ഇന്ത്യൻ വ്യവസായ ലോകത്തെ വിവാദനായകൻ സുബ്രത റോയ് ഓർമ്മയായി

  • സഹാറ, 95 ശതമാനത്തിലധികം നിക്ഷേപകര്‍ക്ക് നേരിട്ട് റീഫണ്ട് നല്‍കിയിട്ടുണ്ട്.

Update: 2023-11-15 06:24 GMT

സഹാറ ഇന്ത്യ പരിവാറിന്റെ സ്ഥാപകന്‍ സുബ്രത റോയുടെ മരണത്തോടെ ഒരു വിവാദ നായകന്റെ  ജീവിതത്തിനു  തിരശ്ശീല വീണു. റീട്ടെയില്‍, റിയല്‍ എസ്റ്റേറ്റ്, എയർലൈൻസ് , സാമ്പത്തിക സേവന മേഖലകളില്‍ വലിയൊരു ബിസിനസ് സാമ്രാജ്യം സൃഷ്ടിച്ച റോയ് വിവാദങ്ങളുടെ കേന്ദ്ര ബിന്ദുവായിരുന്നു. മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് സ്‌കീമുകള്‍ സൃഷ്ടിക്കുന്നതിനായി നിയന്ത്രണങ്ങള്‍ മറികടന്നുവെന്ന് ആരോപിക്കപ്പെട്ട സഹാറ ഗ്രൂപ്പ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഒന്നിലധികം റെഗുലേറ്ററി നിയമ പോരാട്ടങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

ദീര്‍ഘനാളത്തെ അസുഖ ബാധിതനായ സുബ്രത റോയ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ഹോസ്പിറ്റല്‍ ആന്‍ഡ് മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ചാണ് മരിച്ചത്. 75 വയസ്സായിരുന്നു അദ്ദേഹത്തിന്. 1948ല്‍ ബിഹാറിലെ അരാരിയിലാണ് ജനനം. 1976ലാണ് പ്രതിസന്ധിയിലായ സഹാറ ഫിനാന്‍സ് കമ്പനി ഏറ്റെടുക്കുന്നത്. 1978ല്‍ കമ്പനിയുടെ പേര് സഹാറ ഇന്ത്യ പരിവാര്‍ എന്നുമാറ്റുകയായിരുന്നു. വെറും 2,000 രൂപ മൂലധനത്തില്‍ ആരംഭിച്ച കമ്പനി പിന്നീട് വ്യവസായ രംഗത്തെ മുന്‍നിരക്കാരാകുകയായിരുന്നു. ബിഹാറില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലേക്ക് താമസം മാറിയ സുബ്രത റോയുടെ കുടുംബം, 1990-കളില്‍ ലഖ്നൗവിലേക്ക് തന്റെ ഗ്രൂപ്പിന്റെ ആസ്ഥാനം മാറ്റുകയും ചെയ്തു.

സഹാറക്കെതിരെ സെബി

സഹാറ ഗ്രൂപ്പ് നേരിടുന്ന വിവിധ കേസുകളില്‍, സെബി 2011-ല്‍ സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (SIRECL), സഹാറ ഹൗസിംഗ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (SHICL) എന്നിവയ്ക്ക് ഓപ്ഷണലി ഫുള്ളി കണ്‍വേര്‍ട്ടബിള്‍ ബോണ്ടുകള്‍ (OFCDs) എന്നറിയപ്പെടുന്ന ചില ബോണ്ടുകള്‍ വഴി നിക്ഷേപകരില്‍ നിന്ന് സ്വരൂപിച്ച പണം തിരികെ നല്‍കാന്‍ ഉത്തരവിട്ടിരുന്നു. രണ്ട് സ്ഥാപനങ്ങളും നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് ഫണ്ട് സ്വരൂപിച്ചത്.

അപ്പീലുകളുടെയും ക്രോസ് അപ്പീലുകളുടെയും നീണ്ട നടപടിക്രമങ്ങള്‍ക്ക് ശേഷം, നിക്ഷേപകരില്‍ നിന്ന് ശേഖരിച്ച പണം 15 ശതമാനം പലിശ സഹിതം തിരികെ നല്‍കാന്‍ രണ്ട് സ്ഥാപനങ്ങളോടും ആവശ്യപ്പെട്ട സെബിയുടെ നിര്‍ദ്ദേശങ്ങള്‍ 2012 ഓഗസ്റ്റ് 31 ന് സുപ്രീം കോടതി ശരിവച്ചിരുന്നു.

