പുതുതീരങ്ങളിലേക്ക്‌ കൊച്ചി വാട്ടർ മെട്രോ

  • കൊച്ചി വാട്ടർ മെട്രോ പുതിയ നാല്‌ ടെർമിനലിലേക്കുകൂടി സർവീസ്‌ നടത്തും
  • പുതിയ രണ്ട് റൂട്ടുകളിൽ മെട്രോ സർവ്വീസ് ആരംഭിക്കും
  • പത്ത് മാസത്തിനിടെ പതിനേഴര ലക്ഷം ആളുകളാണ് മെട്രോയിൽ യാത്ര ചെയ്തത്

Update: 2024-03-15 06:51 GMT

കേരളത്തിന്റെ ജലഗതാഗത രംഗത്ത്‌ നാഴികക്കല്ലായി മാറിയ കൊച്ചി വാട്ടർ മെട്രോ ഇനി മുതൽ പുതിയ നാല്‌ ടെർമിനലിലേക്കുകൂടി സർവീസ്‌ നടത്തും.

മുളവുകാട്‌ നോർത്ത്‌, സൗത്ത്‌ ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ ടെർമിനലുകളിലേക്കാണ്‌ സർവീസ്‌.

 പുതിയ രണ്ട് റൂട്ടുകൾ

 പുതിയ നാല് ടെർമിനലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമര്‍പ്പിച്ചതോടെ പുതിയ രണ്ട് റൂട്ടുകളിൽ മെട്രോ സർവ്വീസ് ആരംഭിക്കും.

ഹൈക്കോർട്ട് ജംഗ്ഷൻ - ബോൾഗാട്ടി, മുളവുകാട് നോർത്ത് ടെർമിനലുകൾ വഴി സൗത്ത് ചിറ്റൂർ ടെർമിനൽ വരെയാണ് ഒരു റൂട്ട്.

സൗത്ത് ചിറ്റൂർ - ഏലൂർ ടെർമിനൽ വഴി ചേരാനെല്ലൂർ ടെർമിനൽ വരെയുള്ളതാണ് മറ്റൊരു റൂട്ട്.

ഞായറാഴ്ച രാവിലെ മുതൽ പുതിയ റൂട്ടുകളിൽ സർവീസ് ആരംഭിക്കും.

വാട്ടര്‍ മെട്രോ സര്‍വീസ് വ്യാപിപ്പിക്കുന്നു

നിലവിൽ ഹൈക്കോർട്ട് ജംഗ്ഷൻ - വൈപ്പിൻ - ബോൾഗാട്ടി, വൈറ്റില - കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലായി 13 ബോട്ടുകളാണ് കൊച്ചി വാട്ടർ മെട്രോയ്ക്കായി സർവീസ് നടത്തുന്നത്.

പാലിയംതുരുത്ത്, കുമ്പളം, വില്ലിംഗ്ടൺ ഐലൻഡ്, മട്ടാഞ്ചേരി എന്നീ ടെർമിനലുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.

കൊച്ചി വാട്ടർ മെട്രോ പദ്ധതി പൂർത്തിയാകുമ്പോൾ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവീസ് നടത്തും. 

പതിനേഴര ലക്ഷം യാത്രക്കാർ 

കൊച്ചി വാട്ടർ മെട്രോയിൽ കഴിഞ്ഞ പത്ത് മാസത്തിനിടെ പതിനേഴര ലക്ഷം ആളുകളാണ് യാത്ര ചെയ്തത്.

സർവീസ് ആരംഭിച്ച് ആറു മാസത്തിനുള്ളിൽ തന്നെ 10 ലക്ഷം യാത്രക്കാർ മെട്രോയിൽ യാത്ര ചെയ്തു.

2023 ഏപ്രിൽ 26നാണ്‌ വാട്ടർ മെട്രോ ഉദ്‌ഘാടനം ചെയ്തത്. 

ഹൈക്കോടതി– വൈപ്പിൻ, വൈറ്റില– കാക്കനാട്‌ റൂട്ടുകളിലായിരുന്നു ആദ്യ സർവീസ്‌.


Tags:    

Similar News