കൊച്ചി മെട്രോ: രണ്ടാംഘട്ടത്തിന്‌ 379 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

  • 11.8 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് രണ്ടാംഘട്ടത്തിന്റെ നിര്‍മ്മിതി.
  • പുതിയ പാത കലൂര്‍ മുതല്‍ കാക്കനാട് വരെ
  • 11 സ്‌റ്റേഷനുകളാണ് പാതയിലുണ്ടാവുക

Update: 2023-12-04 10:34 GMT

കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാംഘട്ടമായ പിങ്ക് ലൈന്‍ നിര്‍മ്മാണത്തിന് 378.57 രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്കിലൂടെ കാക്കനാടുവരെ ദീര്‍ഘിപ്പിക്കുന്ന പദ്ധതിയുടെ പുതുക്കിയ അടങ്കലിന് ഭരണാനുമതി നല്‍കുന്നതിനാണ് ധനവകുപ്പിന്റെ അംഗീകാരം ലഭിച്ചിരിക്കുന്നത്. 11.8 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് രണ്ടാംഘട്ടത്തിന്റെ നിര്‍മ്മിതി.

കലൂര്‍ സ്‌റ്റേഡിയം, പാലാരിവട്ടം സിവില്‍ ലൈന്‍ റോഡിലൂടെ ബൈപാസ് വഴി ആലിൻചുവട്‌, ചെമ്പ്മുക്ക്, വാഴക്കാല, പടമുകള്‍, ലിങ്ക് റോഡിലൂടെ സീപോര്‍ട്ട്എയര്‍പോര്‍ട്ട് റോഡ് വഴി ഈച്ചമുക്ക്, ചിത്തേറ്റുകര, ഐ.ടി. റോഡ് വഴി ഇന്‍ഫോപാര്‍ക്ക് വരെ നീളുന്നതാണ് നിര്‍ദിഷ്ട കലൂര്‍-ഇന്‍ഫോപാര്‍ക്ക് പാത.  11.8 കിലോമീറ്റര്‍ നീളം വരുന്നതാണ് പുതിയ മെട്രോ പാത.

ഡിഎംആര്‍സിക്ക് പകരം കൊച്ചി മെട്രോ നേരിട്ടാവും പദ്ധതിയുടെ നിര്‍മ്മാണം നിര്‍വഹിക്കുക.11 സ്‌റ്റേഷനുകളാണ് പാതയിലുണ്ടാവുക.കലൂര്‍ സ്‌റ്റേഡിയം സ്‌റ്റേഷനില്‍ നിന്നും പാലാരിവട്ടം ജംഗ്ഷന്‍, പാലാരിവട്ടം ബൈപ്പാസ്, ചെമ്പുമുക്ക്, വാഴക്കാല, പടമുകള്‍, കാക്കനാട് ജംഗ്ഷന്‍, കൊച്ചി സെസ്സ്, ചിറ്റേട്ടുകര, കിന്‍ഫ്രാ പാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് 1, ഇന്‍ഫോപാര്‍ക്ക് 2 എന്നിവയാണ് നിര്‍ദ്ദിഷ്ട സ്‌റ്റേഷനുകള്‍.

പാതയിലെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സ്‌റ്റേഷനുകള്‍ക്കായി സ്ഥലം അളന്ന് വില നിശ്ചയിക്കാനുളള നടപടികള്‍ ഉടന്‍ പുര്‍ത്തിയാക്കും.

2025 ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് സര്‍വീസ് ആരംഭിക്കാനാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ലക്ഷ്യം.

Also Read : കൊച്ചി മെട്രോയുടെ പ്രവർത്തന ലാഭം

Tags:    

Similar News