നിക്ഷേപകര്‍ക്ക് കൂടുതല്‍ റീഫണ്ടിനായി 24,000 കോടി രൂപ സെബിയില്‍ നിക്ഷേപിക്കാന്‍ സഹാറയോട് ആവശ്യപ്പെട്ടിരുന്നു. ഇരട്ടി പേയ്‌മെന്റ് അടിസ്ഥാനത്തില്‍ ഈ തുക നിലനിര്‍ത്തിയ സഹാറ, 95 ശതമാനത്തിലധികം നിക്ഷേപകര്‍ക്ക് നേരിട്ട് റീഫണ്ട് നല്‍കിയിട്ടുണ്ട്.

ഇന്ത്യയില്‍ ഉടനീളം വ്യാപിച്ചുകിടക്കുന്ന മനുഷ്യ മൂലധനം ഉല്‍പാദനക്ഷമമാക്കുകയും കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കുകയും ചെയ്തുകൊണ്ടാണ് തങ്ങളുടെ ബിസിനസ്സ് കെട്ടിപ്പടുക്കുന്നതെന്ന് സഹാറ ഗ്രൂപ്പ് നേരത്തെ പറഞ്ഞിരുന്നു. സഹാറ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമുള്ള 14 ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കിയിരുന്നു. ഇന്ത്യന്‍ റെയില്‍വേ കഴിഞ്ഞാല്‍ രാജ്യത്തെ രണ്ടാമത്തെ വലിയ മനുഷ്യ മൂലധനമാണിത്. ഈ തുക കൂടുതല്‍ തൊഴിലും ജോലിയും സൃഷ്ടിക്കുന്നതിനും രാജ്യത്തെയും സമ്പദ് വ്യവസ്ഥയെയും സഹായിക്കുന്നതിനും ഓര്‍ഗനൈസേഷന്‍ ഉപയോഗിക്കാമായിരുന്നു,' കമ്പനി പറഞ്ഞിരുന്നു.

2004-ല്‍, ടൈം മാഗസിന്‍ സഹാറ ഗ്രൂപ്പിനെ ' ഇന്ത്യന്‍ റെയില്‍വേ കഴിഞ്ഞാല്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ തൊഴില്‍ദാതാവ് ' എന്ന് വിശേഷിപ്പിച്ചിരുന്നു. കൂടൊ ഇന്ത്യ ടുഡേയുടെ 2012-ലെ ഏറ്റവും സ്വാധീനമുള്ള പത്താമത്തെ ഇന്ത്യന്‍ വ്യവസായിയായി റോയിയെ തിരഞ്ഞെടുത്തിരുന്നു. ഇന്ത്യയിലുടനീളമുള്ള 5,000-ത്തിലധികം സ്ഥാപനങ്ങളിലൂടെ സഹാറ പ്രവര്‍ത്തിക്കുന്നു.

'സഹാറ ഇന്ത്യ പരിവാര്‍ മാനേജിംഗ് വര്‍ക്കറും ചെയര്‍മാനുമായ ഞങ്ങളുടെ ബഹുമാനപ്പെട്ട 'സഹറാശ്രീ' സുബ്രത റോയ് സഹാറയുടെ വിയോഗം സഹാറ ഇന്ത്യ പരിവാര്‍ അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു. അദ്ദേഹം പ്രചോദനാത്മക നേതാവും ദീര്‍ഘവീക്ഷണമുള്ള വ്യക്തിയുമായിരുന്നു അദ്ദേഹം. സഹാറശ്രീ ജി ഒരു വഴികാട്ടിയും ഉപദേശകനും ഒപ്പം പ്രവര്‍ത്തിക്കാന്‍ പദവിയുള്ള എല്ലാവര്‍ക്കും പ്രചോദനത്തിന്റെ ഉറവിടവുമായിരുന്നു. റോയിയുടെ പൈതൃകം ഉയര്‍ത്തിപ്പിടിക്കാന്‍ സഹാറ ഇന്ത്യ പരിവാര്‍ പ്രതിജ്ഞാബദ്ധമാണ്. സംഘടനയെ നയിക്കുന്നതില്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെ ബഹുമാനിക്കുന്നത് തുടരും ഈ നഷ്ടം മുഴുവന്‍ സഹാറ ഇന്ത്യ പരിവാറിനും ആഴത്തില്‍ അനുഭവപ്പെടും,' സഹാറ ഗ്രൂപ്പ് അറിയിച്ചു.

Tags:    

Similar News