ആസ്തി വര്‍ധനവ് ലക്ഷ്യമിട്ട് സ്പന്ദന സ്ഫൂര്‍ട്ടി; ഓഹരിവില മുന്നേറുന്നു

  • എയുഎം 15,000 കോടി രൂപയായി ഉയരുമെന്ന് പ്രതീക്ഷ
  • അറ്റാദായത്തില്‍ കമ്പനി 152 കോടി രൂപ നേടി
  • വ്യക്തിഗത റീട്ടെയില്‍ വായ്പകളും കമ്പനി വാഗ്ദാനം ചെയ്‌തേക്കാം

Update: 2023-12-13 08:41 GMT

മൈക്രോ ഫിനാന്‍സ് സ്ഥാപനമായ (എംഎഫ്ഐ) സ്പന്ദന സ്ഫൂര്‍ട്ടി ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, മാനേജ്മെന്റിന് കീഴിലുള്ള ആസ്തി (എയുഎം) നിലവിലെ 10,000 കോടി രൂപയില്‍ നിന്ന് 15,000 കോടി രൂപയായി ഉയരുമെന്ന പ്രതീക്ഷയിലാണ്.

ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയുടെ എയുഎം ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ 9784 കോടി രൂപയായിരുന്നു. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 5782കോടി രൂപയായിരുന്നു.

സ്പന്ദനയുടെ ഓഹരികൾ ഇന്ന് 2.00 മണിക്ക് 0.17 ശതമാനം വർധിച്ചു 1021.75 രൂപയിൽ വ്യാപാരം നടക്കുന്നു.  

രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 152 കോടി രൂപയായിരുന്നു;  ഇത് കഴിഞ്ഞ വർഷ ഇതേ പാദത്തിലെ 55 കോടിയില്‍ നിന്ന് ഏകദേശം മൂന്നിരട്ടിയായി ഉയർന്നിട്ടുണ്ട്. 

കേദാര ക്യാപിറ്റലിന്റെ 48 ശതമാനം ഉടമസ്ഥതയിലുള്ള കമ്പനിയിൽ അവർ വര്‍ഷങ്ങളായി 630 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. കമ്പനി കുറച്ചുകാലങ്ങളായി ചില പ്രശ്‌നങ്ങളിലായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മധ്യത്തില്‍ ഭാരത് ഫിനാന്‍ഷ്യലില്‍ നിന്ന് ചീഫ് എക്സിക്യൂട്ടീവ് ശലഭ് സക്സേനയുടെ നേതൃത്വത്തില്‍ പുതിയ മാനേജ്മെന്റ് ചര്‍ജെടുത്തതോടെ കമ്പനി വളര്‍ച്ചയുടെ പാതയിലായി. അന്ന് അതിന്റെ എയുഎം 6,270 കോടിയായിരുന്നു.

മൂന്ന് വര്‍ഷത്തെ വളര്‍ച്ചാ  കാഴ്ചപ്പാട് 

2025 ൽ 15,000 കോടി എയുഎം എന്ന ലക്ഷ്യം വെക്കുകയും ഏകദേശം 12,000 കോടി എയുഎമ്മുമായി ഈ സാമ്പത്തിക വര്‍ഷം അവസാനിപ്പിക്കുകയും ചെയ്യുന്ന മൂന്ന് വര്‍ഷത്തെ വളര്‍ച്ചാ കാഴ്ചപ്പാടാണ് സക്സേന നല്‍കിയത്.

കഴിഞ്ഞ മാസം 10,000 കോടി എയുഎം മാര്‍ക്ക് ഇതിനകം കടന്നതിനാല്‍ എയുഎം 15,000 കോടി രൂപയായി ഉയര്‍ത്തുക എന്ന ലക്ഷ്യം 2025ലേക്ക് നേടാനാവുമെന്നു നിശ്ചയിച്ചിരിക്കുകയാണ് കമ്പനി.

"ഇത് കണക്കിലെടുക്കുമ്പോള്‍, ഞങ്ങള്‍ 2028ലേക്ക് ഒരു ലക്ഷ്യവും സമര്‍പ്പിച്ചു. അതില്‍ 28,000 കോടി രൂപയുടെ എയുഎംഉപയോഗിച്ച് കൂടുതല്‍ വലുതായി വളരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതില്‍ വായ്പയും എസ്എംഇയും അടങ്ങുന്നതാണ്," സക്സേനയും കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ആശിഷ് ദമാനിയും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ലാഭക്ഷമത ലക്ഷ്യത്തില്‍, അറ്റവരുമാനത്തിനുപകരം, 2028 സാമ്പത്തിക വര്‍ഷത്തോടെ ആസ്തികളുടെ വരുമാനം 4.5 ശതമാനമായി നിശ്ചയിച്ചിട്ടുണ്ട്.

റിസര്‍വ് ബാങ്ക് ക്രെഡിറ്റ് അപ്രൈസല്‍ മാനദണ്ഡങ്ങളും സുരക്ഷിതമല്ലാത്ത വായ്പ നല്‍കുന്നതിനുള്ള പ്രധാന മൂലധന ആവശ്യകതകളും 25 ശതമാനം കര്‍ക്കശമാക്കിയതിന് ശേഷം, വായ്പാ അപേക്ഷ നിരസിച്ചത് മൊത്തം അപേക്ഷകളുടെ 30 ശതമാനം കടന്നതായി സക്സേന പറഞ്ഞു.

ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് മോഡല്‍

മുന്നോട്ട് പോകുമ്പോള്‍, കമ്പനി ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് മോഡല്‍ വായ്പയില്‍ ഉറച്ചുനില്‍ക്കും. കൂടാതെ പ്രതിവാര പേയ്മെന്റ് എല്ലാ വായ്പകളുടെയും 75 ശതമാനമായി എടുക്കാന്‍ ആഗ്രഹിക്കുന്നു. ഇത് ഇപ്പോള്‍ ഏകദേശം 50 ശതമാനത്തില്‍ നിന്ന് ഉയര്‍ന്നു, സക്സേന അഭിപ്രായപ്പെട്ടു.

2023 സെപ്റ്റംബര്‍ വരെ, സ്പന്ദനയുടെ മൊത്ത നിഷ്ക്രിയ ആസ്തി 1.4 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തി 0.42 ശതമാനവുമാണ്.

1998-ല്‍ അന്നത്തെ അവിഭക്ത ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ ഒരു എന്‍ജിഒ ആയി ആരംഭിച്ച സ്പന്ദന 2004-ല്‍ എന്‍ബിഎഫ്‌സി ആയി മാറി. 2015-ല്‍ അത് എന്‍ബിഎഫ്‌സി-എംഎഫ്‌ഐ ആയി രൂപാന്തരപ്പെട്ടു.

വ്യക്തിഗത റീട്ടെയില്‍ വായ്പകളും കമ്പനി വാഗ്ദാനം ചെയ്‌തേക്കാം. ഭൂമിശാസ്ത്രപരമായ വൈവിധ്യവല്‍ക്കരണത്തെ സംബന്ധിച്ചിടത്തോളം, മികച്ച മൂന്ന് സംസ്ഥാനങ്ങളുടെ വിഹിതം നിലവിലെ 44 ശതമാനത്തില്‍ നിന്ന് 2028 സാമ്പത്തിക വര്‍ഷത്തോടെ 36 ശതമാനമായി കുറയ്ക്കാന്‍ സ്പന്ദന പദ്ധതിയിടുന്നു. ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ വിഹിതം 12 ശതമാനമായി പരിമിതപ്പെടുത്തുകയാണ് ലക്ഷ്യം.

Tags:    

Similar News