ടിപിവിഎസ്എല്ലിന്റെ 26% ഓഹരികള്‍ ഏറ്റെടുക്കാനൊരുങ്ങി ടാറ്റാ സ്റ്റീല്‍
- ടാറ്റാ പവറിന്റെ ഉപസ്ഥാപനമാണ് ടിപിവിഎസ്എല്‍
2045 ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കാനുള്ള പദ്ധതിയുടെ ഭാഗമായി ടാറ്റ പവര്‍ റിന്യൂവബിള്‍ എനര്‍ജിയുടെ (ടിപിആര്‍ഇഎല്‍) പൂര്‍ണ ഉടമസ്ഥതയിലുള്ള ടിപി വര്‍ധമാന്‍ സൂര്യയുടെ (ടിപിവിഎസ്എല്‍) 26 ശതമാനം ഓഹരി ടാറ്റ സ്റ്റീല്‍ ഏറ്റെടുക്കും. ഇടപാട് മൂല്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
379 മെഗാവാട്ട് കാപ്റ്റീവ് റിന്യൂവബിള്‍ പവര്‍ സോഴ്സ് ചെയ്യുന്നതിനായി ടിപി വര്‍ധമാന്‍ സൂര്യയുമായി ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടാനും ടാറ്റ സ്റ്റീലിനു പദ്ധതിയുണ്ട്. ഇതുവഴി 25 വര്‍ഷത്തിനുള്ളില്‍ 50 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടാറ്റ പവര്‍ റിന്യൂവബിള്‍ എനര്‍ജിയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം 2045 ഓടെ നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ കൈവരിക്കുന്നതിനുള്ള ടാറ്റ സ്റ്റീലിന്റെ സുസ്ഥിരതാ യാത്രയിലെ ഒരു സുപ്രധാന ചുവടുവെപ്പാണ്,'' കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ ടി വി നരേന്ദ്രന്‍ പറഞ്ഞു.
ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്ന ഒന്നാണ് ഉരുക്ക് വ്യവസായം, ആഗോള തലത്തില്‍ മൊത്തം കാര്‍ബണ്‍ പുറന്തള്ളലിന്റെ ഏഴ്് മുതല്‍ ഒന്‍പത് ശതമാനം വരെ ഇത് വഹിക്കുന്നു. സ്‌ക്രാപ്പ് സ്റ്റീലിന്റെയും പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്റെയും ഉപയോഗത്തിലൂടെ ഈ പുറന്തള്ളല്‍ കുറയ്ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
2030 ഓടെ ഇന്ത്യയുടെ കാര്‍ബണ്‍ പുറന്തള്ളല്‍ 15 ശതമാനം കുറക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല ദേശീയ എമിഷന്‍ ട്രേഡിംഗ് സിസ്റ്റം രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് കേന്ദ്ര അറിയിച്ചിരിക്കുന്നത്. സ്റ്റീല്‍, സിമന്റ്, പേപ്പര്‍, പള്‍പ്പ്, പെട്രോകെമിക്കല്‍സ്, അലുമിനിയം എന്നിവ കനത്ത മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങളാണ്.