ചലനശേഷി നഷ്ടമായവരെ വീണ്ടും നടത്താന്‍ ജിഗൈറ്റര്‍ റോബോട്ട് ഇനി കൊച്ചി അമൃത ഹോസ്പിറ്റലിലും

  • കൊച്ചിയില്‍ ആദ്യമായി ജിഗൈറ്റര്‍ സംവിധാനം ലഭ്യമാക്കുന്ന ആശുപത്രിയാണ് അമൃത ഹോസ്പിറ്റല്‍.
  • ജെന്‍ റോബോട്ടിക്‌സിന്റെ ആരോഗ്യസാങ്കേതിക വിഭാഗമാണ് ജിഗൈറ്റര്‍.
  • ഓരോ രോഗിയുടെയും തനതായ ആവശ്യങ്ങള്‍ക്കനുസരിച്ച് പുനരധിവാസ നടപടി ക്രമങ്ങള്‍ ക്രിയാത്മകമായി ക്രമീകരിക്കാന്‍ ഡോക്ടര്‍മാരെ ജിഗൈറ്റര്‍ സഹായിക്കുന്നു.

Update: 2024-05-15 11:35 GMT

ചലനശേഷി നഷ്ടമായവര്‍ക്ക് വീണ്ടും നടക്കാന്‍ പഠിപ്പിക്കാനായി അമൃതാ ആശുപത്രി ഏര്‍പ്പെടുത്തിയ ജിഗൈറ്റര്‍ റോബോട്ടിന്റെ ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് നിര്‍വഹിച്ചു. നൂതനമായ ചികിത്സരീതികളാല്‍ 25 വര്‍ഷത്തിലേറെയായി കേരളത്തിലെ മികച്ച ആരോഗ്യകേന്ദ്രമായി മാറിയ കൊച്ചി അമൃതഹോസ്പിറ്റലിന്റെ ഫിസിക്കല് മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ വിഭാഗത്തിലാണ് പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുന്നത്.

സാമൂഹ്യമാറ്റത്തിനായി സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ രാജ്യാന്തര പ്രശംസ നേടിയ കേരളത്തിന്റെ സ്വന്തം സ്റ്റാര്‍ട്ടപ്പ് ജെന്‍ റോബോട്ടിക്‌സിന്റെ ആരോഗ്യസാങ്കേതിക വിഭാഗമാണ് ജിഗൈറ്റര്‍.

ആരോഗ്യസാങ്കേതികവിദ്യാരംഗത്തെ വലിയ മുന്നേറ്റമാണ് ജിഗൈറ്ററെന്ന് പി രാജീവ് അഭിപ്രായപ്പെട്ടു. ഇതോടെ കൊച്ചിയില്‍ ആദ്യമായി ജിഗൈറ്റര്‍ സംവിധാനം ലഭ്യമാക്കുന്ന ആശുപത്രിയായി അമൃത മാറി.

ചടങ്ങില്‍, അമൃതഹോസ്പിറ്റല്‍ കൊച്ചി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേംകുമാര്‍ വാസുദേവന്‍ നായര്‍, അമൃതേശ്വരി സൊസൈറ്റി ചെയര്‍മാന്‍ സാഗര്‍ ധരന്‍, ജെന്‍ റോബോട്ടിക്‌സ് മെഡിക്കല്‍ ആന്‍ഡ് മൊബിലിറ്റി റീജിയണല്‍ ഡയറക്ടര്‍ അഫ്‌സല്‍ മുട്ടിയ്ക്കല്‍ എന്നിവരും പങ്കെടുത്തു.

പക്ഷാഘാതം, നട്ടെല്ലിന്റെ പരുക്ക്, അപകടങ്ങള്‍, പാര്‍ക്കിന്‍സണ്‍ രോഗം തുടങ്ങിയ നിരവധി കാരണങ്ങള്‍ മൂലം ചലനശേഷി നഷ്ടമായവരെ വീണ്ടും നടത്താന്‍ പഠിപ്പിക്കുന്ന റോബോട്ട് ആണ് ജിഗൈറ്റര്‍.

ജിഗൈറ്റര്‍ സാങ്കേതികവിദ്യയിലൂടെ ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്ന രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും, വേഗത്തിലുള്ള പുനരധിവാസത്തിലേക്ക് അവരെ നയിക്കാനും സാധിക്കും. സെന്‍ട്രല്‍ ഡ്രഗ്സ്സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ അംഗീകാരം ലഭിച്ചിട്ടുള്ളതാണ് ഈ റോബോട്ടിക് സാങ്കേതികവിദ്യ.

നൂറ് ചുവടുകള്‍ പോലും പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടുള്ള പരമ്പരാഗത നടത്തപരിശീലനത്തില്‍ നിന്ന വ്യത്യസ്തമായി, റോബോട്ടുകളുടെ എഐ പവര്‍ഡ് നാച്ചുറല്‍ ഗെയ്റ്റ് പാറ്റേണ്‍ രോഗികളെ 900 മുതല്‍ 1000 വരെ ചുവടുകള്‍ 20 മുതല്‍ 45 മിനുട്ടിനുള്ളില്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നു. ജിഗെയിറ്ററിന്റെ പ്രവര്‍ത്തനം ഗെയ്റ്റ് പരിശീലനത്തിന്റെ അടിസ്ഥാന സിദ്ധാന്തമായ മോട്ടോര്‍ റി-ലേര്‍ണിംഗിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

പക്ഷാഘാതമുള്ള രോഗികളുടെ ഇടുപ്പിനു താഴെയുള്ള ശരീരഭാഗം നിയന്ത്രിക്കാനുള്ള കഴിവ് മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിന് ഫിസിയോതെറാപ്പിസ്റ്റുകള്‍ പ്രത്യേകം നടപ്പിലാക്കുന്ന നടത്ത വ്യായാമങ്ങളുടെ സങ്കലനമാണ് ജിഗൈറ്റര്‍ പരിശീലനം. താഴത്തെ അറ്റത്തുള്ള സന്ധികളില്‍ ചലനം മെച്ചപ്പെടുത്തുക, ശക്തി, സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുക, നടക്കുമ്പോള്‍ സംഭവിക്കുന്ന കാലുകളുടെ ആവര്‍ത്തനസ്വഭാവം അനുകരിക്കുക, ഇത് ന്യൂറോപ്ലാസ്റ്റിറ്റി സൃഷ്ടിക്കാന്‍ സഹായിക്കുന്നു.

Tags:    

Similar News