സഹകരണ സംഘങ്ങള്‍ 'ബാങ്ക്' അല്ല; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്
പണം നിക്ഷേപിക്കുന്നതിന് മുമ്പ് ലൈസന്‍സ് ഉണ്ടോയെന്ന് പരിശോധിക്കണമെന്നും ആര്‍.ബി.ഐ
സഹകരണ സംഘങ്ങള്‍ പേരിനൊപ്പം 'ബാങ്ക്' എന്ന് ഉപയോഗിക്കരുതെന്ന് ആവര്‍ത്തിച്ച് റിസര്‍വ് ബാങ്ക്. സമാനമായ നിര്‍ദ്ദേശം ഇതിനുമുമ്പും റിസര്‍വ് ബാങ്ക് നല്‍കിയിരുന്നു.
ബാങ്കിംഗ് റെഗുലേഷന്‍ നിയമഭേദഗതി അനുസരിച്ച് സഹകരണ സംഘങ്ങള്‍ ബാങ്ക്, ബാങ്കര്‍, ബാങ്കിംഗ് തുടങ്ങിയ പദങ്ങള്‍ പേരിനൊപ്പം ഉപയോഗിക്കുന്നതിനെ വിലക്കുന്നുവെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.
നിയമവിരുദ്ധമായി ചില സഹകരണ സംഘങ്ങള്‍ അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നും നാമമാത്ര അംഗങ്ങളില്‍ നിന്നും അസോസിയേറ്റ് അംഗങ്ങളില്‍ നിന്നുമൊക്കെ നിക്ഷേപം സ്വീകരിക്കുന്നുണ്ട്. ഇതിനുള്ള ലൈസന്‍സ് സഹകരണ സംഘങ്ങള്‍ക്കില്ലെന്നും ആര്‍.ബി.ഐ വ്യക്തമാക്കി. ഇങ്ങനെ വാങ്ങുന്ന നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷ്വറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്റെ നിക്ഷേപ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കില്ല.
പണം നിക്ഷേപിക്കുന്നതിന് മുമ്പ് ബാങ്ക് തന്നെയോ എന്നും ലൈസന്‍സ് ഉണ്ടോയെന്ന് പരിശോധിക്കണമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.