ഡോളറുമായുള്ള വിനിമയത്തില്‍ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍

Update: 2024-10-11 13:23 GMT

രൂപയുടെ മൂല്യം ഡോളറിനെതിരെ സർവകാല റെക്കോർഡ് ഇടിവിൽ. ചരിത്രത്തിലാദ്യമായി മൂല്യം 84ലേക്ക് ഇടിഞ്ഞു. സെപ്തംബര്‍ 12നാണ് ഇതിനു മുമ്പ് രൂപ ഏറ്റവും താഴെയായത്. അന്ന് 83 രൂപ 98 പൈസയായിരുന്നു.

ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപം പിൻവലിക്കപ്പെട്ടതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഈ മാസം ഇതുവരെ 54,000 കോടി രൂപ വിദേശ നിക്ഷേപകർ (എഫ്പിഐ) ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് പിൻവലിച്ചു. വിദേശ നിക്ഷേപകർ ചൈനീസ് വിപണികളിലേക്ക് തിരിഞ്ഞതോടെയാണ് ഓഹരി വിപണിയിൽ ഇടിവ് പ്രകടമായത്.

ആഗോള വിപണിയില്‍ അസംസ്കൃത എണ്ണ വില ഉയരുന്നതും രൂപയെ റെക്കോര്‍ഡ് താഴ്ചയിലേക്ക് നയിച്ചു. എണ്ണ ഉല്‍പാദക രാഷ്ട്രമായ ഇറാനും ഇസ്രായേലും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം ക്രൂഡ് വില ഉയരാന്‍ കാരണമായിട്ടുണ്ട്. ബ്രെന്‍റ് ഓയില്‍ വില ഒക്ടോബറില്‍ ഇതുവരെ 10 ശതമാനത്തിലധികം ഉയര്‍ന്നു.ബാരലിന് 79.33 ഡോളറിലാണ് ക്രൂഡ് വ്യാപാരം നടക്കുന്നത്. 

രൂപയുടെ റെക്കോര്‍ഡ് തകര്‍ച്ച വിപണിയില്‍ ദൃശ്യമായതോടെ റിസര്‍വ് ബാങ്ക് വിപണിയിലിടപെട്ടു. കൂടുതല്‍ ഡോളര്‍ വിപണിയിലെത്തിച്ചാണ് രൂപയുടെ കനത്ത ഇടിവിനെ പ്രതിരോധിക്കാന്‍ ആര്‍ബിഐ ശ്രമം നടത്തിയത്. യുഎസിലും ഗൾഫ് നാടുകളിലും ജോലി ചെയ്യുന്ന പ്രവാസി ഇന്ത്യക്കാർക്കും രൂപയുടെ തകർച്ച നേട്ടമാണ്. ഇന്ത്യയിലേക്ക് കൂടുതൽ പണമൊഴുക്കിന് ഇത് സഹായിക്കും.

Tags:    

Similar News