ആര്‍സിസിയില്‍ ഇനി കാൻസർ ചികിത്സക്ക് റോബോട്ടിക് സർജറി

  • വിവിധ തരത്തിലുള്ള കാന്‍സറുകളുടെ ചികിത്സയ്ക്ക് റോബോട്ടിക് ശസ്ത്രക്രിയ ഫലപ്രദമാണ്
  • കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത്
  • ആർസിസി.യിലെ അത്യാധുനിക ചികിത്സാ സംവിധാനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

Update: 2024-01-11 14:28 GMT

ഇന്ത്യയിലും വിദേശത്തുമുള്ള വന്‍കിട ആശുപത്രികളില്‍ മാത്രം ലഭ്യമായിരുന്ന റോബോട്ടിക് സര്‍ജറി യൂണിറ്റ് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം ആര്‍.സി.സിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമാകുന്നതിലൂടെ കാന്‍സര്‍ ചികിത്സാ രംഗത്ത് സുപ്രധാനമായ ചുവടുവെയ്പ്പാണ് ആരോഗ്യ മേഖല കൈവരിക്കുന്നത്.

ആര്‍സിസിയില്‍ പ്രവര്‍ത്തനസജ്ജമായ റോബോട്ടിക് സര്‍ജറി യൂണിറ്റ്, ഹൈപെക് ചികിത്സാ സംവിധാനം, പേഷ്യന്റ് വെല്‍ഫെയര്‍ ആന്റ് സര്‍വീസ് ബ്ലോക്ക്, ക്ലിനിക്കല്‍ ലബോറട്ടറി ട്രാക്കിംഗ് സംവിധാനം എന്നിവയുടെ ഉദ്ഘാടനം ജനുവരി 15ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയവും ചികിത്സയും കൂടുതല്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ആര്‍.സി.സി.യിലും എം.സി.സി.യിലും റോബോട്ടിക് സര്‍ജറി സംവിധാനവും,ഡിജിറ്റല്‍ പത്തോളജി മികവിന്റെ കേന്ദ്രങ്ങളുംസജ്ജമാക്കുന്നതിന് റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവിലൂടെ 78.87 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

വിവിധ തരത്തിലുള്ള കാന്‍സറുകളുടെ ചികിത്സയ്ക്ക് റോബോട്ടിക് ശസ്ത്രക്രിയ ഫലപ്രദമാണ്. രോഗിയുടെ വേദന കുറയ്ക്കുക, എത്രയും വേഗത്തില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരിക, ശസ്ത്രക്രിയയ്ക്കിടയിലുള്ള രക്തസ്രാവം  കുറയ്ക്കാന്‍ സാധിക്കുക എന്നിവയൊക്കെയാണ് റോബോട്ടിക് ശസ്ത്രക്രിയയുടെ പ്രധാന ഗുണങ്ങള്‍. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത്.

Tags:    

Similar News