സെപ്റ്റംബറില്‍ ഒന്‍പതുശതമാനം വളര്‍ച്ചയോടെ ചില്ലറ വ്യാപാര മേഖല

  • ദക്ഷിണമേഖലയില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തി
  • ദീപാവലിയോടനുബന്ധിച്ച് മികച്ച വ്യാപാരം നടക്കുമെന്ന് പ്രതീക്ഷ
  • സ്‌പോര്‍ട്‌സ് ഗുഡ്‌സ് വിഭാഗത്തില്‍ 14ശതമാനം വളര്‍ച്ച കൈവരിച്ചു

Update: 2023-10-26 13:05 GMT

ഉത്സവ സീസണിന് മുന്നോടിയായി കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് സെപ്റ്റംബര്‍ മാസത്തില്‍ ചില്ലറ വ്യാപാര മേഖ ഒന്‍പതുശതമാനം വളര്‍ച്ച രേഖപ്പെടുത്തി. റീട്ടെയിലേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ആര്‍എഐ) പുറത്തിറക്കിയ ഏറ്റവും പുതിയ ബിസിനസ് സര്‍വേയിലാണ് ഇക്കാര്യം വിശദമാക്കുന്നത്. ഓഗസ്റ്റിലും റീട്ടെയില്‍ ബിസിനസുകള്‍ സമാനമായ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.

സര്‍വേ അനുസരിച്ച്, ദക്ഷിണ മേഖല ഈ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി, 13 ശതമാനം വാര്‍ഷിക വളര്‍ച്ച ഇവിടെ റിപ്പോര്‍ട്ടുചെയ്തു. ഇത് പുതിയ സ്റ്റോര്‍ ഓപ്പണിംഗുകള്‍ക്ക് കാരണമായി. പടിഞ്ഞാറന്‍ മേഖല എട്ട് ശതമാനം വളര്‍ച്ച നേടിയപ്പോള്‍ കിഴക്കന്‍ മേഖല 7 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയിലെ റീട്ടെയിലര്‍മാര്‍ 6 ശതമാനം വില്‍പ്പന വളര്‍ച്ചയും കൈവരിച്ചു.

'2023 സെപ്റ്റംബറില്‍ റീട്ടെയിലര്‍മാര്‍ 9 ശതമാനം വളര്‍ച്ച കൈവരിച്ചു. ഉത്സവ സീസണ്‍ തീര്‍ച്ചയായും മികവ് പുലര്‍ത്തുന്നു. ദീപാവലിയോട് അടുക്കുമ്പോള്‍, വാങ്ങലുകളില്‍, പ്രത്യേകിച്ച് ആഘോഷ ഇനങ്ങളില്‍, ഒരു ഉയര്‍ച്ച പ്രതീക്ഷിക്കുന്നു',ആര്‍എഐ സിഇഒ കുമാര്‍ രാജഗോപാലന്‍ പറഞ്ഞു.

വിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍, ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ് (ക്യുഎസ്ആര്‍) വിഭാഗം 15 ശതമാനം വളര്‍ച്ച നേടി. 14 ശതമാനം വളര്‍ച്ചയോടെ ഫുഡ് & ഗ്രോസറി വിഭാഗം ഒട്ടും പിന്നിലല്ല. ജ്വല്ലറി വിഭാഗത്തിലെ വില്‍പ്പന 13 ശതമാനം ഉയര്‍ന്നു.

നടന്നുകൊണ്ടിരിക്കുന്ന ക്രിക്കറ്റ് സീസണ്‍ സ്പോര്‍ട്സ് ഗുഡ്സ് വിഭാഗത്തിന് വളരെയധികം പിന്തുണ നല്‍കുന്നു. വില്‍പ്പനയില്‍ ഏകദേശം 14 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്.

കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഇലക്ട്രോണിക്സ്, ബ്യൂട്ടി, വെല്‍നസ് വിഭാഗങ്ങള്‍ 9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ വസ്ത്ര വിഭാഗത്തില്‍ 8 ശതമാനവും പാദരക്ഷാ വിഭാഗത്തില്‍ നാലുശതമാനം വളര്‍ച്ചയും ഉണ്ടായി.

2022 സെപ്റ്റംബറിനെ അപേക്ഷിച്ച് 2023 സെപ്റ്റംബറില്‍ ഫര്‍ണിച്ചര്‍, ഫര്‍ണിഷിംഗ് വിഭാഗങ്ങളിലെ വില്‍പ്പന 6 ശതമാനം ഉയര്‍ന്നു.

Tags:    

Similar News