ഇക്കൊല്ലം കൊച്ചി വിമാനത്താവളം വഴി പറന്നത് 1 കോടി പേര്‍; കേരളത്തില്‍ ഈ നേട്ടം സിയാലിന് മാത്രം
- 5 വയസ്സുകാരി ലിയ റിനോഷിലൂടെയാണ് ഈ ചരിത്രനേട്ടം സിയാല്‍ തൊട്ടത്
- ഈ വര്‍ഷം കൊച്ചി വിമാനത്താവളം വഴി നടന്നത് 66,540 വിമാന സർവീസുകൾ
- സംസ്ഥാനത്തെ മൊത്തം വിമാന യാത്രക്കാരുടെ 63.50% സിയാലിന്‍റെ വിഹിതം
ഇന്നലെ വൈകിട്ട് 173 യാത്രക്കാരുമായി ഇൻഡിഗോ വിമാനം ബെംഗളൂരുവിലേക്ക് പറന്നുയര്‍ന്നതോടെ കൊച്ചി വിമാനത്താവളം സ്വന്തമാക്കിയത് ചരിത്രനേട്ടം. ഈ വര്‍ഷം യാത്രകള്‍ക്ക് കൊച്ചി വിമാനത്താവളം തെരഞ്ഞെടുത്ത യാത്രികരുടെ എണ്ണം ഒരു കോടിക്ക് മുകളിലെത്തി. ആദ്യമായാണ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് അഥവാ സിയാൽ ഈ നേട്ടം കൈവരിക്കുന്നത്. ഈ വര്‍ഷം ഈ നാഴികക്കല്ല് പിന്നിട്ട കേരളത്തിലെ ഏക വിമാനത്താവളവും ദക്ഷിണേന്ത്യയിലെ നാലാമത്തെ വിമാനത്താവളവുമാണ് ഇത്.
2023ലെ ഒരു കോടി യാത്രക്കാരിൽ 54.04 ലക്ഷം പേർ രാജ്യാന്തര യാത്രക്കാരും 46.01 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരുമാണ്.ഈ കാലയളവിൽ, മൊത്തം 66,540 വിമാന സർവീസുകൾ നടത്താന്‍ സിയാലിനായി. സംസ്ഥാനത്തെ മൊത്തം വിമാന യാത്രക്കാരുടെ 63.50 ശതമാനമാണ് നിലവില്‍ സിയാലിന്‍റെ വിഹിതം. മുൻവർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ ഈ വര്‍ഷം 20 ലക്ഷത്തിലധികം വർധനയുണ്ടായെന്ന് കമ്പനിയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. 2023ലെ ഒരു കോടി യാത്രക്കാരിൽ 54.04 ലക്ഷം പേർ രാജ്യാന്തര യാത്രക്കാരും 46.01 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരുമാണ്.
ഈ ചരിത്ര നേട്ടത്തില്‍ സിയാല്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമാനത്താവള അധികൃതരെ അഭിനന്ദിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിലും എയർപോർട്ട് മാര്‍ക്കറ്റിംഗിലും സിയാൽ നടത്തുന്ന പരിശ്രമങ്ങളുടെ പ്രതിഫലനമാണ് ഈ നേട്ടം. വിമാനത്താവളങ്ങളുടെ നടത്തിപ്പില്‍ കോർപ്പറേറ്റ് മാനേജ്‌മെന്‍റുകള്‍ ആധിപത്യം പുലർത്തുന്ന കാലഘട്ടത്തിൽ സിയാലിന്റെ വിജയത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോട്ടയം സ്വദേശിയായ അഞ്ചുവയസ്സുകാരി ലിയ റിനോഷിലൂടെയാണ് ഈ ചരിത്രനേട്ടത്തിലേക്ക് സിയാല്‍ തൊട്ടത്. ലിയക്ക് പ്രത്യേക മെമന്റോ സമ്മാനിച്ച് സിയാൽ മാനേജിംഗ് ഡയറക്ടർ എസ് സുഹാസ് ഐഎഎസ് യാത്രക്കാർക്ക് നന്ദി രേഖപ്പെടുത്തി. സിയാൽ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ സജി കെ ജോർജ്, ജയരാജൻ വി, സിയാൽ കൊമേഴ്‌സ്യൽ ഹെഡ് ജോസഫ് പീറ്റർ, സിഐഎസ്എഫ് സീനിയർ കമാൻഡന്റ് സുനീത് ശർമ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.