഫത്ത് വിവരിച്ചു. അങ്ങനെയാണു സുല്‍ഫത്തിനെ കുറിച്ചും ചീരയെക്കുറിച്ചും നാട്ടുകാര്‍ അറിഞ്ഞത്.
സുല്‍ഫത്ത്‌സ് ഗ്രീന്‍ഡയറി എന്ന പേരിലൊരു യുട്യൂബ് ചാനലുണ്ട്. അതില്‍ പൊന്നാങ്കണ്ണി ചീരയെ കുറിച്ചും മറ്റ് ഔഷധ സസ്യങ്ങളെ കുറിച്ചും സുല്‍ഫത്ത് വീഡിയോ ചെയ്യാറുണ്ട്. അങ്ങനെയാണു കൂടുതല്‍ പേര്‍ ഇക്കാര്യം അറിയാനിടയായത്.
ലോക്ക്ഡൗണില്‍ വില്‍പ്പന പൊടിപൊടിച്ചു
ലോക്ക്ഡൗണ്‍ കാലത്താണ് പൊന്നാങ്കണ്ണി ചീരയ്ക്ക് വന്‍തോതില്‍ ഡിമാന്‍ഡുണ്ടായതെന്നു സുല്‍ഫത്ത് പറഞ്ഞു. അന്ന് കൂടുതലും പാഴ്‌സലായിട്ടാണ് അയച്ചു കൊടുത്തത്. ഇന്നും പാഴ്‌സലായി ആളുകള്‍ക്ക് അയച്ചു കൊടുക്കുന്നുണ്ട്. ആവശ്യക്കാരുടെ എണ്ണം ഓരോ ദിവസം കഴിയുമ്പോഴും ഏറി വരികയാണ്.പാഴ്‌സല്‍ കൈകാര്യം ചെയ്യാനും ചെടികളുടെ പരിചരണത്തിനുമായി സുല്‍ഫത്ത് ഏഴ് ജീവനക്കാരെ ഇപ്പോള്‍ നിയമിച്ചിരിക്കുകയാണ്. പ്രതിമാസം 500-ലേറെ പേര്‍ക്ക് പാഴ്‌സലായും നേരിട്ടും പൊന്നാങ്കണ്ണി ചീരയും, തൈകളും സുല്‍ഫത്ത് വില്‍ക്കുന്നുണ്ട്.
ചീര മാത്രമല്ല വേറെയുമുണ്ട് ഔഷധസസ്യങ്ങള്‍
പൊന്നാങ്കണ്ണി ചീരയാണ് സുല്‍ഫത്തിന്റെ പ്രധാന ബിസിനസ്സ് എങ്കിലും വേറെയും ഔഷധ സസ്യങ്ങള്‍ കൃഷി ചെയ്യുന്നുണ്ട്. കസ്തൂരി മഞ്ഞള്‍ അവയിലൊന്നാണ്. വീട്ടിലെ പറമ്പില്‍ വലിയൊരു പ്രദേശത്ത് കസ്തൂരി മഞ്ഞള്‍ നട്ട് വളര്‍ത്തിയിട്ടുണ്ട്. കസ്തൂരി മഞ്ഞള്‍ ഉണക്കി പൊടിച്ചും, തൈകളായുമൊക്കെ വില്‍പ്പനയുമുണ്ട്.
കസ്തൂരി മഞ്ഞളിന്റെ പൗഡറിന് ഒരു കിലോയ്ക്ക് 3000 രൂപയ്ക്കാണ് സുല്‍ഫത്ത് വില്‍ക്കുന്നത്. ഒരു തൈക്ക് 100 രൂപയും ഈടാക്കുന്നു. രണ്ടിനും ആവശ്യക്കാരേറെയാണെന്നു സുല്‍ഫത്ത് പറയുന്നു. കഴിഞ്ഞ രണ്ട് മൂന്ന് മാസത്തിനിടെ സുല്‍ഫത്ത് 500 കിലോയിലേറെ പൗഡര്‍ മാത്രം വില്‍പ്പന നടത്തുകയുണ്ടായി.
ലക്ഷങ്ങള്‍ വിലമതിക്കുന്ന വാടാര്‍ മഞ്ഞള്‍
വിപണിയില്‍ മൂന്ന് ലക്ഷം വരെ വില മതിക്കുന്ന വാടാര്‍ മഞ്ഞള്‍ സുല്‍ഫത്തിന്റെ കൃഷിയിടത്തിലുണ്ട്. ഈ മഞ്ഞള്‍ ത്വക്ക് രോഗ ചികിത്സയ്ക്കാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മണ്ണിനടിയില്‍ അഞ്ച് വര്‍ഷത്തോളം പഴക്കമുള്ള വാടാര്‍ മഞ്ഞളാണ് കിലോ മൂന്ന് ലക്ഷം രൂപ ലഭിക്കുന്നത്.
ഇതിന്റെ തൈ 500 രൂപ നിരക്കില്‍ സുല്‍ഫത്ത് വില്‍ക്കുന്നുണ്ട്.
സുല്‍ഫത്തിന്റെ കൃഷിയിടത്തില്‍ വിലപിടിപ്പുള്ള മറ്റൊരു ഔഷധച്ചെടിയാണ് റെഡ് കറ്റാര്‍വാഴ. ഇതിന്റെ ഒരു ഇലയ്ക്ക് 1000 രൂപ വരെ വിലയുണ്ട്. റെഡ് കറ്റാര്‍ വാഴയുടെ തൈ സുല്‍ഫത്ത് വില്‍ക്കുന്നത് 300 രൂപയ്ക്കാണ്.
സര്‍ക്കാര്‍ അംഗീകാരം
സുല്‍ഫത്തിന്റെ കൃഷിയിടത്തില്‍ ഏറെക്കുറെ എല്ലാ ഔഷധ ചെടികളും, പച്ചക്കറികളുമുണ്ട്. കൃഷിയിലെ മികവിന് രണ്ട് തവണയാണു സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് സമ്മാനിച്ചത്. 2019, 2020 വര്‍ഷങ്ങളിലാണ് അവാര്‍ഡ് ലഭിച്ചത്.
ഒരു തവണ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന വിഭാഗത്തിലും രണ്ടാമത്തെ തവണ മട്ടുപ്പാവ് കൃഷിയിലെ മികവിനുമാണ് അവാര്‍ഡ് ലഭിച്ചത്. ഇതിനു പുറമെ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, കാര്‍ഷിക കൂട്ടായ്മ, ക്ലബ്ബ്, സംഘടന എന്നിവയുടെയും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.