സിൽവർലൈൻ പദ്ധതി ഉറപ്പായും നടക്കുമെന്ന് കെ വി തോമസും

  • പദ്ധതി വേഗത്തിലാക്കാൻ കേന്ദ്രവും റെയിൽവേ മന്ത്രാലയവുമായി ചർച്ച നടത്തി വരുന്നു
  • മെട്രോമാൻ ഇ.ശ്രീധരൻ നൽകിയ നിർദേശങ്ങൾ കേരള സർക്കാർ ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്
  • നരേന്ദ്ര മോദി, പിണറായി വിജയൻ തുടങ്ങിയവർ അവരുടേതായ രീതിയിൽ അതുല്യർ

Update: 2023-12-23 05:13 GMT

കൊച്ചി: സിൽവർലൈൻ സെമി ഹൈസ്പീഡ് റെയിൽ പദ്ധതി 100 ശതമാനം യാഥാർത്ഥ്യമാകുമെന്ന് കാബിനറ്റ് റാങ്കോടെ ന്യൂഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി പ്രവർത്തിക്കുന്ന പ്രൊഫ. കെ വി തോമസ് മൈഫിൻപോയിന്റിനോട് പറഞ്ഞു.

സിൽവർ ലൈൻ പദ്ധതി വേഗത്തിലാക്കാൻ കേന്ദ്രവും റെയിൽവേ മന്ത്രാലയവുമായി ചർച്ച നടത്തിവരികയാണെന്ന് തോമസ് പറഞ്ഞു. മെട്രോമാൻ ഇ.ശ്രീധരൻ നൽകിയ നിർദേശങ്ങൾ കേരള സർക്കാർ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരള സംസ്ഥാന മന്ത്രിസഭയിലെ മന്ത്രി, പാർലമെന്റിനു കീഴിലുള്ള പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) ചെയർമാൻ, കൃഷി മന്ത്രാലയത്തിൽ സഹമന്ത്രി എന്നീ ഉന്നത പദവികളിൽ അനേകകാലം പ്രവർത്തിച്ച പ്രൊഫസർ തോമസ് രണ്ടാം യുപിഎ സർക്കാരിൽ ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിൽ സഹമന്ത്രിയുമായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയ നേതാക്കൾ അവരുടേതായ രീതിയിൽ അതുല്യരാണെന്ന് മൈഫിൻപോയിന്റുമായുള്ള അഭിമുഖത്തിൽ രാഷ്ട്രീയം മുതൽ വികസനം വരെയുള്ള വിവിധ വിഷയങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കവെ തോമസ് പറഞ്ഞു.

മോദിയുടെ കഠിനാധ്വാനവും വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയും ശ്ലാഘനീയമാണെന്ന പോലെ തന്നെ പിണറായി വിജയന്റെ ഇച്ഛാശക്തിയാണ് വ്യത്യസ്ത പദ്ധതികൾ നടപ്പാക്കാൻ കേരളത്തെ സഹായിച്ചതെന്നും ഗെയിൽ പദ്ധതി ഇതിനൊരു മികച്ച സാക്ഷ്യമായി നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ തന്നെ കേരളത്തിന്റെ മുൻമുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെയും തോമസ് പ്രശംസിച്ചു. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യമാണ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) യാഥാർത്ഥ്യമാകുന്നതിന് കാരണമായതെന്ന് തോമസ് പറഞ്ഞു. വിവിധ സർക്കാർ സ്ഥാപനങ്ങൾ സംസ്ഥാന ഖജനാവിന് ഭാരം ഏൽപ്പിച്ച് വൻതോതിൽ നഷ്ടത്തിന്റെ കഥകൾ തുടരുമ്പോഴും സംസ്ഥാനത്ത് ലാഭമുണ്ടാക്കുന്ന ഒരു സംരംഭമായി സിയാൽ തുടരുന്നു, അദ്ദേഹം ചൂണ്ടിക്കാട്ടി.

"പ്രാരംഭ ഘട്ടത്തിൽ കൊച്ചിൻ എയർപോർട്ട് പദ്ധതിക്ക് നിരവധി തടസ്സങ്ങൾ നേരിട്ടു. എന്നാൽ കെ കരുണാകരന്റെ നിശ്ചയദാർഢ്യം പദ്ധതിയെ അതിന്റെ ഫലപ്രാപ്തിയിലേക്ക് നയിച്ചു. ഇന്ന്, കൊച്ചിൻ എയർപോർട്ട് അല്ലെങ്കിൽ സിയാൽ രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിമാനത്താവളങ്ങളിലൊന്നാണ്," തോമസ് പറഞ്ഞു.

"സമീപഭാവിയിൽ സിയാലിൻ്റെ ഓഹരികൾ ലിസ്റ്റ് ചെയ്യപ്പെടുമെന്ന പ്രതീക്ഷ തനിക്കുണ്ട്. എന്നിരുന്നാലും, അതൊരു ആഭ്യന്തര കാര്യമാണ്, അതിനാൽ അതിനെക്കുറിച്ച് ഞാൻ ഒന്നും പറയുന്നത് ഉചിതമല്ല,” ലിസ്‌റ്റിംഗിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു.

സംസ്ഥാനം നേരിടുന്ന സാമ്പത്തിക സമ്മർദത്തെ സ്പർശിച്ച തോമസ്, ഒരു സാഹചര്യത്തിലും ഫണ്ടിന്റെ ദൗർലഭ്യം വികസന പദ്ധതികളെ ബാധിക്കില്ലെന്ന് പറഞ്ഞു. 

Tags:    

Similar News