ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം എവിടെയാകും? എന്താണ് പ്രത്യേകതകള്‍?

  • ലോകത്തിലെ വജ്ര നിര്‍മ്മാണത്തിന്റെ 90ശതമാനവും നടക്കുന്നത് സൂററ്റില്‍
  • സൂറത്ത് ഡയമണ്ട് ബോഴ്സ് സ്ഥിതിചെയ്യുന്നത് 35 ഏക്കറില്‍
  • ഡയമണ്ട് ബോഴ്സ് വ്യാപാര സജ്ജമാകുന്നത് നവംബറില്‍

Update: 2023-07-19 05:18 GMT

ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം എവിടെയാകും, ആലോചിച്ചിട്ടുണ്ടോ? ഏറ്റവും വലിയ ഓഫീസ് ബില്‍ഡിംഗ് ആകുമ്പോള്‍ അതിന് ഏറെ പ്രത്യേകതകളും ഉണ്ടാകുമല്ലോ. ഇതെല്ലാം ഉള്‍ക്കൊള്ളുന്ന കെട്ടിടം ഇന്ത്യയിലാണെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

ഇന്ത്യയില്‍ എന്നല്ല ആഗോളതലത്തില്‍ തന്നെ വജ്ര വ്യവസായത്തിന് പേരുകേട്ട സ്ഥലമാണ് ഗുജറാത്തിലെ സൂററ്റ്. ലോകത്തിലെ വജ്ര നിര്‍മ്മാണത്തിന്റെ 90ശതമാനവും ഈ നഗരത്തിലാണ് നടക്കുന്നതെന്ന് എന്നു പറഞ്ഞാല്‍ സൂററ്റിന്റെ പ്രാധാന്യം മനസിലാകും. ഇവിടെയാണ് ഏറ്റവും വലിയ ഓഫീസ് കെട്ടിടം സ്ഥിതിചെയ്യുന്നത്.

വലിയ ബില്‍ഡിംഗിന്റെ കാര്യത്തില്‍ ഇന്ത്യ യുഎസിനെ മറികടന്നു എന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സിഎന്‍എന്‍ റിപ്പോര്‍ട്ടു പ്രകാരം പുതുതായി തുറന്ന സൂറത്ത് ഡയമണ്ട് ബോഴ്സ് 35 ഏക്കറില്‍ സ്ഥിതി ചെയ്യുന്നു.

15 നിലകളുള്ള ഒരു കെട്ടിട സമുച്ചയമാണിത്. ഈ കെട്ടിടത്തിന് 7.1 ദശലക്ഷം ചതുരശ്ര അടി ഫ്‌ളോര്‍ സ്‌പേസ് ഉണ്ടെന്ന് ട്രേഡിംഗ് ബോഴ്സുകളുടെ ആര്‍ക്കിടെക്റ്റിനെ ഉദ്ധരിച്ച് സിഎന്‍എന്‍ പറയുന്നു.

അങ്ങനെ യുഎസ് പെന്റഗണിനെ മറികടന്ന് ഡയമണ്ട് ബോഴ്സ് ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമായി.

കട്ടറുകള്‍, പോളിഷറുകള്‍, വ്യാപാരികള്‍ എന്നിവരുള്‍പ്പെടെ 65,000-ലധികം വജ്ര പ്രൊഫഷണലുകളുടെ സമഗ്ര കേന്ദ്രമായി ഇത് മാറുകയാണ്. ഡയമണ്ടിന്റെ കാര്യത്തില്‍ ഇത് ഒരു 'വണ്‍-സ്റ്റോപ്പ് ഡെസ്റ്റിനേഷന്‍' ആയി കണക്കാക്കപ്പെടുന്നു.

ഈ മഹത്തായ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. നവംബറില്‍ കെട്ടിടം വ്യാപാര സജ്ജമാകും.

