കെൽട്രോണിന് 643 കോടിയുടെ റെക്കോർഡ് വിറ്റുവരവ്
- 520 കോടിയുടെ വിറ്റുവരവ് റെക്കോര്‍ഡ് കമ്പനി മറികടന്നു
- 1000 കോടി എന്നതാണ് കെൽട്രോണിന്റെ ലക്ഷ്യം
വെല്ലുവിളികള്‍ക്കിടയിലും അഭിമാനാര്‍ഹമായ ബിസിനസ് നേട്ടം കൈവരിച്ച് കെല്‍ട്രോണ്‍.
ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോര്‍ഡ് വിറ്റുവരവാണ് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കെല്‍ട്രോണ്‍ നേടിയെടുത്തത്. 643 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ നേടിയ 520 കോടിയുടെ വിറ്റുവരവ് റെക്കോര്‍ഡ് കമ്പനി മറികടന്നു. വൈകാതെ തന്നെ വിറ്റുവരവ് 1000 കോടി എന്നതാണ് കെൽട്രോണിന്റെ ലക്ഷ്യം.
ഉപ കമ്പനികളായ കണ്ണൂരിലെ കെ സി സി എല്‍ (104 കോടി രൂപ), മലപ്പുറത്തെ കെ ഇ സി എല്‍ (30 കോടി രൂപ) എന്നിവ ഉള്‍പ്പെടെ കെല്‍ട്രോണ്‍ ഗ്രൂപ്പ് കമ്പനികള്‍ 777 കോടി രൂപയുടെ വിറ്റു വരവും 59 കോടി രൂപ പ്രവര്‍ത്തന ലാഭവും ഉണ്ടാക്കിയിട്ടുണ്ട്.
മുന്‍ സാമ്പത്തിക വര്‍ഷത്തെ വിറ്റുവരവായ 582 കോടി രൂപയില്‍ നിന്നും 33 ശതമാനം വര്‍ദ്ധനവ് നേടിയെടുക്കാന്‍ കെല്‍ട്രോണ്‍ ഗ്രൂപ്പിന് ഈ വര്‍ഷം സാധിച്ചു.
മൊത്തം വിറ്റുവരവിൽ 100 കോടിയോളം രൂപ ഇന്ത്യൻ നാവിക സേനയ്ക്കും എൻ.പി.ഒ.എല്ലിനും ഡിഫൻസ് ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങൾ നൽകിയതിൽനിന്നുള്ളതാണ്. ഐ.ടി. അനുബന്ധ ബിസിനസ്,സേവന മേഖലകളിൽ നിന്ന് 249 കോടി രൂപയും സ്മാർട്ട് ക്ലാസ് റൂം സ്ഥാപിക്കുന്ന പദ്ധതിയിലൂടെ 143 കോടി രൂപയും ലഭിച്ചു. ഇതോടൊപ്പം കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ട്രാഫിക് എൻഫോഴ്‌സ്‌മെന്റ്, ന്യൂക്ലിയർ പവർ പ്ലാന്റുകൾക്കുള്ള പവർ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ, സ്മാർട്ട് സിറ്റി പദ്ധതികൾ, ഐ.എസ്.ആർ.ഒ.യ്ക്ക് ഇലക്‌ട്രോണിക്‌സ് സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങളും വരുമാനം കൂട്ടാൻ കമ്പനിക്ക് സഹായകമായി.
പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിലും മാനേജ്മെന്റ് സ്വീകരിച്ചിരുന്ന കൃത്യമായ നടപടികളും, എല്ലാ യൂണിറ്റിലെയും ജീവനക്കാരുടെ പ്രതിബദ്ധതയും കൂട്ടായ പരിശ്രമങ്ങളുമാണ് കമ്പനിയുടെ ഈ നിറവാര്‍ന്ന നേട്ടം സാദ്ധ്യമാക്കിയിരിക്കുന്നത്.