പ്രതിരോധ മേഖലയില്‍ 100% എഫ്ഡിഐയുമായി സാബ്

  • 2015-ല്‍ ക്ലിയറന്‍സ് നിയമങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും ഇതുവരെ ഒരു വിദേശ കമ്പനിക്കും ഈ നേട്ടം ലഭിച്ചിരുന്നില്ല
  • സാബ് എഫ്എഫ് വി ഇന്ത്യ എന്ന പുതിയ കമ്പനി പുതുതായി രജിസ്റ്റര്‍ ചെയ്തു

Update: 2023-11-06 11:56 GMT

സ്വീഡനിലെ സാബിന് പ്രതിരോധമേഖലയില്‍ 100%നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് (എഫ്ഡിഐ) ഇന്ത്യ അനുമതി നല്‍കി. റോക്കറ്റുകള്‍ നിര്‍മ്മിക്കുന്ന പുതിയ സൗകര്യം സ്ഥാപിക്കാന്‍ അനുമതി നല്‍കിയതോടെയാണിത്.

500 കോടിയില്‍ താഴെ മൂല്യമുള്ള എഫ്ഡിഐ നിര്‍ദ്ദേശത്തിന് കഴിഞ്ഞ മാസം അനുമതി ലഭിച്ചതായി കമ്പനിവൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യ നിലവില്‍ പ്രതിരോധ മേഖലയില്‍ ഓട്ടോമാറ്റിക് റൂട്ടില്‍ 74% എഫ്ഡിഐ അനുവദിക്കുന്നു. അതിനപ്പുറം, ഓരോ കരാറിന്റെയും അടിസ്ഥാനത്തില്‍ ക്ലിയറന്‍സുകള്‍ ലഭിക്കും.

2015-ല്‍ ക്ലിയറന്‍സ് നിയമങ്ങളില്‍ ഇളവ് വരുത്തിയതിനുശേഷം ഇതുവരെ ഒരു വിദേശ കമ്പനിക്കും പ്രതിരോധത്തില്‍ 100% വിദേശ നിക്ഷേപത്തിന് അനുമതി നേടാന്‍ കഴിഞ്ഞിരുന്നില്ല.

ഇതിനെത്തുടര്‍ന്ന് സാബ് എഫ്എഫ് വി ഇന്ത്യ എന്ന പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്തു. കാള്‍-ഗസ്റ്റാഫ് എം4 സിസ്റ്റത്തിന്റെ ഏറ്റവും പുതിയ തലമുറയാണ് ഇവിടെ നിര്‍മ്മിക്കുക. ഹരിയാനയില്‍ വരാന്‍ സാധ്യതയുള്ള ഈ സൗകര്യത്തില്‍ നൂതന സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടും. തോളില്‍ തൊടുത്തുവിടുന്ന റോക്കറ്റുകള്‍ ഇതിനകം തന്നെ ഇന്ത്യന്‍ സായുധ സേനയുടെ വിപുലമായ ഉപയോഗത്തിലുണ്ട്. പ്രാദേശിക ഉല്‍പ്പാദനം ആരംഭിച്ചാല്‍ കയറ്റുമതി ചെയ്യാനും കഴിയും.

ഇന്ത്യയിലെ ഞങ്ങളുടെ നിര്‍മ്മാണ കേന്ദ്രത്തിനായി 100% നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ഇന്ത്യന്‍ ഗവണ്‍മെന്റ് അംഗീകാരം നല്‍കുന്ന ആദ്യത്തെ ആഗോള പ്രതിരോധ കമ്പനിയായതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു,' സാബ് ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മാറ്റ് പാംബര്‍ഗ് പറഞ്ഞു.

സ്വീഡന് പുറത്തുള്ള സാബിന്റെ ആദ്യ കാള്‍-ഗസ്റ്റാഫ് എം4 പ്രൊഡക്ഷന്‍ ലൈനാണിത്. അടുത്ത വര്‍ഷം നിര്‍മ്മാണം ആരംഭിക്കും. യുഎസ്, യൂറോപ്യന്‍, ഇന്ത്യന്‍ സായുധ സേനകള്‍ ഈ റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിക്കുന്നുണ്ട്. ഇത് ശത്രുക്കളുടെ ഉറപ്പുള്ള സ്ഥാനങ്ങള്‍, കവചങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവ തകര്‍ക്കാന്‍ ഉപയോഗിക്കുന്നു.

2016-ല്‍ ഫ്രഞ്ച് സ്ഥാപനമായ ഡിസിഎന്‍എസ് ഒരു ഇന്ത്യന്‍ ഉപസ്ഥാപനം സ്ഥാപിക്കുന്നതിന് 100% എഫ്ഡിഐക്ക് അനുമതി തേടുന്ന ആദ്യവിദേശകമ്പനിയായി. ഹൈ-എന്‍ഡ് ക്രിട്ടിക്കല്‍ ഡിഫന്‍സ് ടെക്‌നോളജി വികസിപ്പിക്കുന്നതിനായി ഡിസിഎന്‍എസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ 100 കോടി രൂപയിലധികം നിക്ഷേപിക്കുന്നതിന് അനുമതി തേടിയിരുന്നുവെങ്കിലും ആവശ്യമായ അനുമതികള്‍ ലഭിച്ചില്ല.

Tags:    

Similar News