A/C,Wi-Fi, പ്രീമിയം ബസ് സർവീസുമായി കെഎസ്ആർടിസി
- ആദ്യ ഘട്ടത്തിൽ 48 ബസുകൾ
- ബസിൽ വൈഫൈ ഇന്റർനെറ്റ് സൗകര്യവും
- 10 രൂപ അധികം നൽകിയാൽ എവിടെ നിന്നും കയറാം
എ.സിയും, വൈഫൈയും ഉള്‍പ്പെടെ അത്യാധുനിക സംവിധാനങ്ങളൊരുക്കി കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസ് സര്‍വീസ് ആരംഭിക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്താനാണ് തീരുമാനം.
പുതിയ പ്രീമിയം എസി ബസിൽ 42 പേർക്ക് സഞ്ചരിക്കാം. പുഷ്ബാക്ക് സീറ്റിനു പുറമെ ബസിൽ വൈഫൈ ഇന്റർനെറ്റ് സൗകര്യങ്ങളും ലഭ്യമാക്കും. വൈഫൈ സേവനം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ ടിക്കറ്റ് റിസർവ് ചെയ്യുന്ന സമയത്തു അധിക ഫീസ് കൂടി നൽകണം.
സൂപ്പര്‍ ഡീലക്സ് എസി ബസ് നിരക്കിനേക്കാള്‍ കുറവും സൂപ്പര്‍ഫാസ്റ്റ് ബസ് നിരക്കിനേക്കാള്‍ നേരിയ കൂടുതലുമാകും പുതിയ നിരക്ക്. അതേസമയം, എസി ലോഫ്ളോര്‍ നിരക്കിനേക്കാള്‍ കുറവായിരിക്കും. നിന്ന് യാത്ര ചെയ്യാന്‍ ഈ ബസിൽ അനുവദിക്കില്ല. സീറ്റുകളിലേക്ക് മുന്‍കൂട്ടി റിസര്‍വേഷന്‍ നടത്തും. പ്രധാന ഡിപ്പോകളില്‍ മാത്രമാകും സ്‌റ്റോപ്പുള്ളത്. എന്നാല്‍ 10 രൂപ അധികം നല്‍കുന്നവര്‍ക്ക് സ്‌റ്റോപ്പ് ഇല്ലാത്ത സ്ഥലങ്ങളില്‍ നിന്ന് കയറാന്‍ സാധിക്കും.എവിടെ നിന്നാണു കയറുന്നതെന്ന ഗൂഗിൾമാപ്പ് ലൊക്കേഷൻ ബുക്കിങ് സമയത്തുതന്നെ കൈമാറണം.
സൂപ്പർഫാസ്റ്റ് പ്രീമിയം എസി വിഭാഗത്തിൽ ആദ്യ ഘട്ടത്തിൽ 48 ബസുകൾക്കാണ് കരാർ നൽകുന്നതെങ്കിലും മൊത്തം 220 ബസുകളാണു വാങ്ങാൻ ഉദ്ദേശിക്കുന്നത്. പുതിയ ബസിന് 36 മുതൽ 38 ലക്ഷം രൂപ വരെ ചെലവാകുമെന്നാണ് കെഎസ്ആർടിസിയുടെ വിലയിരുത്തൽ. കരാർ നൽകിയാൽ ഒന്നര മാസത്തിനകം പുതിയ ബസുകൾ എത്തുമെന്നാണ് പ്രതീക്ഷ.