ഡെറ്റിലൂടെ 50,000 കോടി സമാഹരിക്കാന്‍ എസ്‍ബിഐ ബോർഡിന്‍റെ അംഗീകാരം

  • സമാഹരണം കേന്ദ്ര സര്‍ക്കാര്‍ അനുമതിക്ക് വിധേയമായി
  • $2 ബില്യണ്‍ സമാഹരണത്തിന് ഏപ്രിലില്‍ അനുമതി നല്‍കിയിരുന്നു
  • മൂലധന പര്യാപ്തത കൂടുതല്‍ ശക്തമാക്കും

Update: 2023-06-09 10:11 GMT

നടപ്പു സാമ്പത്തിക വർഷത്തില്‍ ഡെറ്റ് ഇൻസ്ട്രുമെന്റുകൾ വഴി 50,000 കോടി രൂപ സമാഹരിക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ  ബോർഡ് അംഗീകാരം നല്‍കി. ലോംഗ് ടേം ബോണ്ടുകൾ, ബേസൽ III കംപ്ലയിന്റ് അഡീഷണൽ ടയർ 1 ബോണ്ടുകൾ, ബേസൽ III കംപ്ലയിന്റ് ടയർ 2 ബോണ്ടുകൾ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുമെന്ന് എസ്ബിഐ നടത്തിയ റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കുന്നു.

സ്വകാര്യ പ്ലേസ്മെന്‍റ് രീതിയില്‍ ഇന്ത്യയിലെയോ വിദേശത്തെയോ നിക്ഷേപകരില്‍ സമാഹരണം നടത്തുമെന്നും ഇത് അന്തിമമായി കേന്ദ്രസർക്കാരിന്‍റെ അനുമതിക്ക് വിധേയമായിട്ടായിരിക്കുമെന്നും എസ്‍ബിഐ വ്യക്തമാക്കുന്നു. വിദേശ ബിസിനസ് വളർച്ചയ്ക്ക് ഫണ്ട് നൽകുന്നതിനായി, തങ്ങളുടെ  $10 ബില്യൺ ഗ്ലോബൽ മീഡിയം നോട്ട് പ്രോഗ്രാമിന് കീഴിൽ എസ്‍ബിഐ കഴിഞ്ഞമാസം 750 മില്യൺ ഡോളർ സമാഹരിച്ചിരുന്നു.

2023 മാർച്ചിൽ അവസാനിച്ച പാദത്തിൽ എസ്ബിഐ 16,694.5 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തിരുന്നു. മുന്‍ വര്‍ഷം വർഷം ഇതേ പാദത്തിലെ അറ്റാദായമായ 9,113.5 കോടി രൂപയിൽ നിന്ന് 83% വർധന രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മൊത്തത്തില്‍, എസ്ബിഐയുടെ അറ്റാദായം 50,232 കോടി രൂപയിലേക്ക് ഉയർന്നു, മുന്‍വർഷത്തെ അപേക്ഷിച്ച് 58.58% വളർച്ചയാണ് ഉണ്ടായത്.

$2 ബില്യണിന്‍റെ (അതായത് 200 കോടി ഡോളർ അഥവാ ഏകദേശം 16,000 കോടി രൂപ) ദീര്‍ഘകാല ഫണ്ട് സമാഹരണത്തിന് സ്‍റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡിന്‍റെ എക്സിക്യൂട്ടിവ് കമ്മിറ്റി ഏപ്രിലില്‍ അംഗീകാരം നല്‍കിയിരുന്നു. 2023-24ൽ യുഎസ് ഡോളറിലോ മറ്റേതെങ്കിലും കൺവേർട്ടിബിൾ കറൻസിയിലോ ഒറ്റത്തവണയായോ ഒന്നിലധികം ഘട്ടങ്ങളായോ ഈ സമാഹരണം നടത്തുമെന്നാണ് എസ്ബിഐ റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കിയിരുന്നത്. അതിനു മുമ്പ് മാര്‍ച്ചില്‍ 2022-23 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള മൂന്നാം ബേസൽ III കോംപ്ലിയന്‍റ് അഡീഷണൽ ടയർ 1 (എ ടി 1) ബോണ്ട് 8.25% കൂപ്പൺ നിരക്കിൽ ഇഷ്യു ചെയ്തതിലൂടെ എസ്ബിഐ 3,717 കോടി രൂപ സമാഹരിച്ചിരുന്നു. 

സമാഹരണങ്ങളിലൂടെ തങ്ങളുടെ മൂലധന പര്യാപ്തത ശക്തമാക്കുന്നതിനാണ് എസ്‍ബിഐ ശ്രമിക്കുന്നത്. 

Tags:    

Similar News