പാം ഓയില്‍ ഇറക്കുമതി 27 മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

  • ലോകത്തിലെ തന്നെ ഏറ്റവും വലിയ സസ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ
  • പരമ്പരാഗതമായി ഇന്ത്യയുടെ സസ്യ എണ്ണ ഇറക്കുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും പാം ഓയില്‍ ആണ്
  • ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും പാംഓയില്‍ ഇറക്കുമതി ചെയ്യുന്നത്

Update: 2023-06-06 06:44 GMT

ഇന്ത്യയുടെ പാം ഓയില്‍ ഇറക്കുമതി മെയ് മാസത്തില്‍ 27 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. താരതമ്യേന വില കുറവായ സോയ ഓയില്‍, സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവയിലേക്ക് ഉപഭോക്താക്കള്‍ തിരിഞ്ഞതോടെയാണ് പാം ഓയില്‍ ഇറക്കുമതിയില്‍ ഇടിവ് വന്നത്.

ഈ വര്‍ഷം ഏപ്രിലിലെ 510,094 ടണ്ണില്‍ നിന്ന് ഇറക്കുമതി 14 ശതമാനം കുറഞ്ഞ് മെയ് മാസം ഇന്ത്യയുടെ പാമോയില്‍ ഇറക്കുമതി 441,000 ടണ്ണിലെത്തി. 2021 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഇറക്കുമതി കൂടിയായിരുന്നു മെയ് മാസത്തിലേത്.

ലോകത്തിലെ മുന്‍നിര പാംഓയില്‍ ഉത്പാദകരായ ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും പാംഓയില്‍ ഇറക്കുമതി ചെയ്യുന്നത്. അര്‍ജന്റീന, ബ്രസീല്‍, റഷ്യ, ഉക്രൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് സണ്‍ഫ്‌ളവര്‍ ഓയിലും, സോയ ഓയിലും ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.

മെയ് മാസത്തില്‍ ഇന്ത്യയുടെ സണ്‍ഫ്‌ളവര്‍ ഓയില്‍ ഇറക്കുമതി ഒരു മാസം മുമ്പുള്ളതില്‍ നിന്ന് 28 ശതമാനം ഉയര്‍ന്ന് 319,00 ടണ്ണായി. സോയ ഓയില്‍ ഇറക്കുമതി 10 ശതമാനം ഉയര്‍ന്ന് 290,000 ടണ്ണിലുമെത്തി.

ലോകത്തിലെ തന്നെ ഏറ്റവും വലിയ സസ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യയുടെ പാം ഓയില്‍ ഇറക്കുമതി എല്ലാവരെയും അത്ഭുതപ്പെടുത്തും വിധമാണ് കുറഞ്ഞത്. ഇത് പാം ഓയിലിന്റെ വില കുറയാന്‍ കാരണമാകുമെന്നു കരുതുന്നുണ്ട്.

പാം ഓയിലിന്റെ രണ്ട് വലിയ ആഗോള ഉത്പാദകരായ മലേഷ്യയും ഇന്തോനേഷ്യയും വിപണി വിഹിതം വീണ്ടെടുക്കാന്‍ പാം ഓയില്‍ വില കുറച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

പരമ്പരാഗതമായി ഇന്ത്യയുടെ സസ്യ എണ്ണ ഇറക്കുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും പാം ഓയില്‍ ആണ്. 2022 ഒക്ടോബര്‍ മുതല്‍ 2023 ജനുവരി വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ പാം ഓയില്‍ ഇറക്കുമതി മികച്ചതായിരുന്നു. പക്ഷേ, ഡിമാന്‍ഡ് കുറഞ്ഞതോടെ ഫെബ്രുവരിയില്‍ വാങ്ങല്‍ വെട്ടിക്കുറയ്ക്കുകയായിരുന്നു.

മെയ് മാസത്തില്‍ വലിയ അളവില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനിരുന്ന പാം ഓയിലിന്റെ ഓര്‍ഡര്‍ ഏപ്രിലില്‍ റദ്ദ് ചെയ്യുകയുമുണ്ടായി.

Tags:    

Similar News