ലോക ക്ഷീര ഉച്ചകോടി: തിരുപ്പതിയിലെ വനിതാ ക്ഷീരകര്‍ഷക സംഘടനക്ക് അവാര്‍ഡ്
- ക്ഷീര മേഖലയിലെ സ്ത്രീ ശാക്തീകരണത്തിലുള്ള നവീകരണം പരിഗണിച്ചാണ് അവാര്‍ഡ്
- പ്രതിദിനം ശരാശരി 5.5 ലക്ഷം ലിറ്റര്‍ പാല്‍ കമ്പനി സംഭരിക്കുന്നു
- മൂന്ന് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം
ഷിക്കാഗോയില്‍ നടന്ന ലോക ക്ഷീര ഉച്ചകോടിയില്‍ തിരുപ്പതി ആസ്ഥാനമായുള്ള വനിതാ ക്ഷീരകര്‍ഷക സംഘടന ശ്രീജ മഹിളാ മില്‍ക്ക് പ്രൊഡ്യൂസര്‍ കമ്പനി (എസ്എംഎംപിസിഎല്‍) അവാര്‍ഡ് നേടി. 'ക്ഷീര മേഖലയിലെ സ്ത്രീ ശാക്തീകരണത്തിലെ നവീകരണം പരിഗണിച്ചാണ് ഇന്നൊവേഷന്‍ പുരസ്‌കാരം.
ഇന്ത്യയില്‍ നിന്ന് അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത് മൂന്നു കമ്പനികളായിരുന്നു. പ്രവര്‍ത്തന മികവില്‍ ശ്രീജ അതില്‍ ഉള്‍പ്പെട്ടു.
നിലവില്‍, എസ്എംഎംപിസിഎല്‍ ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളിലെ വിവിധ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു. പ്രതിദിനം ശരാശരി 5.5 ലക്ഷം ലിറ്റര്‍ പാല്‍ കമ്പനി സംഭരിക്കുന്നു. കൂടാതെ ഈ സാമ്പത്തിക വര്‍ഷം 1,000 കോടി രൂപയുടെ വിറ്റുവരവ് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
'വനിതാ ക്ഷീരകര്‍ഷകരുടെ ശാക്തീകരണത്തിനായുള്ള ആഗോള പ്ലാറ്റ്ഫോമില്‍ ഈ ബഹുമതി നേടിയത് അഭിമാനാര്‍ഹമായ കാര്യമാണ് എന്ന് അവാര്‍ഡ് ഏറ്റുവാങ്ങി എസ്എംഎംപിസിഎല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജയതീര്‍ത്ഥ ചാരി പറഞ്ഞു.
ദേശീയ ക്ഷീര വികസന ബോര്‍ഡ് (എന്‍ഡിഡിബി), എന്‍ഡിഡിബി ഡയറി സര്‍വീസസ്, ശ്രീജ മില്‍ക്ക് എന്നിവയെ ചടങ്ങില്‍ സന്നിഹിതരായിരുന്ന യൂണിയന്‍ മൃഗസംരക്ഷണ, ഡയറി സെക്രട്ടറി അല്‍ക്ക ഉപാധ്യായ അഭിനന്ദിച്ചു.
'ഇന്ത്യയിലെ ക്ഷീരോല്‍പാദനത്തിന്റെ വിജയത്തില്‍ സ്ത്രീകള്‍ അവിഭാജ്യ പങ്ക് വഹിച്ചിട്ടുണ്ട്, അവരുടെ സംഭാവനകള്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടുവരുന്നതേയുള്ളു', എന്‍ഡിഡിബി ചെയര്‍മാന്‍ മീനേഷ് ഷാ പറഞ്ഞു. എന്‍ഡിഡിബി ഡയറി സര്‍വീസസ് (എന്‍ഡിഎസ്) ശ്രീജയുള്‍പ്പെടെ 22 ക്ഷീര ഉല്‍പാദക സംഘടനകളുടെ രൂപീകരണത്തിന് സഹായകമായി.
അത്യാധുനിക സാങ്കേതിക വിദ്യയും ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനവും, കറവപ്പശുക്കളുടെ നാടന്‍ ഇനങ്ങളുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കലും, ക്ഷീരമേഖലയിലെ സ്ത്രീശാക്തീകരണത്തിന് ഊന്നല്‍ നല്‍കി.