ഷഓമി ഇന്ത്യ പുനഃസംഘടനയ്ക്ക്; ജീവനക്കാരെ കുറയ്ക്കും

  • 2023-ന്റെ തുടക്കത്തില്‍ കമ്പനിയില്‍ ഉണ്ടായിരുന്നത് 1500ഓളം ജീവനക്കാര്‍
  • മാറുന്നവിപണിയുമായി പൊരുത്തപ്പെടാനുള്ള നീക്കമെന്ന് സൂചന
  • സാംസങ് അടക്കമുള്ള കമ്പനികളുടെ വളര്‍ച്ച തിരിച്ചടിയായി

Update: 2023-06-29 09:11 GMT

വിപണി വിഹിതത്തിലെ ഇടിവ്, സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള വര്‍ധിച്ച സൂക്ഷ്മപരിശോധന, പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വെല്ലുവിളികള്‍ നേരിടുന്നതിനാല്‍ ജനപ്രിയ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഷഓമി ഇന്ത്യ കാര്യമായ പുനഃസംഘടനയ്ക്ക് വിധേയമാകുന്നു.

മാധ്യമങ്ങളോട് സംസാരിച്ച നിലവിലെയും മുന്‍കാല ജീവനക്കാരുടെയും അഭിപ്രായത്തില്‍, കമ്പനി തങ്ങളുടെ തൊഴിലാളികളെ ആയിരത്തില്‍ താഴെയായി കുറയ്ക്കാന്‍ ലക്ഷ്യമിടുന്നതായി പറയുന്നു. അതിനനുസരിച്ചുള്ള ഒരു ഹെഡ്കൗണ്ട് റിഡക്ഷന്‍ തന്ത്രം കമ്പനി സ്വീകരിച്ചതായും അവര്‍ പറയുന്നു.

2023-ന്റെ തുടക്കത്തില്‍, ഷഓമി ഇന്ത്യയില്‍ ഏകദേശം 1,400 മുതല്‍ 1,500 വരെ വ്യക്തികളാണ് ജോലി ചെയ്തിരുന്നത്. എന്നിരുന്നാലും, അടുത്ത ആഴ്ചകളില്‍, മേല്‍പ്പറഞ്ഞ ജീവനക്കാര്‍ പ്രസ്താവിച്ചതുപോലെ ജോലിക്കാരെ കുറയ്ക്കുന്ന നടപടികള്‍ക്ക് തുടക്കമാകുമെന്ന് കരുതുന്നു. വരും മാസങ്ങളില്‍ കൂടുതല്‍ ജോലി വെട്ടിക്കുറയ്ക്കുമെന്നാണ് ലഭ്യമായ വിവരങ്ങള്‍. കമ്പനി ഇതിനകം 30 ഓളം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.

മാറുന്ന വിപണിയുടെ ചലനാത്മകതയുമായി പൊരുത്തപ്പെടുന്നതിനും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള ഷഓമിയുടെ വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് തങ്ങളുടെ തൊഴിലാളികളെ കുറയ്ക്കാനുള്ള തീരുമാനം.

വിപണി വിഹിതത്തിലെ മാന്ദ്യത്തോടെ, കമ്പനി അതിന്റെ ഓര്‍ഗനൈസേഷണല്‍ ഘടന ഒപ്റ്റിമൈസ് ചെയ്യുന്നതിനും കൂടുതല്‍ ഫലപ്രദമായി വിഭവങ്ങള്‍ അനുവദിക്കുന്നതിനുമുള്ള വഴികള്‍ വിലയിരുത്തുകയാണ്.

കൂടാതെ മാര്‍ക്കറ്റില്‍ മറ്റു ബ്രാന്‍ഡുകള്‍ക്കുണ്ടായ ഡിമാന്‍ഡും ചൈനീസ് കമ്പനിയെ ഒരു പരിധിവരെ തളര്‍ത്തി. ഷഓമി വളര്‍ത്തിയെടുത്ത ഒരു കൂട്ടം ഉപഭോക്താക്കള്‍ പോലും മാറിചിന്തിക്കുന്ന കാലത്തിലേക്ക് കാര്യങ്ങള്‍ മാറി. ഇവിടെ കമ്പനിയുടെ നിലനില്‍പ്പ് നോക്കേണ്ടത് അനിവാര്യഘടകമായി മാറി. ഇതാകാം തങ്ങളുടെ തൊഴിലാളികളില്‍ ഒരു വിഭാഗത്തെ പിരിച്ചുവിടാനുള്ള തീരുമാനം എടുത്തതിനു പിന്നില്‍.

ചൈനീസ് കമ്പനികളുടെ പ്രതിയോഗികളായ സാംസങും ഐഫോണും വലിയ പ്രചാരം നേടുന്നതും ഷഓമിക്ക് തിരിച്ചടിയാണ്. ഇരു കമ്പനികള്‍ സ്വന്തം നിര്‍മ്മാണ പ്ലാന്റുകള്‍ ഇവിടെയുണ്ട്. സാംസങിന്റെ ഏറ്റവും വലിയ പ്ലാന്റ് തന്നെ ഇന്ത്യയിലാണ്. ഇവിടെ ചൈനീസ് കമ്പനികള്‍ക്ക് അടിപതറി. ഇതിനുപുറമേയാണ് അധികൃതരുടെ പരിശോധനയും പിഴയീടാക്കലും എല്ലാം.

മുന്‍പ് ചൈനയുടെ ഫോണുകള്‍ വില തീരെ കുറവായയിരുന്നു. കുറഞ്ഞ വിലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ള സ്മാര്‍ട്ട് ഫോണുകള്‍. ഇന്ന് അവയുടെ വില കുതിച്ചുകയറി. മറ്റുഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസമില്ലാതെയാണ് ഷഓമിയും പ്രധാന ഫോണുകള്‍ മാര്‍ക്കറ്റില്‍ ഇറക്കുന്നത്.

ഇതിനെല്ലാം പുറമേ അനൗദ്യോഗികമായി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കുന്ന ഒരു കാമ്പെയ്ന്‍ തന്നെ രാജ്യത്ത് നടന്നു. ഇന്ത്യാ-ചൈനാ അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്നായിരുന്നു ഇത്. ഇന്നും ഉഭയകക്ഷി ബന്ധം സാധാരണ നിലയിലായിട്ടില്ല. ഇതും ചൈനീസ് കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍വാങ്ങുന്നതില്‍ നിന്ന് ആള്‍ക്കാരെ പിന്തിരിയാന്‍ പ്രേരിപ്പിച്ചു.

Tags:    

Similar News