സോണിയും സീ എന്റര്‍ടെയ്ന്‍മെന്റും നവംബറില്‍ ലയിച്ചേക്കും

  • നവംബര്‍ പകുതിയോടെ ലയനം സാധ്യമാകുമെന്നാണ് വിലയിരുത്തല്‍.

Update: 2023-10-18 06:30 GMT

സോണി ഗ്രൂപ്പ് കോര്‍പ്പറേഷന്റെ ഇന്ത്യന്‍ യൂണിറ്റും സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡും (സെഡ്ഇഇഎല്‍) നവംബറില്‍ ലയിച്ചേക്കും . ദീര്‍ഘകാലമായി ഇരു കമ്പനികളും തമ്മിലുള്ള ലയനം തീരുമാനമാകാതെ നീണ്ടുപോകുകയായിരുന്നു.

ലയന പദ്ധതി അംഗീകരിച്ച നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ (എന്‍സിഎല്‍ടി) തീരുമാനത്തിനെതിരെ ആക്സിസ് ഫിനാന്‍സ്, ഐഡിബിഐ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളും വായ്പ നല്‍കുന്നവരും നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന് (എന്‍സിഎല്‍എടി) അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. നവംബര്‍ പകുതിയോടെ ലയനം സാധ്യമാകുമെന്നാണ് വിലയിരുത്തല്‍.

ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിനെയാണ്  (ബിസിജി) ലയനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെടുത്തിയിരിക്കുന്നത്. സെഡ്ഇഇഎല്ലുമായുള്ള ലയന കരാര്‍ നീണ്ടു പോയതിനാല്‍ ടോക്കിയോ ആസ്ഥാനമായുള്ള സോണി ഗ്രൂപ്പ് കോര്‍പ്പറേഷന്‍ വാള്‍ട്ട് ഡിസ്‌നിയുടെ ഇന്ത്യയിലെ ആസ്തികള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളുമായി മുന്നോട്ട് പോയിരുന്നു.

അടുത്ത മാസം ആദ്യം ലയനം പൂര്‍ത്തീകരിക്കാന്‍ പദ്ധതിയിടുന്നുണ്ടെങ്കിലും അതിലെ നിയമപരവും നിയന്ത്രണപരവുമായ ഔപചാരികതകള്‍ പരിഗണിക്കുമ്പോള്‍ കാലതാമസം ഉണ്ടാകാനുള്ള സാധ്യതയുള്ളതായാണ് വിലയിരുത്തല്‍. കരാര്‍ സബന്ധിച്ച് സോണിയും സീയും പ്രതികരിച്ചിട്ടില്ല. ലയനം പ്രതീക്ഷിച്ച് ജൂണ്‍ അവസാനം മുതല്‍ സീയുടെ ഓഹരിവില 40 ശതമാനത്തിലധികം ഉയര്‍ന്നു. കമ്പനിയുടെ വിപണി മൂലധനം നിലവില്‍ 24,550 കോടി രൂപയാണ്.


Tags:    

Similar News