രാജ്യത്തെ ഉയര്‍ന്ന ലാഭം നേടിയ വിമാനത്താവളങ്ങളില്‍ മൂന്നാമനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

  • നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സിയാല്‍ വരുമാന വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ട്.

Update: 2023-07-29 10:15 GMT

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 267.17 കോടി ലാഭം നേടിയ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. ഇതോടെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ലാഭം നേടിയ വിമാനത്താവളങ്ങളില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് കൊച്ചി വിമാനത്താവളം.

528.31 കോടി ലാഭവുമായി ബെംഗളുരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളമാണ് ഒന്നാം സ്ഥാനത്തുള്ളത്. 482.30 കോടി ലാഭവുമായി കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളം രണ്ടാം സ്ഥാനം നേടി. 169.56 കോടി ലാഭവുമായി ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം ആണ് കൊച്ചി കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും ലാഭകരമായ എയര്‍പോര്‍ട്ട്. അഞ്ചാം സ്ഥാനത്ത് നമ്മുടെ സ്വന്തം കരിപ്പൂര്‍ എയര്‍പോര്‍ട്ടും ഇടം നേടിയിട്ടുണ്ട്. ലോകസഭാ ചോദ്യോത്തര വേളയിലാണ് കേന്ദ്രം ഈ കണക്കുകള്‍ പുറത്ത് വിട്ടത്.

രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്ന് കൂടിയാണ് കൊച്ചി. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് കൊച്ചിയുള്ളത്. എന്നാല്‍ മൊത്തത്തം യാത്രക്കാരുടെ കണക്ക് പരിശോധിച്ചാല്‍ എട്ടാം സ്ഥാനത്ത് കൊച്ചി നില്‍കുന്നു. അദ്യ പത്തിലുള്ള മറ്റ് പ്രധാന വിമാനത്താവളങ്ങളായ ഡെല്‍ഹി, മുംബൈ, അഹമ്മദാബാദ് വിമാനത്താവളങ്ങള്‍ എല്ലാം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നഷ്ടമാണ് രേഖപ്പെടുത്തിയത്.

സിയാലിന് നേട്ടങ്ങളുടെ വര്‍ഷമായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷം. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനവും ലാഭവും രേഖപ്പെടുത്തിയത് ഈ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടമുള്ള സിയാല്‍ എയര്‍പോര്‍ട്ട് നവീകരണത്തിനൊരുങ്ങുകയാണ്.

അന്താരാഷ്ട്ര ടെര്‍മിനല്‍ വിപുലീകരണം, പുതിയ കാര്‍ഗോ ടെര്‍മിനല്‍ നിര്‍മാണം അവസാന ഘട്ടത്തില്‍, എയ്‌റോസിറ്റി എന്നിങ്ങനെ അനവധി നിരവധി വിപ്ലവകരമായ പദ്ധതികളാണ് സിയാല്‍ നടപ്പാക്കുന്നത്. ഇതിന് പുറമെ മെട്രോ കണക്റ്റിവിറ്റി കൂടി വന്നാല്‍ ഇനിയും മികച്ചതാവും. ഫ്‌ലൈറ്റ് കണക്റ്റിവിറ്റിയിലും സിയാല്‍ തിളങ്ങുകയാണ്.

രാജ്യത്തെ ഏറ്റവും പുതിയ എയര്‍ലൈനായ ആകാശയുടെ ആദ്യത്തെ നാല് നഗരങ്ങളില്‍ ഒരെണ്ണം കൊച്ചിയെ തിരഞ്ഞെടുത്തത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആയിരുന്നു. കൊച്ചി - ലണ്ടന്‍ സര്‍വീസ് ഇന്ത്യയിലെ തന്നെ ഏറ്റവും തിരേക്കേരിയ ഇന്ത്യ-യുകെ സര്‍വീസുകളില്‍ ഒന്നായി മാറി. ഇതിന്റെ ഭാഗമായി മറ്റൊരു കൊച്ചി - ലണ്ടന്‍ ഫ്‌ലൈറ്റ് സര്‍വീസ് ബ്രിട്ടീഷ് എയര്‍വേസിന്റെ പരിഗണനയിലുണ്ട്. കൂടാതെ വിയറ്റ്‌നാമിലേക്ക് വരെ നേരിട്ട് കൊച്ചിയില്‍ നിന്നും സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News