സാമ്പത്തികരംഗത്ത് കേന്ദ്രം സര്‍ക്കാരിനെ ബുദ്ധിമുട്ടിക്കുന്നു: സജി ചെറിയാന്‍

  • കേന്ദ്രം സംസ്ഥാനത്തോട് നീതി കാണിക്കണമെന്ന് മന്ത്രി
  • മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ വിതരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി
  • ആദ്യഘട്ടത്തില്‍ 248 മുന്‍ഗണന റേഷന്‍ കാര്‍ഡുകളാണ് വിതരണം ചെയ്തത്

Update: 2024-01-27 07:58 GMT

ആലപ്പുഴ: സാമ്പത്തികരംഗത്ത് കേരളത്തിനു നല്‍കേണ്ട വിഹിതം പെട്ടെന്ന് നിര്‍ത്തലാക്കി സംസ്ഥാനത്തെ കേന്ദ്രം ബുദ്ധിമുട്ടിക്കുകയാണെന്ന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍.

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസില്‍ നിന്നും ഓണ്‍ലൈനായും ലഭിച്ച അപേക്ഷകരില്‍നിന്ന് അര്‍ഹരായവര്‍ക്ക് ആദ്യഘട്ട മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ വിതരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പുലിയൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ജില്ലാതല വിതരണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. കേന്ദ്രം സംസ്ഥാനത്തോട് നീതി കാണിക്കണമെന്നും മന്ത്രി പറഞ്ഞു.

നവകേരള സൃഷ്ടി എന്നത് കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ എല്ലാ ജനങ്ങളുടെയും സാമൂഹികവും സാമ്പത്തികവുമായ ഉയര്‍ച്ചയാണ് ലക്ഷ്യം വെക്കുന്നത്. നിയമാനുസൃതമായ രേഖകള്‍ ഉണ്ടെങ്കില്‍ അര്‍ഹരായവര്‍ക്ക് ആനുകൂല്യം ലഭിക്കും. ആദ്യഘട്ടത്തില്‍ 248 മുന്‍ഗണന റേഷന്‍ കാര്‍ഡുകളാണ് വിതരണം ചെയ്തത്.

പുലിയൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലിം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം. ജി ശ്രീകുമാര്‍, ടി.വി രത്‌നകുമാരി, എന്‍. പത്മാകരന്‍, ടി.സി സുനിമോള്‍, ജെയിന്‍ ജിനു, പി.വി സജന്‍, കെ.ആര്‍. മുരളീധരന്‍ പിള്ള, പുഷ്പലത മധു, താലൂക്ക് സപ്ലൈ ഓഫീസര്‍ സൂസന്‍ ചാക്കോ, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ ബി. ശിവ ശൈല തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News