ഇന്ത്യന്‍ വാസ്തുവിദ്യാ സ്ഥാപനമായ മോര്‍ഫോജെനിസിസ് ആണ് കെട്ടിടത്തിന്റെ പ്ലാന്‍ തയ്യാറാക്കിയത്. ബിസിനസ് ചെയ്യുന്നതിനായി ട്രെയിനില്‍ മുംബൈയിലേക്ക് യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് ഡയമണ്ട് ബോഴ്സ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ അത് ഒരു അനുഗ്രഹമായി മാറുമെന്ന് പദ്ധതിയുടെ സിഇഒ മഹേഷ് ഗധാവി പറഞ്ഞു.

3200കോടി രൂപയുടെ പദ്ധതിയാണിത്. 131 എലിവേറ്ററുകള്‍, തൊഴിലാളികള്‍ക്കായി ഡൈനിംഗ്, വെല്‍നസ്, കോണ്‍ഫറന്‍സ് സൗകര്യങ്ങള്‍ എന്നിവ ഈ കെട്ടിടത്തിലുണ്ട്.

4,700-ലധികം ഓഫീസ് സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന മാര്‍ബിള്‍ നിലകളും വെളിച്ചം നിറഞ്ഞ ആട്രിയങ്ങളും ഈ കെട്ടിടത്തില്‍ ഉള്‍പ്പെടുന്നു. കെട്ടിടത്തിന്റെ ഏതെങ്കിലും പ്രവേശന കവാടത്തില്‍ നിന്ന് ഒരു ഓഫീസിലെത്താന്‍ ഏഴ് മിനിട്ടില്‍ കൂടുതല്‍ എടുക്കുകയില്ലെന്ന് മോര്‍ഫോജെനിസിസ് സഹസ്ഥാപകയായ സോണാലി റസ്‌തോഗി പറഞ്ഞു.

കെട്ടിടത്തിന്റെ പകുതി സ്ഥലത്തും സാധാരണ വായുസഞ്ചാരം ലഭ്യമാണ്. ബാക്കി സ്ഥലങ്ങളില്‍ സൗരോര്‍ജ്ജം ഉപയോഗിക്കുന്നു. അതും അനുവദനീയമായതിന്റെ പകുതിമാത്രമാണ് ഉപയോഗിക്കുന്നത്. ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലില്‍ നിന്ന് 'പ്ലാറ്റിനം' റേറ്റിംഗ് നേടുന്നതിന് ഉള്ള ശ്രമമാണ് ഇത്.

ഇന്ത്യന്‍ വജ്രവ്യാപാരത്തെക്കുറിച്ചുള്ള മോര്‍ഫോജെനിസിസിന്റെ ഗവേഷണവും കെട്ടിടത്തിന്റെ രൂപകല്‍പ്പനയെ സ്വാധീനിച്ചു. വ്യാപാരികളുടെ ഒത്തുചേരലിനുള്ള ഇടമായി വര്‍ത്തിക്കാന്‍ കഴിയുന്ന ഒമ്പത് നടുമുറ്റങ്ങള്‍ സമുച്ചയത്തിന്റെ പ്രത്യേകതയാണെന്ന് റസ്‌തോഗി എടുത്തുപറഞ്ഞു. പരമ്പരാഗത ചന്തകളെ അനുസ്മരിപ്പിക്കുന്ന ഈ ലാന്‍ഡ്സ്‌കേപ്പ് ഏരിയകള്‍, ഓഫീസ് പരിതസ്ഥിതിക്ക് പുറത്ത് നടക്കുന്ന അനൗപചാരിക ഇടപാടുകളുടെ വ്യാപനത്തെ അംഗീകരിക്കുന്നു. വിവിധ പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന പൊതു പാര്‍ക്കുകള്‍ എന്നാണ് മുറ്റങ്ങളെ ഇവയെ റസ്‌തോഗി വിശേഷിപ്പിച്ചത്.

ദക്ഷിണ സൂറത്തിലെ 700 ഹെക്ടറില്‍ ഒരു സ്മാര്‍ട്ട് സിറ്റി നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഡയമണ്ട് ഹബ്ബ് പ്രവര്‍ത്തനമാരംഭിക്കുന്നത്.

Tags:    

Similar News